ഹസ്സന്‍ (കര്‍ണാടക): ഇൻഫ്ലുവൻസ വൈറസിന്‍റെ ഉപവകഭേദമായ എച്ച് 3 എൻ 2 വൈറസ് രാജ്യത്ത് വ്യാപിക്കുന്നു. എച്ച് 3 എൻ 2 വൈറസ് മൂലമുണ്ടാകുന്ന ഇൻഫ്ലുവൻസ ബാധിച്ച് രണ്ട് പേർ മരിച്ചതായി ഔദ്യോഗിക റിപ്പോർട്ട് വന്നു. സാഹചര്യം പരിഗണിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉന്നതല യോഗംചേർന്നു. ഒരാൾ ഹരിയാനയിലും മറ്റൊരാൾ കർണാടകയിലുമാണ് മരിച്ചത്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെ (ഐസിഎംആർ) മുന്നറിയിപ്പ് പ്രകാരം മറ്റ് ഉപവകഭേദങ്ങളെ അപേക്ഷിച്ച് എച്ച് 3 എൻ 2 വൈറസ് അപകടകാരിയാണ്. ജാഗ്രത പാലിക്കണമെന്നും ആരോഗ്യ മന്ത്രാലയത്തിന്‍റെ നിർദേശമുണ്ട്.
രാജ്യത്ത് ഇതിനോടകം 90 എച്ച് 3 എൻ 2 വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ഇതിനൊപ്പം എട്ട് എച്ച്1 എൻ1 കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 'ഹോങ്കോംഗ് ഫ്ലൂ' എന്നും അറിയപ്പെടുന്ന എച്ച് 3 എൻ 2 വൈറസ് ആണ് നിലവിൽ അണുബാധ ഉണ്ടാകുന്നത്. ഇന്ത്യയിൽ ഇതുവരെ എച്ച് 3 എൻ 2, എച്ച് 1 എൻ 1 അണുബാധകൾ മാത്രമേ കണ്ടെത്തിയിട്ടുള്ളൂ. ഇതാദ്യമായാണ് ഈ വൈറസ് ഭേദഗതി.
പനി, ജലദോഷം, ചുമ, ശ്വാസതടസ്സം, ശ്വാസംമുട്ടല്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. ഓക്കാനം, തൊണ്ടവേദന, ശരീരവേദന, വയറിളക്കം എന്നിവയും രോഗം ബാധിച്ചവരിൽ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ ഒരാഴ്‌ചയോളം നീണ്ടുനില്‍ക്കുന്നുണ്ട്.
എച്ച്3എൻ2 ബാധിച്ച് കർണാടകയിൽ 85കാരൻ മരിച്ചു: എച്ച് 3എൻ 2 ബാധിച്ച് ഹസ്സൻ സ്വദേശിയായ 85 കാരൻ മരിച്ചു. എച്ച് 3 എൻ 2 ബാധിച്ച് കർണാടകയിലെ ആദ്യ മരണമാണിത്. മരണകാരണം എച്ച് 3 എൻ 2 ആണെന്ന് റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് ആരോഗ്യ വകുപ്പ് കമ്മിഷണർ ഡി രൺദീപ് വാർത്ത സ്ഥിരീകരിച്ചു. മാർച്ച് ഒന്നിനാണ് മരണം സംഭവിച്ചത്.
സംസ്ഥാനത്ത് ഇതിനകം 50 ലധികം എച്ച് 3എൻ 2 കേസുകൾ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. ഹസ്സനിലാണ് ആദ്യ വ്യക്തി അണുബാധയ്ക്ക് കീഴടങ്ങിയതെന്ന് കമ്മിഷണർ സ്ഥിരീകരിച്ചു. സാഹചര്യം കണക്കിലെടുത്ത് 60 വയസ്സിനു മുകളിലുള്ളവരെ പ്രത്യേകം നിരീക്ഷിക്കാനാണ് ആരോഗ്യവകുപ്പിന്‍റെ തീരുമാനം. ആരും സ്വമേധയാ ചികിത്സിക്കാൻ പാടില്ലെന്നും ഡോക്‌ടറുടെ സേവനം തേടണമെന്നും കമ്മിഷണർ പറഞ്ഞു.
മന്ത്രി കൂടിക്കാഴ്‌ച നടത്തി: ആരോഗ്യമന്ത്രി കെ സുധാകർ എച്ച് 3 എൻ 2 വൈറസ് ബാധയുമായി ബന്ധപ്പെട്ട് വിദഗ്‌ധരുമായി പ്രത്യേക യോഗം ചേർന്നു. വിദഗ്‌ധ ഡോക്‌ടർമാരും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയം എല്ലാ സംസ്ഥാനങ്ങൾക്കും നോട്ടിസ് നൽകിയതിന് പിന്നാലെയാണ് യോഗം.
എച്ച് 3 എൻ 2 വൈറസ് അപകടകരമല്ലെന്ന് കൂടിയാലോചനയ്ക്ക് ശേഷം മന്ത്രി പറഞ്ഞു. എന്നിരുന്നാലും, മുൻകരുതൽ നടപടികൾ ആവശ്യമാണ്. സംസ്ഥാനത്ത് ഇതുവരെ കുറച്ച് കേസുകൾ ആണ് റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. രാജ്യത്ത് കൂടുതൽ എച്ച് 3 എൻ 2 അണുബാധകൾ റിപ്പോർട്ട് ചെയ്യുന്നതിനാൽ ജനങ്ങൾ ആശങ്കയിലാണ്. ഇതുമായി ബന്ധപ്പെട്ട വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായുള്ള ചർച്ചയും യോഗത്തിൽ നടത്തി. പരിഭ്രാന്തരാകേണ്ട കാര്യമില്ല എന്നും മുൻകരുതൽ നടപടികൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.