ന്യൂഡൽഹി: മദ്യലഹരിയിൽ ഡൽഹി-ബെംഗളൂരു ഇൻഡിഗോ വിമാനത്തിന്‍റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചയാൾക്കെതിരെ കേസ്. ഡൽഹിയിൽ നിന്ന് ബെംഗളൂരുവിലേക്ക് പോയ 6E 308 ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരനായ പ്രതീക് (40) എന്നയാൾക്കെതിരെയാണ് പൊലീസ് കേസ് എടുത്തത്. കാൺപൂർ നിവാസിയായ പ്രതീക് ഒരു ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിൽ മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവായി ജോലി ചെയ്യുകയാണ്.
'ഡൽഹിയിൽ നിന്ന് ബെംഗളൂരുവിലേക്ക് 6E 308 വിമാനത്തിൽ യാത്ര ചെയ്‌ത ഒരു യാത്രക്കാരൻ മദ്യലഹരിയിൽ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചു. തുടർന്ന് യാത്രക്കാരന് ഉചിതമായ മുന്നറിയിപ്പ് നൽകുകയും ബെംഗളൂരുവിൽ വിമാനം ഇറങ്ങിയപ്പോൾ തന്നെ യാത്രക്കാരനെ സിഐഎസ്എഫിന് കൈമാറുകയും ചെയ്‌തു' എന്ന് ഇൻഡിഗോയുടെ ഔദ്യോഗിക പ്രസ്‌താവനയിൽ പറയുന്നു.
ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 336 (മറ്റുള്ളവരുടെ ജീവനോ വ്യക്തിഗത സുരക്ഷയോ അപകടപ്പെടുത്തുന്ന നിയമം), 290 (പൊതു ശല്യം), എയർക്രാഫ്റ്റ് ആക്‌ട് 1934 ന്‍റെ 11A (നിർദ്ദേശങ്ങൾ മനഃപൂർവ്വം പാലിക്കാത്തത്) എന്നീ വകുപ്പുകൾ പ്രകാരം പ്രതീകിനെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
Also read: ഇന്‍ഡിഗോ വിമാനത്തില്‍ എമര്‍ജന്‍സി വാതില്‍ തുറന്ന സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ
യാത്രക്കാരുടെ അപമര്യാദകൾ: മാർച്ച് 30ന് വിമാനത്തിലെ ശുചിമുറിയിൽ പുകവലിച്ച യാത്രക്കാരനെയും പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ബിഹാർ സ്വദേശി കൃഷ്‌ണ കുമാറാണ് അറസ്റ്റിലായത്. മുംബൈയിൽ ഇൻഡിഗോ വിമാനത്തിൽ ഗൊരഖ്‌പൂരിലേക്ക് പോകവേയാണ് ഇയാൾ ശുചിമുറിയിൽ കയറി പുകവലിച്ചത്.
ശുചിമുറിയിൽ പുകനിറഞ്ഞതോടെ തീപിടിത്തം ഉണ്ടായതായി സൂചിപ്പിച്ച് വിമാനത്തിലെ ഫയർ അലാറം മുഴങ്ങി. വിമാനത്തിൽ തീ പടർന്നു എന്ന് കരുതി യാത്രക്കാർ പരിഭ്രാന്തരായി. എന്നാൽ സിഗരറ്റ് വലിച്ചതാണ് അലാറം മുഴങ്ങാൻ കാരണമെന്ന് ജീവനക്കാർ കണ്ടെത്തി. ഇതോടെ സിഗരറ്റ് ഉപേക്ഷിക്കാൻ ജീവനക്കാർ കൃഷ്‌ണ കുമാറിനോട് ആവശ്യപ്പെടുകയും ഫയർ അലാറം പ്രവർത്തന രഹിതമാക്കുകയും ചെയ്‌തു.
എയർലൈനിന്‍റെ പരാതിയെ തുടർന്ന് ഇയാൾക്കെതിരെ കേസ് എടുത്ത് പൊലീസ് അറസ്റ്റ് ചെയ്‌തു. എന്നാൽ വിമാനത്തിൽ കയറുന്നതിന് മുൻപ് തന്നെ പരിശോധിച്ചിരുന്നില്ലെന്നും അതുകൊണ്ടാണ് തനിക്ക് സിഗരറ്റും ലൈറ്ററും കൈയിൽ സൂക്ഷിക്കാൻ കഴിഞ്ഞതെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.
Also read: വിമാനത്തിലെ ശുചിമുറിയില്‍ പുകവലിച്ചു ; ബിഹാര്‍ സ്വദേശി അറസ്റ്റില്‍
ആദ്യമല്ല ശുചമുറിയിലെ സിഗരറ്റ് വലി: ഇതിന് മുൻപ് സമാന സംഭവത്തിൽ ഒരു യുവതിയെയും പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. പശ്ചിമ ബംഗാൾ സ്വദേശിയായ പ്രിയങ്ക ചക്രവർത്തിയാണ് അറസ്റ്റിലായത്. ഈ സംഭവവും ഇൻഡിഗോ വിമാനത്തിൽ തന്നെയായിരുന്നു.
കൊൽക്കത്തയിൽ നിന്ന് ബെംഗളൂരുവിലേക്ക് പോയ വിമാനത്തിന്‍റെ ശുചിമുറിയിൽ കയറി യുവതി സിഗരറ്റ് വലിക്കുകയായിരുന്നു. ബെംഗളൂരുവിൽ എത്താൻ 30 മിനിട്ട് മാത്രം ബാക്കി നിൽക്കെയാണ് യുവതി വിമാനത്തിലിരുന്ന് സിഗരറ്റ് വലിച്ചത്. ശുചിമുറിയിൽ നിന്ന് പുക ഉയരുന്നത് കണ്ട ജീവനക്കാർ നടത്തിയ പരിശോധനയിലാണ് യുവതി സിഗരറ്റ് വലിക്കുകയാണെന്ന് കണ്ടെത്തിയത്.
ജീവനക്കാർ വാതിൽ തള്ളിത്തുറന്നതോടെ യുവതി സിഗരറ്റ് ഡസ്റ്റ്ബിന്നിൽ ഉപേക്ഷിച്ചു. ബെംഗളൂരുവിൽ എത്തിയ ശേഷം യുവതിക്കെതിരെ പൊലീസ് കേസെടുത്തു.