ന്യൂഡല്‍ഹി: രാജ്യം നേരിടുന്ന കൊവിഡ് പ്രതിസന്ധിക്കൊപ്പം ഓക്സിജന്‍ ക്ഷാമവും കൂടി വന്നതോടെ പല സംസ്ഥാനങ്ങളും പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യന്‍ റെയില്‍വെ പലയിടങ്ങളില്‍ നിന്നായി ആവശ്യമുള്ളിടങ്ങളിലേക്ക് ഓക്സിജന്‍ എത്തിച്ച് തുടങ്ങിയത്. ഇപ്പോള്‍ റെയില്‍വെ അക്കാര്യത്തില്‍ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. ഒരു ദിവസം ഏറ്റവും കൂടുതല്‍ ഓക്സിജന്‍ ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കാന്‍ കുതിച്ച് പായുകയാണ് റെയില്‍വെ. 718 മെട്രിക് ടണ്‍ ഓക്സിഡനാണ് ശനിയാഴ്ച മാത്രം റെയില്‍വെ വഹിച്ചത്.
Read also……ലിക്വിഡ് മെഡിക്കൽ ഓക്സിജൻ സംസ്ഥാനങ്ങൾക്ക് എത്തിച്ച് നല്‍കി ഇന്ത്യൻ റെയില്‍വെ
ഇതില്‍ ഉത്തർപ്രദേശിലേക്കും ഹരിയാനയിലേക്കുമാണ് ഏറ്റവും കൂടുതൽ ലോഡ്. യഥാക്രമം 222 മെട്രിക് ടണ്ണും 180 മെട്രിക് ടണ്ണും. ഗുജറാത്തിലെ ഹപ്പയിൽ നിന്നുള്ള ഓക്സിജൻ എക്സ്പ്രസ് ശനിയാഴ്ച വൈകീട്ട് പുറപ്പെട്ടു. 6 ടാങ്കറുകളിൽ 4 ടാങ്കറുകൾ 85.14 മെട്രിക് ടൺ വഹിച്ച് ഉത്തർപ്രദേശിലേക്കാണ്. 44.72 മെട്രിക് ടൺ ഓക്സിജന്‍ ഡല്‍ഹി കന്റോൺമെന്റിലേക്കാണ്. റൂർക്കേലയിൽ നിന്ന് മറ്റൊരു ട്രെയിൻ 82.71 മെട്രിക് ടൺ ഓക്സിജന്‍ നിറച്ച 7 ടാങ്കറുകളുമായി ഫരീദാബാദിലേക്കുള്ള യാത്രയിലാണ്. ഇതുവരെ 220 ലധികം ടാങ്കറുകളിലായി 3400 മെട്രിക് ടൺ ഓക്സിജന്‍ ഇന്ത്യൻ റെയിൽവേ വിവിധ സംസ്ഥാനങ്ങളില്‍ എത്തിച്ചിട്ടുണ്ട്.