ബെംഗളുരു : രാജ്യത്ത് ആദ്യമായി ട്രെയിനിന്‍റെ എസി കോച്ചുകളിൽ ചോക്ലേറ്റുകളും ഭക്ഷ്യവസ്തുക്കളും കടത്തി ദക്ഷിണ പശ്ചിമ റെയിൽവേ. കുറഞ്ഞ താപനില ആവശ്യമുള്ള ഭക്ഷ്യവസ്തുക്കളാണ് ദക്ഷിണ പശ്ചിമ റെയിൽവേയുടെ ഹുബ്ബള്ളി ഡിവിഷൻ വെള്ളിയാഴ്ച എസി കോച്ചുകളിൽ കടത്തിയത്.
ഒക്‌ടോബർ 8ന് 163 ടൺ വരുന്ന ചോക്ലേറ്റും ന്യൂഡിൽസും 18 എസി കോച്ചുകളിലായി ഗോവയിലെ വാസ്‌കോഡ ഗാമയിൽ നിന്ന് ഡൽഹിയിലെ ഒഖ്ലയിലേക്ക് തിരിച്ചു. എവിജി ലോജിസ്റ്റിക്സിന്‍റെ ചരക്കാണ് ഇത്തരത്തിൽ കടത്തിയത്. ചരക്കുകളുമായി ട്രെയിൻ ശനിയാഴ്‌ച ഡൽഹിയിൽ എത്തി.
Also Read: 'ഉത്സവ സീസണിൽ ഡൽഹിയിൽ ഭീകരാക്രമണ സാധ്യത' ; നിരീക്ഷണം ശക്തമാക്കി പൊലീസ്
12.83 ലക്ഷത്തിന്‍റെ വരുമാനമാണ് ഇതിലൂടെ റെയിൽവേക്ക് ഉണ്ടായത്. ഹുബ്ബള്ളി ഡിവിഷനിലെ ബിസിനസ് ഡെവലപ്മെന്റ് യൂണിറ്റിന്‍റെ പ്രവർത്തനഫലമായാണ് സാധാരണ റോഡ് മാർഗം കൊണ്ടുപോയിരുന്ന ചരക്ക് ട്രെയിനിൽ കൊണ്ടുപോകാന്‍ കളമൊരുങ്ങിയത്.
2020 ഒക്‌ടോബർ മുതൽ ഒരു കോടിയിലധികമാണ് ഹുബ്ബള്ളി ഡിവിഷന്‍റെ ചരക്കുകളിൽ നിന്നുള്ള പ്രതിമാസ വരുമാനം. ഈ സാമ്പത്തിക വർഷത്തിൽ 2021 സെപ്റ്റംബർ വരെയുള്ള ഡിവിഷന്റെ മൊത്തം പാഴ്‌സല്‍ വരുമാനം 11.17 കോടി രൂപയാണ്.