ന്യൂഡല്‍ഹി : പഞ്ചാബില്‍ ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യാത്രയില്‍ സുരക്ഷാവീഴ്‌ചയുണ്ടായ സംഭവത്തില്‍ പൊലീസ് ക്രമീകരണങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കണമെന്ന് ആവശ്യം. സുരക്ഷാവീഴ്ചയില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകരുടെ സംഘടനയായ ലോയേഴ്‌സ് വോയ്‌സ് സമർപ്പിച്ച ഹർജിയിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
പൊലീസ് ബന്ദവസിനെക്കുറിച്ച് ശാസ്ത്രീയവും ഫലപ്രദവുമായ അന്വേഷണം വേണം. ജില്ല ജഡ്ജിയെ രേഖകളെടുക്കാന്‍ ചുമതലപ്പെടുത്തണമെന്നും ഹര്‍ജിയിലുണ്ട്. സുരക്ഷാലംഘനം മനഃപൂർവമാണെന്നും ദേശീയ സുരക്ഷയെയും നിലവിലെ സംസ്ഥാന സർക്കാർ അധികാരികളുടെ പങ്കിനെയും കുറിച്ച് സംശയങ്ങളുണ്ടെന്നും ഹര്‍ജിക്കാര്‍ ആരോപിക്കുന്നു.
ഫിറോസ്‌പൂരില്‍ കര്‍ഷക പ്രതിഷേധത്തെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ഇരുപത് മിനിട്ട് ഫ്‌ളൈഓവറിൽ കുടുങ്ങിയിരുന്നു. വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന ആവശ്യം സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും.
സുരക്ഷാവീഴ്ച കാരണം റാലി ഉൾപ്പടെ ഒരു പരിപാടിയിലും പങ്കെടുക്കാതെ പ്രധാനമന്ത്രി പഞ്ചാബിൽ നിന്ന് മടങ്ങുകയും ചെയ്‌തു. വിഷയത്തില്‍ ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സർക്കാരിനോട് നിർദേശിച്ചിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ സന്ദർശന വേളയിൽ സുരക്ഷാനടപടി ക്രമങ്ങൾ ലംഘിച്ചത് അംഗീകരിക്കാനാകില്ലെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രതികരണം.