ന്യൂഡല്‍ഹി: അഫ്‌ഗാനിസ്ഥാനില്‍ താലിബാൻ അധികാരം പിടിച്ചെടുത്തതിന് ശേഷം ആദ്യമായി ഒരു ഉന്നതതല ഇന്ത്യന്‍ നയതന്ത്ര സംഘം അഫ്ഗാൻ സന്ദര്‍ശിക്കുന്നു. വിദേശകാര്യമന്ത്രാലയത്തിലെ ജോയിന്‍റ് സെക്രട്ടറി ജെ പി സിങ്ങിന്‍റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് സന്ദര്‍ശിക്കുന്നത്. ഇന്ത്യയുടെ അഫ്‌ഗാനിസ്ഥാനിലെ ദുരിതാശ്വാസ പദ്ധതികള്‍ വിലയിരുത്താനാണ് സന്ദര്‍ശനം.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥ സംഘം താലിബാന്‍ നേതാക്കളുമായി ചര്‍ച്ച നടത്തുമെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന അന്താരാഷ്ട്ര സംഘടനകളുടെ അധികൃതരുമായും ഇന്ത്യന്‍ പ്രതിനിധി സംഘം ചര്‍ച്ച നടത്തും. ഇന്ത്യയുടെ ധനസഹായത്തോടെയുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലങ്ങളും സംഘം സന്ദര്‍ശിക്കും.
നിരവധി ദുരിതാശ്വാസ സഹായങ്ങള്‍ ഇന്ത്യ അഫ്‌ഗാന്‍ ജനതയ്‌ക്കായി ചെയ്യുന്നുണ്ട്. 20,000 മെട്രിക് ടണ്‍ ഗോതമ്പ്, 13 ടണ്‍ മരുന്നുകള്‍, അഞ്ച് ലക്ഷം കൊവിഡ് വാക്‌സീന്‍ ഡോസുകള്‍, തണുപ്പില്‍ നിന്ന് രക്ഷ നേടാനുള്ള വസ്ത്രങ്ങള്‍ എന്നിവ ഇന്ത്യ ഈയിടെ അഫ്‌ഗാനിസ്ഥാനിലേക്ക് അയച്ചിരുന്നു.
കാബൂളിലെ കുട്ടികള്‍ക്കായുള്ള ഇന്ദിരാഗാന്ധി ആശുപത്രിക്കും ലോകാരോഗ്യ സംഘടനയടക്കമുള്ള വിവിധ യുഎന്‍ ഏജന്‍സികള്‍ക്കുമാണ് ഇവ കൈമാറിയത്. കൂടുതല്‍ ഭക്ഷ്യധാന്യങ്ങളും മരുന്നുകളും അയക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. ഇറാനിലുള്ള അഫ്‌ഗാനിസ്ഥാന്‍ അഭയാര്‍ഥികളുടെ വാക്‌സിനേഷനുവേണ്ടി ഒരു ദശലക്ഷം ഡോസ് കൊവാക്‌സിന്‍ ഇന്ത്യ നല്‍കിയിട്ടുണ്ട്. അറുപത് ദശലക്ഷം പോളിയോ വാക്‌സിന്‍ ഡോസുകളും ഇന്ത്യ അഫ്‌ഗാനിസ്ഥാനില്‍ എത്തിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇന്ത്യയുടെ ദുരിതാശ്വാസ സഹായത്തിന് വലിയ അഭിനന്ദനമാണ് അഫ്‌ഗാനിസ്ഥാനിലെ എല്ലാ വിഭാഗങ്ങളില്‍ നിന്നും ലഭിക്കുന്നത് . അഫ്‌ഗാന്‍ ജനതയുമായി ചരിത്രപരമായ ബന്ധം ഇന്ത്യന്‍ ജനതയ്‌ക്ക് ഉണ്ടെന്നും ഇത് തുടര്‍ന്നുപോകാനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.