ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചവരുടെ എണ്ണം 153 ആയി. മഹാരാഷ്ട്രയില്‍ ആറും ഗുജറാത്തില്‍ നാലും ഒമിക്രോണ്‍ കേസുകള്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്ര 54, ഡല്‍ഹി 22, രാജസ്ഥാന്‍ 17, കര്‍ണാടക 14, തെലങ്കാന 20, ഗുജറാത്ത് 11, കേരള 11, ആന്ധ്രപ്രദേശ് 1, ചണ്ഡീഗഢ് 1, തമിഴ്‌നാട് 1, പശ്ചിമബംഗാള്‍ 1 എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളിലെ ഒമിക്രോൺ കേസുകളുടെ എണ്ണം.
മഹാരാഷ്ട്രയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ച ആറ് പേരില്‍ രണ്ട് പേര്‍ ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയില്‍ നിന്ന് വന്നവരാണ്. രണ്ട് പേര്‍ ഇംഗ്ലണ്ടില്‍ നിന്നും ഒരാള്‍ ഗള്‍ഫ് രാജ്യത്തില്‍ നിന്നും വന്നവരാണ്. ഈ അഞ്ച് പേരും കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവരാണ്.
അഞ്ച് വയസുള്ള കുട്ടിയും ഇന്നലെ മഹാരാഷ്ട്രയില്‍ നിന്ന് കൊവിഡ് സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഈ കുട്ടിക്ക് ദുബായില്‍ നിന്നും വന്നവരുമായി സമ്പര്‍ക്കം ഉണ്ടായിരുന്നതായി അധികൃതര്‍ വ്യക്തമാക്കി. മഹാരാഷ്ട്രയില്‍ ഇതുവരെ സ്ഥിരീകരിച്ച 54 ഒമിക്രോണ്‍ കേസുകളില്‍ 22 പേര്‍ മുംബൈയില്‍ നിന്നുള്ളവരാണ്.
ഗുജറാത്തില്‍ പുതുതായി ഒമിക്രോണ്‍ സ്ഥിരീകരിച്ചവരില്‍ ടാന്‍സാനിയില്‍ നിന്നും യു.കെയില്‍ നിന്ന് വന്നവരും ഉള്‍പ്പെടുന്നു. ദക്ഷിണാഫ്രിക്കയില്‍ കഴിഞ്ഞ നവംബര്‍ 24നാണ് ആദ്യമായി ഒമിക്രോണ്‍ വകഭേദം കണ്ടെത്തുന്നത്. ഇന്ത്യയില്‍ കര്‍ണാടകയിലാണ് കഴിഞ്ഞ ഡിസംബര്‍ 2ന് ഒമിക്രോണ്‍ വകഭേദം ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഡെല്‍റ്റ വകഭേദത്തേക്കാളും വ്യാപനശേഷി കൂടുതലുള്ള വകഭേദമാണ് ഒമിക്രോണ്‍ എന്നാണ് പ്രാഥമിക പഠനത്തിലെ കണ്ടെത്തല്‍.