ന്യൂഡൽഹി: ഓക്‌സിജനും മറ്റ് മെഡിക്കൽ ഉപകരണങ്ങളും വിദേശത്ത് നിന്ന് എത്തിക്കുന്നതിനായി ഇന്ത്യൻ നാവികസേനയുടെ 'ഓപ്പറേഷൻ സമുദ്ര സേതു II'ന്‍റെ കീഴിൽ ഒമ്പത് യുദ്ധക്കപ്പലുകൾ വിന്യസിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഓക്സിജൻ ടാങ്കറുകള്‍ ഇന്ത്യയിലേയ്ക്ക്
ഇന്ത്യൻ നാവിക കപ്പലായ തൽവാർ ബഹ്‌റൈനിൽ നിന്ന് 27 ടൺ ദ്രാവക ഓക്‌സിജൻ നിറച്ച രണ്ട് ടാങ്കുകളുമായി ബുധനാഴ്‌ച കർണാടകയിലെ ന്യൂ മംഗലാപുരം തുറമുഖത്ത് പ്രവേശിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. കൂടാതെ പേർഷ്യൻ ഗൾഫിൽ വിന്യസിച്ച ഐഎൻഎസ് കൊൽക്കത്തയും 27 ടൺ ഓക്‌സിജൻ നിറച്ച രണ്ട് ടാങ്കുകൾ, 400 ഓക്‌സിജൻ സിലിണ്ടറുകൾ, 47 കോൺസെൻട്രേറ്ററുകൾ എന്നിവയുമായി കുവൈത്തിൽ നിന്ന് പുറപ്പെട്ടു. അതോടൊപ്പം തന്നെ ഈ രാജ്യങ്ങളിൽ നിന്ന് 27 ടൺ ഓക്‌സിജൻ ടാങ്കുകളും 1500 ഓളം ഓക്‌സിജൻ സിലിണ്ടറുകളും കയറ്റുന്നതിനായി നാല് യുദ്ധക്കപ്പലുകൾ കൂടി ഖത്തറിലേക്കും കുവൈത്തിലേക്കും പോകുന്നുവെന്നും അധികൃതർ കൂട്ടിച്ചേർത്തു.
ഇന്ത്യൻ നാവിക കപ്പലായ ഐരാവത്ത് 3600ൽ കൂടുതൽ ഓക്‌സിജൻ സിലിണ്ടറുകൾ, 27 ടൺ (216 ടൺ) ഓക്‌സിജൻ നിറച്ച എട്ട് ടാങ്കുകൾ, 10000 റാപ്പിഡ് ആന്‍റിജൻ ഡിറ്റക്ഷൻ ടെസ്റ്റ് കിറ്റുകൾ, ഏഴ് കോൺസെൻട്രേറ്ററുകൾ എന്നിവയുൾപ്പെടെയുള്ള മെഡിക്കൽ ഉപകരണങ്ങളുമായി സിംഗപ്പൂരിൽ നിന്ന് ബുധനാഴ്‌ച പുറപ്പെട്ടു. കൂടാതെ കൊച്ചിയിലെ സതേൺ നേവൽ കമാൻഡിന്‍റെ ലാൻഡിങ് ഷിപ്പ് ടാങ്കായ ഐഎൻഎസ് ഷാർദുലും മൂന്ന് ഓക്‌സിജൻ നിറച്ച ക്രയോജനിക് കൺടെയ്‌നറുകളുമായി പേർഷ്യൻ ഗൾഫിലേക്കുള്ള യാത്രയിലാണ്.
വിപുലമായ സംവിധാനവുമായി കേന്ദ്രസര്‍ക്കാര്‍
കഴിഞ്ഞ വർഷം വിദേശത്ത് ഒറ്റപ്പെട്ടുപോയ ഇന്ത്യൻ പൗരന്മാരെ തിരികെ എത്തിക്കുന്നതിനായുള്ള ദൗത്യമായ 'ഓപ്പറേഷൻ സമുദ്ര സേതുവിൽ' ഐഎൻഎസ് ജലാശ്വയും ഐഎൻഎസ് ഷാർദുലും പങ്കെടുത്തിരുന്നു. നിലവിൽ രാജ്യത്തെ ഓക്‌സിജന്‍റെ ആവശ്യകത നിറവേറ്റുന്നതിനായി കേന്ദ്ര സർക്കാരും നാവികസേനയും നടത്തിയ ഒന്നിലധികം ശ്രമങ്ങളുടെ ഭാഗമാണ് 'ഓപ്പറേഷൻ സമുദ്ര സേതു II'.
പേർഷ്യൻ ഗൾഫും തെക്കുകിഴക്കൻ ഏഷ്യയും ഉൾപ്പെടെയുള്ള സൗഹൃദ വിദേശ രാജ്യങ്ങളിൽ നിന്ന് ദ്രാവക മെഡിക്കൽ ഓക്‌സിജനും അനുബന്ധ മെഡിക്കൽ ഉപകരണങ്ങളും കയറ്റി അയയ്ക്കുന്നതിനായി മുംബൈ, വിശാഖപട്ടണം, കൊച്ചി എന്നിവിടങ്ങളിലെ മൂന്ന് നാവിക കമാൻഡുകളിൽ നിന്നുള്ള കപ്പലുകളാണ് വിന്യസിച്ചിരിക്കുന്നത്.
Also Read: ഇന്ത്യയ്ക്കുള്ള ഓക്സിജനുമായി ജർമ്മൻ സൈനിക വിമാനം പുറപ്പെട്ടു
കൂടുതൽ വായനയ്‌ക്ക്: ഇന്ത്യയ്ക്ക് കൈത്താങ്ങായി ബഹറിന്‍: ഓക്സിജനുമായി ഐഎൻഎസ് തൽവാർ കർണാടക തുറമുഖത്തെത്തി