ന്യൂഡൽഹി: ശ്രീലങ്കൻ തീരത്ത് കണ്ടെയ്‌നർ കപ്പലായ എംവി എക്‌സ്-പ്രസ് പേളിലുണ്ടായ തീപിടിത്തത്തിൽ സഹായവുമായി ഇന്ത്യൻ തീരസംരക്ഷൻ സേന (ഐസിജി). ഇന്ത്യൻ തീരസംരക്ഷണ സേനയുടെ സഹായം ശ്രീലങ്ക തേടിയതോടെയാണ് ഐസിജി ഉടനടി സംഭവസ്ഥലത്തേക്ക് തിരിച്ചത്. കടൽ പട്രോളിങിലായിരുന്ന ഐസിജി കപ്പൽ വൈഭവും വജ്രയുമാണ് തീ അണയ്ക്കാനായി എത്തിയത്. പ്രത്യേക മലിനീകരണ പ്രതികരണ (പിആർ) കപ്പലായ സമുദ്ര പ്രഹരിയും സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. അഗ്നിശമന പ്രവർത്തനങ്ങളിൽ സഹായിക്കാനും എണ്ണ ചോർച്ചയുണ്ടായാൽ അടിയന്തരമായി പ്രതികരിക്കാനുമാണ് സമുദ്ര പ്രഹരിയെ അയച്ചിരിക്കുന്നത്. നിലവിൽ രണ്ട് കപ്പലുകളും കണ്ടെയ്‌നർ കപ്പലിലെ തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ഐസിജി അറിയിച്ചിട്ടുണ്ട്.
Also Read: സമൂഹ മാധ്യമങ്ങൾ രാജ്യത്തിന്‍റെ നിയമം പാലിക്കണം: സൈബർ സുരക്ഷാ വിദഗ്‌ധൻ
ഐസിജിയുടെ ഡോർണിയർ ഹെലികോപ്റ്റർ പ്രദേശത്തിന്‍റെ വാനനിരീക്ഷണം നടത്തുന്നുണ്ട്. ഇതുവരെ എണ്ണ ചോർച്ച ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്നും ഐസിജി അറിയിച്ചു. എംവി എക്‌സ്-പ്രസ് പേളിലെ തീയണയ്ക്കുന്നതിനായി ഇരു കപ്പലുകളും ശ്രീലങ്കൻ കോസ്റ്റ് ഗാർഡുമായും മറ്റ് ശ്രീലങ്കൻ അധികാരികളുമായും നിരന്തരമായ ഏകോപനം നിലനിർത്തുന്നുണ്ട്. ആളിപ്പടരുന്ന തീ, കണ്ടെയ്‌നറുകളുടെ കേടുപാടുകൾ, നിലവിലുള്ള പ്രതികൂല കാലാവസ്ഥ എന്നിവ കാരണം കപ്പൽ ചരിഞ്ഞുപോകുകയും കണ്ടെയ്‌നറുകൾ മറിഞ്ഞ് വീഴുകയും ചെയ്‌തിട്ടുണ്ട്.