ന്യൂഡല്‍ഹി : അഞ്ച് സംസ്ഥാനങ്ങളില്‍ നേരിട്ട കനത്ത തോല്‍വി വിലയിരുത്തുന്നതിനായി കോണ്‍ഗ്രസിലെ ജി-23 നേതാക്കള്‍ യോഗം ചേര്‍ന്നു. മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദിന്‍റെ വസതിയിലായിരുന്നു യോഗം. ആനന്ദ് ശർമ, കപിൽ സിബൽ, അഖിലേഷ് പ്രസാദ് സിംഗ്, മനീഷ് തിവാരി എന്നിവർ പങ്കെടുത്തു. ചില നേതാക്കൾ ഇപ്പോൾ ഡൽഹിയിൽ ഇല്ലാത്തതിനാൽ യോഗത്തില്‍ വെര്‍ച്വലായാണ് പങ്കെടുത്തതെന്നും വിവരമുണ്ട്.
Also Read: ജനവിധിയില്‍ ഞെട്ടി കോണ്‍ഗ്രസ് ; ജി -23 നേതാക്കള്‍ യോഗം ചേരും
ആഞ്ച് സംസ്ഥാനങ്ങളിലെ തോല്‍വിയില്‍ നേതാക്കള്‍ ആശങ്ക പ്രകടിപ്പിച്ചു. ഛത്തീസ്‌ഗഡ് രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളില്‍ മാത്രമാണ് നിലവില്‍ പാര്‍ട്ടിക്ക് ഭരണമുള്ളത്. തെരഞ്ഞെടുപ്പുകളിലെ പാർട്ടിയുടെ പ്രകടനം വിശകലനം ചെയ്യാൻ പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി ഉടൻ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി യോഗം വിളിക്കുമെന്ന് കോൺഗ്രസ് മുഖ്യ വക്താവും ജനറൽ സെക്രട്ടറിയുമായ രൺദീപ് സിങ് സുർജേവാല വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു.
ഇതിന് മുമ്പായാണ് G -23 നേതാക്കള്‍ യോഗം ചേര്‍ന്നത്. ഇതേ നേതാക്കളാണ് നേരത്തെ പാര്‍ട്ടിയില്‍ പുനസംഘന ആവശ്യപ്പെട്ട് നോട്ടിസ് അയച്ചത്.