ന്യൂഡൽഹി: റിസർവ്‌ഡ് ചാർട്ട് തയ്യാറായ ശേഷം ട്രെയിൻ യാത്ര തുടങ്ങുമ്പോൾ ഒഴിവു വരുന്ന സീറ്റുകളിൽ റിസർവേഷൻ ലഭ്യമാക്കുന്ന ഹാൻഡ് ഹെൽഡ് ടെർമിനൽ (എച്ച്എച്ച്ടി) സംവിധാനം വെയ്‌റ്റിങ് ലിസ്റ്റ്, ആര്‍എസി വിഭാഗത്തിലുളള യാത്രക്കാര്‍ക്ക് ആശ്വാസമാകുന്നു. എച്ച്എച്ച്ടി സംവിധാനം ഏർപ്പെടുത്തിയ ശേഷം കഴിഞ്ഞ നാല് മാസത്തിൽ ഏഴായിരത്തോളം സ്ഥിരീകരിക്കാതിരുന്ന ടിക്കറ്റുകൾ യാത്രക്കാർക്ക് ലഭ്യമായതായി റിപ്പോർട്ട്.
എന്താണ് എച്ച്എച്ച്ടി: ടിക്കറ്റ് പരിശോധകർക്ക് ഐപാഡിൽ ടിക്കറ്റ് ഒത്തുനോക്കുന്നതിനായി ഒരുക്കിയ സംവിധാനമാണ് എച്ച്എച്ച്ടി. റെയില്‍വേയുടെ പാസഞ്ചർ റിസർവേഷൻ ചാർട്ടുകൾ ടാബിൽ (ഐപാഡിൽ) രേഖപ്പെടുത്തിയിട്ടുണ്ടാകും. അതിനാൽ ടിക്കറ്റ് ചെക്കർമാർക്ക് പേപ്പർ ചാർട്ടുമായി നടക്കേണ്ടതില്ല. പാസഞ്ചർ റിസർവേഷൻ സിസ്റ്റം സെൻട്രൽ സെർവറുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ ബുക്കിങ്ങുകളെ കുറിച്ചുള്ള തത്സമയ വിവരങ്ങൾ ടാബിൽ ലഭ്യമാകും.
സീറ്റ് സ്ഥിരീകരിക്കപ്പെട്ട യാത്രക്കാരൻ അവസാന നിമിഷം വരാതിരിക്കുകയോ യാത്ര റദ്ദാക്കുകയോ ചെയ്‌താൽ ഒഴിവുള്ള ബർത്ത് എച്ച്എച്ച്ടി ഉപകരണത്തിൽ പ്രദർശിപ്പിക്കും. ഉടൻ തന്നെ ടിക്കറ്റ് എക്‌സാമിനർക്ക് ഈ ബർത്ത് വെയ്റ്റിങ് ലിസ്റ്റിലുള്ളതോ ആർഎസി വിഭാഗത്തിലുള്ളതോ ആയ യാത്രക്കാരന് അനുവദിക്കാൻ സാധിക്കും.
യാത്രക്കാർ ചെയ്യേണ്ടത്: ആർഎസിയോ വെയിറ്റിങ് ലിസ്റ്റിലുള്ളതോ ആയ യാത്രക്കാരന് എച്ച്എച്ച്ടി സംവിധാനമുള്ള ടിടിഇയോട് (ടിക്കറ്റ് പരിശോധകൻ) ഒഴിവുള്ള ബർത്തുകളുടെ ലഭ്യത പരിശോധിക്കാവുന്നതാണ്. ഇത് യാത്ര ആരംഭിച്ച ട്രെയിനുകളിലെ ബർത്തുകൾ അനുവദിക്കുന്നതിൽ സുതാര്യത കൊണ്ടുവരുമെന്ന് റെയിൽവേ ഉദ്യോഗസ്ഥൻ പറഞ്ഞു. നാല് മാസം മുൻപ് ആരംഭിച്ച പദ്ധതിയിൽ ഇതുവരെ 1390 ട്രെയിനുകളിൽ 10,745 എച്ച്എച്ച്ടികളാണ് ഉപയോഗത്തിലുള്ളത്.
റിസർവ്‌ഡ് യാത്രക്കാർക്ക് ആശ്വാസം: 5,448 ആർഎസി യാത്രക്കാർക്കും 2,759 വെയിറ്റിങ് ലിസ്റ്റ് യാത്രക്കാർക്കുമാണ് എച്ച്എച്ച്ടി വഴി ഇതുവരെ ബർത്ത് ലഭ്യമായത്. അടുത്ത മൂന്നോ നാലോ മാസത്തിനുള്ളിൽ എച്ച്എച്ച്ടി ഉപകരണങ്ങൾ എല്ലാ ദീർഘദൂര ട്രെയിനുകളിലും ലഭ്യമാക്കാനാണ് റെയില്‍വേ ലക്ഷ്യമിടുന്നത്. ഡിജിറ്റൽ പേയ്‌മെന്‍റ് ഓപ്ഷനുകളിലൂടെ യാത്രക്കാരിൽ നിന്ന് അധിക നിരക്കുകൾ, പിഴകൾ എന്നിവ ശേഖരിക്കുന്നതിനും എച്ച്എച്ച്ടികൾ ഉപയോഗിക്കാം. സമീപഭാവിയിൽ രസീത് നൽകാനും സാധിക്കുമെന്ന് റെയിൽവേ ഉദ്യോഗസ്ഥർ പറയുന്നു.
മുൻഗണനാടിസ്ഥാനത്തിലാകും ആർഎസി, വെയ്റ്റിങ് ലിസ്റ്റ് യാത്രക്കാർക്ക് ബർത്ത് ഉറപ്പാക്കുക. മാനുവൽ റിസർവേഷൻ ചാർട്ട് സംവിധാനത്തിൽ ഒഴിവുള്ള ബർത്തിൽ ക്രമരഹിതമായി മറ്റ് യാത്രക്കാർക്ക് ബർത്ത് നൽകുന്ന പ്രവണതയുണ്ടായിരുന്നു. എന്നാൽ കമ്പ്യൂട്ടറൈസ്‌ഡ് സംവിധാനത്തിലൂടെ ബർത്തുകളുടെ ലഭ്യത യാത്രക്കാർക്ക് തത്സമയം നിരീക്ഷിക്കാൻ കഴിയുകയും ഇതുവഴി ബർത്ത് അനുവദിക്കുന്നതിലെ കൃത്രിമത്വം ഒഴിവാക്കാൻ സാധിക്കുകയും ചെയ്യും.