മുംബൈ : റഷ്യയുടെ നാവിക സേനാദിനാഘോഷങ്ങളില്‍ ഐ.എന്‍.എസ് തബര്‍ പങ്കെടുക്കുമെന്നറിയിച്ച് ഇന്ത്യ. ജൂലൈ 25 ഞായറാഴ്ചയാണ് റഷ്യ നേവി ദിനം ആചരിക്കുക. ഈ മാസം 22 മുതൽ 27 വരെ ആഘോഷത്തിന്‍റെ ഭാഗമാകുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഇതോടൊപ്പം, വിവിധ രാജ്യങ്ങളുടെ നാവിക സേനകളുമായി ചേര്‍ന്ന് സംയുക്ത സൗഹൃദ അഭ്യാസങ്ങളും നടത്തുമെന്നും പത്രക്കുറിപ്പില്‍ അറിയിച്ചു.
കരുത്തുറ്റ സൗഹൃദത്തിന്, സംയുക്താഭ്യാസം
ആഫ്രിക്കയിലെയും യൂറോപ്പിലെയും നാവികസേനകള്‍ക്കൊപ്പമാണ് രാജ്യം സംയുക്ത അഭ്യാസങ്ങളുടെ ഭാഗമാകുക. സൗഹൃദ രാഷ്ട്രങ്ങളുമായുള്ള സൈനിക സഹകരണം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി ഇന്ത്യൻ നാവികസേന കപ്പലായ തബർ, ഈ വര്‍ഷം ജൂൺ 13 നാണ് സമുദ്രത്തില്‍ വിന്യസിച്ചത്. സെപ്റ്റംബർ അവസാനം വരെ ആഫ്രിക്കയിലെയും യൂറോപ്പിലെയും നിരവധി തുറമുഖങ്ങൾ തബര്‍ സന്ദർശിക്കുമെന്നാണ് വിവരം.
ഐ.എൻ.എസ് വിക്രാന്ത് വരും വർഷം
തുറമുഖ സന്ദർശന വേളകളില്‍ വിവിധ തരത്തിലുള്ള ഇടപെടലുകള്‍ നടത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി. അതേസമയം, രാജ്യത്ത് നിർമിക്കുന്ന ആദ്യ വിമാനവാഹിനിപ്പടക്കപ്പലായ ഐ.എൻ.എസ് വിക്രാന്ത് അടുത്ത വർഷം കമ്മിഷൻ ചെയ്യുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് കഴിഞ്ഞ ദിവസം പറഞ്ഞു.
ALSO READ: 12 കോടിയുടെ മയക്കുമരുന്ന് വേട്ട ; ഹോംഗാര്‍ഡിന് പൊലീസ് സേനയില്‍ നിയമനം
നിലവില്‍ കൊച്ചി കപ്പൽശാലയിൽ അവസാനഘട്ട പണികളിലാണ്. നിർമാണ പുരോഗതി വിലയിരുത്താന്‍ സ്ഥലം സന്ദര്‍ശിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.