മുംബൈ : തന്‍റെ ജീവിതത്തെക്കുറിച്ച് പുസ്‌തകം എഴുതുമെന്ന് ഷീന ബോറ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിൽവാസത്തിന് ശേഷം കഴിഞ്ഞദിവസം ജാമ്യം കിട്ടി പുറത്തിറങ്ങിയ ഇന്ദ്രാണി മുഖർജി. ആറര വർഷത്തെ ജയിൽവാസത്തിന് ശേഷമാണ് ഇന്ദ്രാണി മുഖർജി മുംബൈയിലെ ബൈക്കുള ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. കേസിൽ ദീർഘകാലമായി പ്രതി ജയിലിലാണെന്നും അതിനാൽ നിയമപരമായി അവർക്ക് ജാമ്യത്തിന് അർഹതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി നടപടി.
ജയിലിൽ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച ഇന്ദ്രാണി മുഖർജി ജീവിതത്തെ കുറിച്ച് ഒരു പുസ്‌തകം എഴുതുന്നുണ്ടെന്നും എന്നാൽ എത് തന്‍റെ ജയിൽവാസത്തെ കുറിച്ചല്ലെന്നും പറഞ്ഞു. 'പുറത്തിറങ്ങിയതിൽ വളരെ സന്തോഷമുണ്ട്. നീതിന്യായ വ്യവസ്ഥയിലുള്ള തന്‍റെ വിശ്വാസം തിരികെ വന്നു. രാജ്യത്തെ നിയമങ്ങള്‍ എല്ലാവരും ബഹുമാനിക്കണം. നീതി കിട്ടുന്നത് ചിലപ്പോള്‍ വൈകിയേക്കാം. പക്ഷെ, നീതി നടപ്പാകും ’ - ഇന്ദ്രാണി മുഖര്‍ജി പ്രതികരിച്ചു.
2012ൽ മുൻ ഭർത്താവ് സഞ്ജയ് ഖന്ന, ഡ്രൈവർ ശ്യാംവർ റായ് എന്നിവർക്കൊപ്പം ചേർന്ന് മകൾ ഷീന ബോറയെ കൊലപ്പെടുത്തി എന്നാണ് ഇന്ദ്രാണി മുഖർജിക്കെതിരെയുള്ള കേസ്. ഷീന ബോറയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വനപ്രദേശത്ത് കൊണ്ടുപോയി കത്തിച്ചുകളയുകയായിരുന്നു. 2015ൽ കൊലപാതകം പുറത്തുവന്നു. കേസിൽ സ്റ്റാർ ഇന്ത്യ മുൻ മേധാവിയും ഇന്ദ്രാണിയുടെ രണ്ടാം ഭർത്താവുമായിരുന്ന പീറ്റർ മുഖർജിയും അറസ്റ്റിലായിരുന്നു. എന്നാൽ പീറ്റർ മുഖർജിക്ക് ബോംബെ കോടതി പിന്നീട് ജാമ്യം അനുവദിച്ചിരുന്നു.