ന്യൂഡൽഹി: ദേശീയ തലസ്ഥാനത്ത് കൊവിഡ് ബാധിതരായ മുതിർന്ന സൈനികർക്കുള്ള ചികിത്സാ സൗകര്യങ്ങൾ വിപുലീകരിച്ച് ഇന്ത്യൻ സൈന്യം. മുതിർന്ന സൈനികർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമുള്ള ചികിത്സക്കായി ഡൽഹി ബേസ് ആശുപത്രിയിലെ സൗകര്യങ്ങൾ നാലിരട്ടി വർധിപ്പിച്ചതായി ഇന്ത്യൻ സൈന്യം അറിയിച്ചു. കൊവിഡ് രണ്ടാം തരംഗത്തിന്‍റെ തുടക്കത്തിൽ, ബേസ് ആശുപത്രിയിൽ 340 കിടക്കകൾ വിതരണം ചെയ്തിരുന്നു, അവയിൽ 250 എണ്ണം ഓക്സിജൻ കിടക്കകളായിരുന്നു. ഈ മാസം 30നകം എണ്ണം 650 കിടക്കകളായി വർധിപ്പിക്കുമെന്നും അവയിൽ 450 കിടക്കകൾ ഓക്സിജൻ സംവിധാനമുള്ളവയായിരിക്കുമെന്നും കേണൽ അമാൻ ആനന്ദ് വിശദീകരിച്ചു.
വ്യാഴാഴ്ചയോടെ ഐസിയുവിലെ 12 കിടക്കകളുടെ എണ്ണം വർധിപ്പിച്ച് 35 ആക്കുമെന്നും ഈ വർഷം ജൂൺ രണ്ടാം വാരത്തോടെ ഓക്സിജൻ സംവിധാനങ്ങളുള്ള 900 കിടക്കകൾ ആശുപത്രിയിൽ സജ്ജീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വീട്ടിൽ കഴിയുന്ന കൊവിഡ് ബാധിതരുടെ ആരോഗ്യപ്രശ്നങ്ങൾ വിലയിരുത്താനും വിദഗ്ധ നിർദേശങ്ങൾക്കും ആത്യാവശ്യഘട്ടങ്ങളിൽ ചികിത്സ നൽകുന്നതിനുമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന മെഡിക്കൽ ടീമുണ്ട്. ഇവർ പ്രതിദിനം ഏകദേശം 500 രോഗികൾക്ക് കൊവിഡ് ചികിത്സാനിർദേശങ്ങളും വൈദ്യസഹായവും നൽകുന്നുണ്ട്. കൂടാതെ, വിദഗ്ധ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൊവിഡ് ടെലി-കൺസൾട്ടൻസി ആൻഡ് ഇൻഫർമേഷൻ മാനേജ്മെന്‍റ് സെൽ ആശുപത്രിയിൽ ചികിത്സയിലുള്ള രോഗികളുടെ ആരോഗ്യവിവരങ്ങൾ ബന്ധുക്കളെ അറിയിക്കുന്നതിനും കൊവിഡ് പരിശോധന റിപ്പോർട്ടുകൾക്കും മറ്റുമായി പ്രവർത്തിക്കുന്നു.
വളരെ അർപ്പണബോധത്തോടെയും ആത്മാർഥതയോടെയും തങ്ങളുടെ ചുമതലകൾ നിർവഹിക്കുന്ന സേനയുടെ മെഡിക്കൽ പ്രൊഫഷണലുകളുമായി സഹകരിക്കണമെന്നും പിന്തുണക്കണമെന്നും മുതിർന്ന സൈനികരോട് കേണൽ അമാൻ ആനന്ദ് നിർദേശിച്ചു.
Also Read: ഡല്‍ഹിയില്‍ ഓക്സിജന്‍ കിടക്കകള്‍ കുറവ് ; രോഗികള്‍ ആശങ്കയില്‍