ന്യൂഡൽഹി: 2020 ൽ രാജ്യത്ത് 8,700 പേർ ട്രെയിൻ അപകടത്തിൽ മരിച്ചെന്ന വിവരാവകാശ വകുപ്പിന്‍റെ റിപ്പോർട്ടിൽ വിശദീകരണവുമായി ഇന്ത്യൻ റെയിൽവേ രംഗത്ത്. കഴിഞ്ഞ രണ്ട് വർഷമായി ട്രെയിൻ അപകടത്തിൽ ഒരു യാത്രക്കാരും മരിച്ചതായി രാജ്യത്ത് റിപ്പോർട്ട് ചെയ്‌തിട്ടില്ല. റെയിൽവേ അപകടങ്ങളിൽ മിക്കവയും ആകസ്‌മികമായി നടക്കുന്നവയാണ്. റെയിൽവേ ലൈൻ ക്രോസ് ചെയ്യുമ്പോളോ, ആത്മഹത്യ ചെയ്യുക തുടങ്ങിയ അവസരങ്ങളിലാണ് കൂടുതലും അപകടങ്ങൾ സംഭവിക്കുന്നത്. ലോക്ക് ഡൗൺ സമയത്ത് റെയിൽവേ ട്രാക്കുകളിൽ മരിച്ചവരിൽ പലരും കുടിയേറ്റ തൊഴിലാളികളാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.
ALSO READ:നേപ്പാളിന് സഹായവുമായി യുഎഇയും ചൈനയും
ഇവരിൽ പലരും വീടുകളിലെത്താൻ ട്രാക്കുകൾ മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടെയാവാം അപകടങ്ങൾ സംഭവിച്ചത്. 2020 ജനുവരി മുതൽ 2020 ഡിസംബർ വരെ റെയിൽവേ ട്രാക്കുകളിൽ 805 പേർക്ക് പരിക്കേറ്റതായും 8,733 പേർ മരിച്ചതായുമുള്ള വിവരാവകാശ വകുപ്പിന്‍റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു റെയിൽവേ. 70,000 കിലോമീറ്റർ റെയിൽ പാതകളാണ് രാജ്യത്തുടനീളം വ്യാപിച്ചു കിടക്കുന്നത്. എല്ലാ ദിവസവും 17,000 ത്തോളം ട്രെയിനുകൾ ഇതിലൂടെ സർവ്വീസ് നടത്തുന്നുണ്ട്.
അശ്രദ്ധമായ ക്രോസിംഗുകൾ കാരണമാണ് ഇത്രയും അപകടങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അപകടങ്ങൾ ഒഴിവാക്കാനായി ഇന്ത്യൻ റെയിൽവേ നടപടികളാരംഭിച്ചിട്ടുണ്ട്. ആളില്ലാ ലെവൽ ക്രോസിംഗുകൾ ഇല്ലാതാക്കുക, സിഗ്നൽ നവീകരണം, അറ്റകുറ്റപ്പണിയിൽ ആധുനിക യന്ത്രങ്ങളുടെ ഉപയോഗം തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നുണ്ട്.