ന്യൂഡൽഹി: കൊവിഡ് വാക്‌സിൻ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ട് വച്ച അഞ്ച് നിർദേശങ്ങൾക്ക് പാകിസ്ഥാൻ ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളുടെ പ്രശംസ.വ്യാഴാഴ്‌ച സംഘടിപ്പിച്ച കൊവിഡ് മനേജ്‌മെന്‍റ്:എക്‌സ്‌പീരിയൻസ്, ഗുഡ് പ്രാക്‌ടീസ്, വേ ഫോർവേഡ് എന്ന വർക്‌ഷോപ്പിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
അടിയന്തര സാഹചര്യങ്ങളിൽ ഡോക്ടർമാർക്കും നഴ്‌സുമാർക്കും വിദേശ രാജ്യങ്ങളിലേക്ക് പോകുന്നതിനുള്ള വിസ നൽകണമെന്ന് ഉൾപ്പെടെയുള്ള നിർദേശങ്ങളാണ് പ്രധാനമന്ത്രി മുന്നോട്ട് വച്ചത്. ഒപ്പം രാജ്യത്തെ സിവിൽ ഏവിയേഷൻ മന്ത്രാലയങ്ങൾക്ക് പ്രാദേശിക ആംബുലൻസ് കരാർ ഏകോപിപ്പിക്കാൻ കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു. അഫ്‌ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ഭൂട്ടാൻ, മാലിദ്വീപ്, മൗറീഷ്യസ്, നേപ്പാൾ, പാകിസ്ഥാൻ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളായിരുന്നു വർക്‌ഷോപ്പിൽ പങ്കെടുത്തത്.
പകർച്ചവ്യാധികൾക്കെതിരെ പോരാടുന്നതിന് പ്രാദേശിക അടിസ്ഥാനത്തിൽ സഹകരണം ആവശ്യമാണെന്ന് എല്ലാ രാജ്യങ്ങളും വ്യക്തമാക്കി. അതേ സമയം കൊവിഡ് വാക്‌സിൻ, മറ്റ് മരുന്നുകൾ, ഉപകരണങ്ങൾ, പരിശീലനം എന്നിവയ്‌ക്ക് പാകിസ്ഥാൻ ഒഴികെയുള്ള രാജ്യങ്ങൾ നന്ദി അറിയിക്കുകയും ചെയ്തു.