ന്യൂഡല്‍ഹി : ഇന്ത്യൻ സ്ഥാപനമായ മെയ്‌ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് നിര്‍മിച്ച കഫ് സിറപ്പുകള്‍ കഴിച്ച് ആഫ്രിക്കയിലെ ഗാംബിയയില്‍ 66 കുട്ടികള്‍ വൃക്ക സംബന്ധമായ രോഗം ബാധിച്ച് മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് സെന്‍ട്രല്‍ ഡ്രഗ്‌സ് സ്‌റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ (സിഡിഎസ്‌സിഒ). ഹരിയാനയില്‍ പ്രവര്‍ത്തിക്കുന്ന മെയ്‌ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് നിര്‍മിച്ച നാല് കഫ് സിറപ്പുകള്‍ സംബന്ധിച്ച് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) മുന്നറിയിപ്പ് നല്‍കിയതിനെത്തുടര്‍ന്നാണ് സിഡിഎസ്‌സിഒ അന്വേഷണം ആരംഭിക്കുകയും കൂടുതല്‍ വിവരങ്ങള്‍ തേടുകയും ചെയ്‌തത്. അതേസമയം ചുമ, ജലദോഷം, കഫക്കെട്ട് എന്നിവയ്ക്കായി കമ്പനി നിര്‍മിച്ച പ്രോമെതസൈൻ ഓറൽ സൊല്യൂഷൻ, കോഫെക്‌സ്‌മാലിൻ ബേബി കഫ് സിറപ്പ്, മാകോഫ് ബേബി കഫ് സിറപ്പ്, മാഗ്രിപ്പ് എൻ കോൾഡ് സിറപ്പ് എന്നിവ പശ്ചിമാഫ്രിക്കൻ രാജ്യത്തിലെ മരണങ്ങൾക്ക് കാരണമായെന്ന് ചൂണ്ടിക്കാണിച്ചാണ് ഡബ്ല്യുഎച്ച്ഒ ബുധനാഴ്ച മുന്നറിയിപ്പ് നൽകിയത്.
മെയ്‌ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് നിര്‍മിച്ച നാല് കഫ് സിറപ്പുകളുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി കൊൽക്കത്തയിലെ സെൻട്രൽ ഡ്രഗ്‌സ് ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ടെന്ന് ഹരിയാന ആരോഗ്യമന്ത്രി അനിൽ വിജ് അറിയിച്ചു. കേന്ദ്ര ഫാർമസ്യൂട്ടിക്കൽസ് വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ ഹരിയാന അഡീഷണൽ ചീഫ് സെക്രട്ടറിയുമായി (ആരോഗ്യം) സംസാരിച്ചതായും അദ്ദേഹം പറഞ്ഞു. അതേസമയം നിര്‍മിക്കുന്ന കഫ് സിറപ്പുകള്‍ കയറ്റുമതി ചെയ്യാന്‍ കമ്പനിക്ക് അനുമതിയുള്ളതായും എന്നാല്‍ ഇവ രാജ്യത്ത് വില്‍പ്പനയ്‌ക്കോ വിപണനത്തിനോ ലഭ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ എന്ത് തുടര്‍നടപടി സ്വീകരിക്കണമെന്ന് സിഡിഎൽ റിപ്പോർട്ട് വന്നതിന് ശേഷമേ തീരുമാനമാനമാവുകയുള്ളൂവെന്നും അദ്ദേഹം പ്രതികരിച്ചു.
ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സിഡിഎസ്‌സിഒ ഇതിനകം ഹരിയാനയിലെ റെഗുലേറ്ററി അധികാരികളുമായി ചേര്‍ന്ന് വിഷയത്തിൽ അടിയന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ശക്തമായ ഒരു റെഗുലേറ്ററി അതോറിറ്റി എന്ന നിലയിൽ സിഡിഎസ്‌സിഒയുമായി കൂടുതല്‍ വിവരങ്ങള്‍ പങ്കിടാന്‍ ലോകാരോഗ്യ സംഘടനയോട് അഭ്യർഥിച്ചിട്ടുണ്ടെന്നും മന്ത്രി അനിൽ വിജ് അറിയിച്ചു. ഡൈഎഥിലീൻ ഗ്ലൈക്കോൾ, എഥിലീൻ ഗ്ലൈക്കോൾ എന്നിവ അടങ്ങിയ മരുന്നുകളുടെ ഉപയോഗമാണ് കുട്ടികളുടെ മരണത്തിന് പ്രധാന കാരണമായി സംശയിക്കുന്നതെന്നും പരിശോധിച്ച ചില സാമ്പിളുകളിൽ ഇതിന്‍റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ടെന്നും വിവരങ്ങള്‍ പുറത്തുവന്നിരുന്നു.
അതേസമയം പ്രാഥമിക അന്വേഷണത്തില്‍, മെയ്‌ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന് സംസ്ഥാന ഡ്രഗ് കണ്‍ട്രോളറില്‍ നിന്ന് ഈ ഉത്പന്നങ്ങള്‍ക്ക് നിർമാണ അനുമതി ലഭിച്ചിട്ടുണ്ട്. കമ്പനി ഇതുവരെ ഈ ഉത്പന്നങ്ങള്‍ നിർമിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്തത് ഗാംബിയയിലേക്ക് മാത്രമാണ്.