ന്യൂഡല്‍ഹി : നടപ്പ് സാമ്പത്തിക വര്‍ഷത്തിന്‍റെ(2022-23) രണ്ടാം പാദത്തില്‍(ജൂലായ്-സെപ്റ്റംബര്‍) ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ 6.3 ശതമാനം വളര്‍ച്ച കൈവരിച്ചെന്ന് എന്‍എസ്‌ഒ(National Statistical Office). നടപ്പ് സാമ്പത്തിക വര്‍ഷത്തിന്‍റെ ഒന്നാം പാദത്തില്‍(ഏപ്രില്‍-ജൂണ്‍)13.5 ശതമാനം വളര്‍ച്ചയായിരുന്നു ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ നേടിയത്. 2021-22 സാമ്പത്തിക വര്‍ഷത്തിന്‍റെ രണ്ടാം പാദത്തില്‍ 8.4 ശതമാനമായിരുന്നു ജിഡിപി വളര്‍ച്ചാനിരക്ക്.
ഏപ്രില്‍ - ജൂണ്‍ പാദത്തില്‍ രേഖപ്പെടുത്തിയ 13.5 ശതമാനം വളര്‍ച്ചാനിരക്കിന്‍റെ പകുതിയായിരിക്കും രണ്ടാം പാദത്തില്‍ കൈവരിക്കുക എന്നായിരുന്നു പല വിദഗ്‌ധരും വിലയിരുത്തിയിരുന്നത്. റേറ്റിങ് ഏജന്‍സിയായ ഐസിആര്‍എയുടെ പ്രവചനം രണ്ടാം പാദത്തില്‍ ജിഡിപി 6.5 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നായിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കണക്ക് കൂട്ടിയതിനേക്കാള്‍ കൂടുതല്‍ വളര്‍ച്ചാനിരക്ക് ഈ സാമ്പത്തിക വര്‍ഷത്തിന്‍റെ രണ്ടാം പാദത്തില്‍ കൈവരിച്ചിട്ടുണ്ട്. 5.8 ശതമാനം വളര്‍ച്ച നേടുമെന്നായിരുന്നു എസ്‌ബിഐയുടെ പ്രവചനം.
ഈ മാസം ആദ്യം ആര്‍ബിഐ പ്രസിദ്ധീകരിച്ച ബുള്ളറ്റിനില്‍ ഈ സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തിലെ വളര്‍ച്ചാനിരക്ക് 6.1-6.3 ശതമാനം വരെയായിരിക്കും എന്നാണ് കണക്കാക്കിയിരുന്നത്. 2022 ജൂലായ് - സെപ്റ്റംബര്‍ പാദത്തില്‍ ചൈനയുടെ ജിഡിപി വളര്‍ച്ചാനിരക്ക് 3.9 ശതമാനമാണ് രേഖപ്പെടുത്തിയത്.