കാഠ്‌മണ്ഡു: പ്രമുഖ പർവതാരോഹക ബൽജീത് കൗര്‍ മരിച്ചെന്ന വിവരം തള്ളി പുതിയ റിപ്പോര്‍ട്ട്. ഓക്‌സിജന്‍ ലഭ്യമല്ലാത്തതിനെ തുടര്‍ന്ന് ഹിമാചല്‍ സ്വദേശിനിയായ ബൽജീത്, നേപ്പാളിലെ അന്നപൂർണ പര്‍വതത്തില്‍ മരിച്ചെന്നായിരുന്നു വാര്‍ത്ത. എന്നാല്‍, ഇത് നിഷേധിച്ച് പ്രാദേശിക മാധ്യമത്തെ ഉദ്ധരിച്ച് ദേശീയവാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‌തു.
പയനിയർ അഡ്വഞ്ചർ പസാങ് ഷെർപ്പയുടെ ക്യാമ്പ് നാലിന് മുകളിൽ സപ്ലിമെന്‍റല്‍ ഓക്‌സിജൻ ഉപയോഗിക്കാതെയാണ് യുവതി കയറിയത്. ഏരിയൽ സെർച്ച് ടീം ഇവിടെയാണ് ബല്‍ജീത്തിനെ ജീവനോടെ കണ്ടെത്തിയതെന്ന് 'ഹിമാലയൻ ടൈംസ്' പത്രം റിപ്പോര്‍ട്ട് ചെയ്‌തു. ഓക്‌സിജന്‍ സിലിണ്ടര്‍ ഇല്ലാതെ മനാസ്‌ലു പര്‍വതം കയറിയ ആദ്യ ഇന്ത്യന്‍ സ്‌ത്രീ എന്ന റെക്കോഡ് ബൽജീത് കൗർ സ്വന്തമാക്കിയിരുന്നു.
അപകടത്തില്‍ ട്രക്കിങ് സംഘാംഗം മരിച്ചു: ഹിമാചല്‍ പ്രദേശ് സോളൻ ജില്ലയിലെ മാംലിഗ് സ്വദേശിനിയായ കൗർ, എവറസ്റ്റ് കൊടുമുടി ഉൾപ്പെടെ നിരവധി പര്‍വതങ്ങള്‍ കീഴടക്കിയിട്ടുണ്ട്. കൗറിന്‍റെ മരണവാര്‍ത്ത ഹിമാചൽ പ്രദേശ് ആരോഗ്യ മന്ത്രി കേണൽ ഡോ. ധനി റാം ഷാൻഡിലാണ് ആദ്യം പുറത്തുവിട്ടത്. തന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയായിരുന്നു അവര്‍ ഇക്കാര്യം അറിയിച്ചത്.
ഒരു മാസത്തിനുള്ളിൽ 8,000 മീറ്ററുള്ള നാല് കൊടുമുടികൾ കയറിയ ആദ്യ ഇന്ത്യൻ വനിതയെന്ന നേട്ടം ബൽജിത് കൗറിന് സ്വന്തമാണ്. 2016ൽ കൗർ എവറസ്റ്റ് കൊടുമുടി കീഴടക്കാന്‍ എത്തിയിരുന്നെങ്കിലും ഓക്‌സിജന്‍റെ അഭാവം മൂലം തിരികെ ഇറങ്ങുകയായിരുന്നു. പുമോരിയുടെ ഏറ്റവും ഉയർന്ന കൊടുമുടിയിൽ എത്തിയ ആദ്യ ഇന്ത്യൻ വനിതയെന്ന നേട്ടവും ബൽജീത്തിനാണ്. ട്രക്കിങ് സംഘത്തിലുണ്ടായിരുന്ന മറ്റൊരാളും അന്നപൂര്‍ണയിലുണ്ടായ അപകടത്തില്‍ മരിച്ചു. അനുരാഗ് മാലു എന്നയാളാണ് 6,000 മീറ്ററിന് മുകളിലുള്ള പര്‍വതഭാഗത്തുനിന്നും താഴെവീണ് മരിച്ചത്.