ബെംഗളൂരു: ബെംഗളൂരുവിലെ ഉൾസൂരിൽ 100 കിടക്കകളുടെ ശേഷിയുള്ള കൊവിഡ് കെയർ സെന്‍റർ സ്ഥാപിച്ച് ഇന്ത്യൻ സൈന്യം. ഇതിൽ 55 എണ്ണം ഓക്‌സിജൻ കിടക്കകളാണെന്ന് കർണാടക-കേരള സബ് ഡിവിഷൻ ജനറൽ ഓഫീസർ ജെവി പ്രസാദ് പറഞ്ഞു. യുണൈറ്റഡ് സിഖ്‌സ് എന്ന എൻജിഒയാണ് ഓക്‌സിജൻ കോൺസൺട്രേറ്റുകൾ സംഭാവന ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. ബംഗളൂരുവിലെ കേന്ദ്ര വിദ്യാലയ എം.ഇ.ജിയിലാണ് കൊവിഡ് കെയർ സെന്‍റർ സ്ഥാപിച്ചത്. യുണൈറ്റഡ് സിഖ്‌സും ബൃഹത്ത് ബെംഗളൂരു മഹാനഗര പാലികയുടേയും (ബിബിഎംപി) സംയുക്ത ശ്രമമായിട്ടാണ് സൈന്യം കേന്ദ്രം ആരംഭിച്ചത്. കൊവിഡ് ബധിതരുടെ ചികിത്സക്കായി സൈന്യം ഇതിനോടകം നിരവധി കേന്ദ്രങ്ങളാണ് സ്ഥാപിച്ചിട്ടുള്ളത്. മിലിട്ടറി ആശുപത്രി, കമാൻഡ് ആശുപത്രി എന്നിവിടങ്ങളിൽ 4,000 വരെ ഓക്‌സിജൻ കിടക്കകൾ സ്ഥാപിച്ചതായും 93 ശതമാനം ആശുപത്രികളിൽ സ്വന്തമായി ഓക്സിജൻ ജനറേഷൻ പ്ലാന്‍റുകൾ സജ്ജമാക്കുകയും ചെയ്തതായി കരസേന മേധാവി എംഎം നരവനേ അറിയിച്ചു.
Also Read: കൂടുതൽ കൊവിഡ് ആശുപത്രികൾ സ്ഥാപിച്ച് ജമ്മു കശ്‌മീർ സർക്കാർ
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 31,183 പുതിയ കൊവിഡ് കേസുകൾ കർണാടകയിൽ റിപ്പോർട്ട് ചെയ്തു. 61766 പേർക്ക് രോഗം ഭേദമായതോടെ 451 മരണങ്ങളും റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം പ്രതിദിനം വർധിക്കുന്നതിനാൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്ന ലോക്ക് ഡൗൺ ജൂൺ ഏഴ് വരെ നീട്ടിയതായി മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ വെള്ളിയാഴ്ച അറിയിച്ചു.