വാഷിങ്‌ടണ്‍ : നാസയുടെ പുതുതായി സ്ഥാപിതമായ മൂൺ ടു മാർസ് പ്രോഗ്രാമിന്‍റെ ആദ്യ തലവനായി ഇന്ത്യൻ വംശജനായ അമിത് ക്ഷത്രിയയെ നിയമിച്ചു. ചന്ദ്രനിലും ചൊവ്വയിലും ഏജൻസിയുടെ മനുഷ്യ പര്യവേക്ഷണ പ്രവർത്തനങ്ങൾ നടത്താനാണ് മൂണ്‍ ടു മാർസ് എന്ന പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും ക്ഷത്രിയ പദ്ധതിയുടെ ആദ്യ മേധാവിയായി ഉടൻ തന്നെ ചുമതലയേൽക്കുമെന്നും നാസ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
'പര്യവേക്ഷണത്തിന്‍റെ സുവർണ കാലഘട്ടമാണ് ഇപ്പോൾ നടക്കുന്നത്. ചൊവ്വയിലേക്കുള്ള മനുഷ്യരാശിയുടെ ഭീമാകാരമായ കുതിപ്പിന് തയ്യാറെടുക്കുന്നതിന് ആവശ്യമായ ദീർഘകാല ചാന്ദ്ര സാന്നിധ്യം നാസ വിജയകരമായി നടത്തുന്നുവെന്ന് ഉറപ്പാക്കാൻ ഈ പുതിയ പദ്ധതി സഹായിക്കും' - നാസ അഡ്‌മിനിസ്ട്രേറ്റർ ബിൽ നെൽസൺ പറഞ്ഞു.
ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള മനുഷ്യ ദൗത്യങ്ങൾക്കായി പ്രോഗ്രാം ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനുമുള്ള ഉത്തരവാദിത്തമാണ് ക്ഷത്രിയയിൽ നിക്ഷിപ്‌തമായിരിക്കുന്നത്. ബഹിരാകാശ വിക്ഷേപണ സംവിധാനം, ഓറിയോൺ, പര്യവേക്ഷണ ഗ്രൗണ്ട് സിസ്റ്റം പ്രോഗ്രാമുകൾ, ചന്ദ്രനെ ചൊവ്വ ലക്ഷ്യങ്ങളുമായി ബന്ധിപ്പിക്കുന്ന അനുബന്ധ ആർട്ടെമിസ് കാമ്പെയ്‌ൻ ഡെവലപ്‌മെന്‍റ് ഡിവിഷൻ സംരംഭങ്ങൾ എന്നിവയ്ക്ക് ക്ഷത്രിയ നേതൃത്വം നൽകുകയും സംയോജനം നൽകുകയും ചെയ്യും.
കോമൺ എക്സ്പ്ലൊറേഷൻ സിസ്റ്റംസ് ഡെവലപ്‌മെന്‍റ് ഡിവിഷന്‍റെ ആക്‌ടിങ് ഡെപ്യൂട്ടി അസോസിയേറ്റ് അഡ്‌മിനിസ്ട്രേറ്ററായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു ക്ഷത്രിയ. സോഫ്‌റ്റ്‌വെയർ എഞ്ചിനീയർ, റോബോട്ടിക്‌സ് എഞ്ചിനീയർ, സ്‌പേസ് ക്രാഫ്റ്റ് ഓപ്പറേറ്റർ എന്നീ നിലകളിൽ ജോലി ചെയ്‌ത ക്ഷത്രിയ 2003ലാണ് ബഹിരാകാശ പദ്ധതിയിൽ തന്‍റെ കരിയർ ആരംഭിച്ചത്.
2014 മുതൽ 2017 വരെ അദ്ദേഹം ബഹിരാകാശ സ്റ്റേഷൻ ഫ്ലൈറ്റ് ഡയറക്‌ടറായി സേവനമനുഷ്ഠിച്ചു. 2021-ൽ നാസ ആസ്ഥാനത്ത് പര്യവേക്ഷണ സിസ്റ്റംസ് ഡെവലപ്‌മെന്‍റ് മിഷൻ ഡയറക്‌ടറേറ്റിലെ അസിസ്റ്റന്‍റ് ഡെപ്യൂട്ടി അസോസിയേറ്റ് അഡ്‌മിനിസ്‌ട്രേറ്ററായി അദ്ദേഹത്തെ നിയമിച്ചു. ആർട്ടെമിസ് I ദൗത്യത്തിലും അദ്ദേഹം നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.
യുഎസിലെ ആദ്യ തലമുറയിൽപ്പെട്ട ഇന്ത്യൻ കുടിയേറ്റക്കാരുടെ മകനായ ക്ഷത്രിയ കാലിഫോർണിയയിലെ പസഡേനയിലുള്ള കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് ഗണിതശാസ്‌ത്രത്തിൽ ബിരുദവും ഓസ്റ്റിനിലെ ടെക്‌സാസ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഗണിത ശാസ്‌ത്രത്തിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
ബഹിരാകാശ നിലയത്തിലേക്കുള്ള 50-ാമത് പര്യവേഷണത്തിന്‍റെ ലീഡ് ഫ്ലൈറ്റ് ഡയറക്‌ടറെന്ന നിലയിലുള്ള പ്രവർത്തനങ്ങൾക്ക് നാസയുടെ മികച്ച ലീഡർഷിപ്പ് മെഡലും, ലീഡ് റോബോട്ടിക് ഓഫിസർ എന്ന നിലയിലുള്ള പ്രവർത്തനങ്ങൾക്ക് സിൽവർ സ്‌നൂപ്പി അവാർഡും അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്.
മൂണ്‍ ടു മാർസ് : ചന്ദ്രനിലെ ആർട്ടെമിസ് ദൗത്യങ്ങൾ ഉപയോഗിച്ച് ശാസ്ത്രീയ കണ്ടെത്തലിന്‍റെ ഒരു പുതിയ യുഗം തുറക്കുന്നതിനും ചൊവ്വയിലേക്കുള്ള മനുഷ്യ ദൗത്യങ്ങൾക്ക് തയ്യാറെടുക്കുന്നതിനും വേണ്ടി 2022-ലെ നാസ ഓതറൈസേഷൻ ആക്റ്റ് നിർദ്ദേശിച്ച പ്രകാരമാണ് മൂണ്‍ ടു മാർസ് എന്ന പദ്ധതി തയ്യാറാക്കിയത്.
ഹാർഡ്‌വെയർ ഡെവലപ്‌മെന്‍റ്, മിഷൻ ഇന്‍റഗ്രേഷൻ, റിസ്‌ക് മാനേജ്മെന്‍റ് ഫംഗ്ഷനുകൾ എന്നിവയിലാണ് മൂണ്‍ ടു മാർസ് പ്രോഗ്രാം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സ്‌പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റ്, ഓറിയോൺ ബഹിരാകാശ പേടകം, സപ്പോർട്ടിങ് ഗ്രൗണ്ട് സിസ്റ്റങ്ങൾ, ഹ്യൂമൻ ലാൻഡിങ് സിസ്റ്റങ്ങൾ, സ്‌പേസ് സ്യൂട്ടുകൾ, ഗേറ്റ്‌വേ എന്നിവയും ആഴത്തിലുള്ള ബഹിരാകാശ പര്യവേക്ഷണവുമായി ബന്ധപ്പെട്ട മറ്റുള്ളവയും ഈ പദ്ധതിയിൽ ഉൾപ്പെടുന്നു.