ന്യൂഡൽഹി: 10 സംസ്ഥാനങ്ങളിൽ നിന്നാണ് ഇന്ത്യയിലെ കൊവിഡ് മരണങ്ങളിലെ 86%വും റിപ്പോർട്ട് ചെയ്യുന്നതെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. ഇതിൽ പകുതിയിലധികം മരണങ്ങളും റിപ്പോർട്ട് ചെയ്തത് മഹാരാഷ്ട്ര, ഡൽഹി, ഛത്തീസ്‌ഗഡ് എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ്. 24 മണിക്കൂറിനുള്ളിൽ 1,341 മരണങ്ങളാണ് ഇന്ത്യയിൽ ആകെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ (398) റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഡൽഹി (141), ഛത്തീസ്ഗഡ് (138), ഉത്തർപ്രദേശ് (103), ഗുജറാത്ത് (94), കർണാടക (78), മധ്യപ്രദേശ് (60), ഛാർഖണ്ഡ് (56), പഞ്ചാബ് (50) തമിഴ്‌നാട് (33) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനത്തെ കണക്കുകൾ.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ലഡാക്ക് , ത്രിപുര, സിക്കിം, മിസോറം, മണിപ്പൂർ, ലക്ഷദ്വീപ്, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ കൊവിഡ് മരണം റിപ്പോർട്ട് ചെയ്തിട്ടില്ല.
2,34,692 പുതിയ കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രേഖപ്പെടുത്തിയത്. ഇതോടെ ഇന്ത്യയിലെ ആകെ സജീവ കേസുകളുടെ എണ്ണം 16,79,740 ലേക്കെത്തി. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഡൽഹി, ഛത്തീസ്ഗഡ്, കർണാടക, മധ്യപ്രദേശ്, കേരളം, ഗുജറാത്ത്, തമിഴ്നാട്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലാണ് ആകെ കേസുകളുടെ 79.32 ശതമാനവും രേഖപ്പെടുത്തിയിട്ടുള്ളത്.
ആകെ സജീവ കേസുകളിലെ 65.02 ശതമാനവും മഹാരാഷ്ട്ര, ഛത്തീസ്‌ഗഡ്, ഉത്തർപ്രദേശ്, കർണാടക, കേരളം എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് രേഖപ്പെടുത്തിയത്. ഇതിൽ 38.09 ശതമാനം കേസുകളും മഹാരാഷ്ട്രയിലാണ്.
63,729 കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മഹാരാഷ്ട്രയിൽ രേഖപ്പെടുത്തിയത്. ഉത്തർപ്രദേശിൽ 27,360 ഉം ഡൽഹിയിൽ 19,486ഉം കേസുകൾ റിപ്പോർട്ട് ചെയ്തു. 1,23,354 പേർ രോഗമുക്തരായതോടെ ആകെ രോഗമുക്തരുടെ എണ്ണം 1,26,71,220 ആയി.
കൂടുതൽ വായനക്ക്:തുടര്‍ച്ചയായി മൂന്നാം ദിനവും രണ്ട് ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് രോഗികൾ