ബെംഗളൂരു: വ്യാപക നാശം വിതച്ച സിറിയ - തുർക്കി ഭൂകമ്പ ബാധിതര്‍ക്ക് കൈത്താങ്ങുമായി ഇന്ത്യയുടെ ഓപ്പറേഷൻ ദോസ്‌ത് ദുരന്തഭൂമിയിൽ ആശ്വാസമാകുമ്പോൾ ഭൂകമ്പത്തിൽ അപകടം സംഭവിച്ചവർക്ക് സഹായമാവുകയാണ് ആർമി ഡോക്‌ടർ വിജയ് പാണ്ഡെ നിർമിച്ച ഫിക്സേറ്ററുകൾ. അപകടത്തിൽ അസ്ഥികൾക്ക് ഉണ്ടാകുന്ന പൊട്ടലുകൾ പരിഹരിക്കാനാണ് ലോഹനിർമിത ഫിക്സേറ്ററുകൾ ഉപയോഗിക്കുക.
സാധാരണഗതിയിൽ ചെലവ് കൂടുതലും ചികിത്സക്കായി കൂടുതൽ സമയവും ആവശ്യമായി വരുന്ന ഫിക്സേറ്ററുകളെ അപേക്ഷിച്ച് ചെലവ് കുറവുള്ള പുതിയ ഫിക്സേറ്റർ ഇതിനോടകം ആശ്വാസമായത് ആയിരക്കണക്കിന് ആളുകൾക്കാണ്. കൈകൾക്കു ഉണ്ടാകുന്ന അപകടങ്ങൾക്കാണ് കേണൽ വിജയ് പാണ്ഡെ നിർമിച്ച ഫിക്സേറ്ററുകൾ ഉപയോഗിക്കാനാവുക.
'ദുരന്തഭൂമിയിൽ പരമ്പരാഗത ഫിക്സേറ്ററുകൾ ഉപയോഗിക്കുക പ്രായോഗികമല്ല. സങ്കീർണമായ ഓപ്പറേഷനുകൾക്ക് രക്ഷപ്രവർത്തനത്തിനിടയിൽ സാധിക്കാതെ വരും, എന്നാൽ അടിയന്തര ചികിത്സ ആവശ്യമായി വന്നേക്കാം. ഇത്തരം ഘട്ടങ്ങളിൽ ചെലവ് കുറഞ്ഞതും ഫലപ്രദവുമായ മാർഗം കണ്ടെത്തണം എന്ന ആവശ്യത്തിൽ നിന്നാണ് പുതിയ ഫിക്സേറ്റർ എന്ന ആശയത്തിലേക്ക് എത്തുന്നത്. ഫിക്സേറ്റർ ഒന്നിന് കേവലം 300 രൂപ ചെലവും അഞ്ച് ഗ്രാമോളം മാത്രം തൂക്കവുമാണ് വരുന്നത്.
ഒരു സാധാരണ സർജന് ഇവ ഘടിപ്പിക്കാൻ സാധിക്കും. എന്നാൽ പരമ്പരാഗത ഫിക്സേറ്ററുകൾ ഉപയോഗിക്കാൻ ഒരു പ്ലാസ്റ്റിക്ക് സർജന്‍റെ മേൽനോട്ടം ആവശ്യമാണ്. മാത്രമല്ല ഇത്തരം ഫിക്സേറ്റർ ഒന്നിന് 4000 രൂപയോളം ആകും, ഭാരം 60 ഗ്രാമോളം വരും', കേണൽ വിജയ് പാണ്ഡെ പറയുന്നു. ബെംഗളൂരുവിൽ നടന്ന എയറോ ഇന്ത്യ ഷോയിൽ ഫിക്സേറ്ററുകൾ പ്രദർശിപ്പിച്ചിരുന്നു.
റിക്‌ടർ സ്കെയിലിൽ 7.8 രേഖപ്പെടുത്തിയ സിറിയ - തുർക്കി ഭൂചലനത്തിൽ ഇതിനോടകം മരണസംഖ്യ 33,000 കടന്നു. ലോകരാഷ്ട്രങ്ങൾ ഒന്നടങ്കം രക്ഷപ്രവർത്തനത്തിനായി സിറിയയിലേക്കും തുർക്കിയിലേക്കും സഹായങ്ങൾ എത്തിക്കുന്നുണ്ട്. ഇന്ത്യ ഇതിനോടകം വിദഗ്‌ധ സംഘവും രക്ഷപ്രവർത്തന സാമഗ്രികളും അടങ്ങിയ ഏഴോളം എയർക്രാഫ്റ്റുകൾ സിറിയയിലേക്കും തുർക്കിയിലേക്കും അയച്ചുകഴിഞ്ഞു.