ശ്രീനഗർ: കൊവിഡ് മഹാമാരി പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് സഹായമെത്തിക്കുന്നതിൽ മുൻപന്തിയിലാണ് ഇന്ത്യൻ സൈന്യം. അത്തരത്തിൽ ജമ്മുവിൽ കൊവിഡ് പ്രതിരോധത്തിനായി ഗംഗ്യാലിലെ രാജീവ് ഗാന്ധി ആശുപത്രിയിൽ 25 ഓക്സിജൻ കിടക്കകളുള്ള കൊവിഡ് കെയർ സെന്‍റർ സ്ഥാപിച്ചിരിക്കുകയാണ് സേനയുടെ ഭാഗമായ ടൈഗർ ഡിവിഷൻ.
അതിർത്തി മുതൽ ടൗൺഷിപ്പുകൾ വരെ സാധ്യമാകുന്നിടത്തെല്ലാം ഇന്ത്യൻ സൈന്യം സഹായം എത്തിച്ചിട്ടുണ്ടെന്ന് ജമ്മു ലെഫ്റ്റനന്‍റ് കേണൽ ദേവിന്ദർ ആനന്ദ് പറഞ്ഞു. തുടക്കത്തിൽ അവബോധ പരിപാടികളിലൂടെയാണ് സൈന്യം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചത്.
ALSO READ: കശ്മീരിൽ ഏറ്റുമുട്ടൽ; സുരക്ഷാ സേന മൂന്ന് ലഷ്കർ-ഇ-തായിബ തീവ്രവാദികളെ വധിച്ചു
തുടർന്ന് കൊവിഡുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ, കിറ്റുകൾ തുടങ്ങിയവ വിതരണം ചെയ്തു. അതിന്‍റെ തുടർച്ചയെന്നോണമാണ് ഇപ്പോൾ 25 ഓക്സിജൻ കിടക്കകളുള്ള കൊവിഡ് കെയർ സെന്‍റർ തയ്യാറാക്കിയിരിക്കുന്നത്, ദേവിന്ദർ ആനന്ദ് കൂട്ടിച്ചേർത്തു.
ഇന്ത്യൻ സൈന്യം അതിർത്തികൾ കാത്തുസൂക്ഷിക്കുകയും ജനങ്ങളെ സംരക്ഷിക്കുകയും, രാജ്യത്തിനായി ജീവൻ ബലിയർപ്പിക്കുകയും ചെയ്യുന്നു. ഇപ്പോൾ ഈ മഹാമാരിയെ അഭിമുഖീകരിക്കുമ്പോൾ സൈന്യത്തിന്‍റെ സംഭാവന വളരെ വലുതാണെന്ന് അഭിമാനത്തോടെ പറയാൻ സാധിക്കുമെന്ന് ജമ്മു കശ്മീരിലെ ഹെൽത്ത് സർവീസസ് ഡയറക്ടർ ഡോ. രേണു ശർമ പറഞ്ഞു.