അൽവാർ (രാജസ്ഥാൻ): താൻ ഉടൻ വീട്ടിലേക്ക് മടങ്ങുമെന്ന് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനെ തേടി പാകിസ്ഥാനില്‍ എത്തിയ ഇന്ത്യന്‍ യുവതി അഞ്ജു (34). താൻ വീട്ടിലേക്ക് മടങ്ങുമെന്ന് പറയുന്ന വീഡിയോ സന്ദേശം അഞ്ജു പുറത്തുവിട്ടു. രാജസ്ഥാനിലെ ഭിവണ്ഡി സ്വദേശിയാണ് വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമായ അഞ്ജു. ഫേസ്ബുക്കിലൂടെ സൗഹൃദത്തിലായ യുവാവിനെ തേടി പാകിസ്ഥാന്‍റെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്‌തൂൺഖ്വയിലാണ് ഇവർ എത്തിയത്.
നിയമവിരുദ്ധമായി ഇന്ത്യയിൽ പ്രവേശിച്ച പാകിസ്ഥാൻകാരിയും നാല് കുട്ടികളുടെ അമ്മയുമായ സീമ ഹൈദറിന്‍റെ വാർത്ത അടുത്തിടെ പുറത്തുവന്നിരുന്നു. ഇതിന് സമാനമായാണ് അഞ്ജു സുഹൃത്തിനെ തേടി അതിർത്തി കടന്ന് പാകിസ്ഥാനിൽ എത്തിയത്.
അതേസമയം ജയ്‌പൂരിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് അഞ്ജു വീട് വിട്ട് ഇറങ്ങിയതെന്നാണ് ഭര്‍ത്താവ് അരവിന്ദ് മാധ്യമങ്ങളോട് വ്യക്തമാക്കിയത്. ഇപ്പോഴിതാ താൻ നാട്ടിലേക്ക് ഉടൻ മടങ്ങുമെന്ന് അറിയിച്ചിരിക്കുകയാണ് അഞ്ജു. തന്‍റെ പക്കൽ കൃത്യമായ രേഖകൾ ഉള്ളതിനാൽ ഉടൻ വീട്ടിലേക്ക് മടങ്ങുമെന്നാണ് അഞ്ജു വീഡിയോ സന്ദേശത്തിൽ പറയുന്നത്. കൂടാതെ താനുമായി ബന്ധപ്പെട്ട കാര്യങ്ങൾ തന്‍റെ കുടുംബത്തോടോ മക്കളോടോ മാധ്യമങ്ങൾ ചോദിക്കരുതെന്നും ഇവർ വീഡിയോയിലൂടെ അഭ്യർഥിച്ചു.
'ദയവായി എന്‍റെ കുടുംബാംഗങ്ങളെയും കുട്ടികളെയും ശല്യപ്പെടുത്തുകയോ അവരെ ചോദ്യം ചെയ്യുകയോ ചെയ്യരുത്. ഇന്ത്യൻ മാധ്യമങ്ങളോടുള്ള എന്‍റെ ഒരേയൊരു അഭ്യർഥനയാണിത്. നിങ്ങൾക്ക് എന്ത് അറിയണമെങ്കിലും എന്നെ നേരിട്ട് ബന്ധപ്പെടാം. എപ്പോൾ വേണമെങ്കിലും നിങ്ങൾക്കെന്നെ ബന്ധപ്പെടാം. നിങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കും ഞാൻ ഉത്തരം നൽകും"- അവർ വീഡിയോയില്‍ വ്യക്തമാക്കി.
'ഡോക്യുമെന്‍റ് വെരിഫിക്കേഷൻ അടക്കം എല്ലാം കഴിഞ്ഞ് നിയമപരമായാണ് ഞാൻ ഇവിടെ വന്നിരിക്കുന്നത്. രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ അല്ല, മറിച്ച് കൃത്യമായി പ്ലാൻ ചെയ്‌താണ് ഇവിടെ എത്തിയത്. അത് അത്ര എളുപ്പവും ആയിരുന്നില്ല. ഞാൻ ഇവിടെ സുരക്ഷിതയാണ്. ഇവിടെ വന്നതുപോലെ ഉടൻ തന്നെ ഇന്ത്യയിലേക്ക് മടങ്ങും'- അഞ്ജു വീഡിയോയിൽ പറയുന്നു. അടുത്ത രണ്ട് മൂന്ന് ദിവസത്തിനകം രാജ്യത്ത് തിരികെയെത്തുമെന്നും യുവതി കൂട്ടിച്ചേർത്തു.
ഞായറാഴ്‌ചയാണ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനെ കാണാനായി അഞ്ജു അതിർത്തി കടന്ന വിവരം വീട്ടുകാർ അറിഞ്ഞത്. മെഡിക്കല്‍ ഫീല്‍ഡില്‍ ജോലി ചെയ്യുന്ന പാകിസ്ഥാന്‍ പൗരന്‍ നസറുള്ളയെ തേടിയായിരുന്നു യുവതി പാകിസ്ഥാന്‍റെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്‌തൂൺഖ്വയിൽ എത്തിയത്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പായിരുന്നു ഇവര്‍ ഫേസ്‌ബുക്കിലൂടെ സൗഹൃദത്തിലാകുന്നത്.
അതേസമയം പാകിസ്ഥാനില്‍ എത്തിയ യുവതിയെ അവിടെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. എന്നാൽ യാത്ര രേഖകൾ പരിശോധിച്ച ശേഷം ജില്ലാ പൊലീസ് ഇവരെ വിട്ടയക്കുകയായിരുന്നു. ഇതിനിടെ മാധ്യമ വാർത്തകളെ തുടർന്ന് രാജസ്ഥാൻ പൊലീസ് സംഘം അഞ്ജുവിനെ കുറിച്ച് അന്വേഷിക്കാനായി ഭിവാഡിയിലെ വീട്ടിൽ എത്തിയിരുന്നു.