വാഷിംഗ്‌ടൺ: അഴിമതിയും പെഗാസസ് സ്‌പൈവെയറും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡി, വ്യവസായ പ്രമുഖൻ ഗൗതം അദാനി എന്നിവർക്കെതിരെ ഇന്ത്യൻ വംശജനായ അമേരിക്കൻ ഡോക്‌ടർ കേസ് ഫയൽ ചെയ്‌തു. റിച്ച്‌മണ്ട് ആസ്ഥാനമായുള്ള ഗ്യാസ്‌ട്രോഎൻട്രോളജിസ്റ്റ് ഡോ. ലോകേഷ് വുയുരു ആണ് നേതാക്കൾക്കെതിരെ കേസ് ഫയൽ ചെയ്‌തിട്ടുള്ളത്. സംഭവത്തിൽ യുഎസ് ഡിസ്‌ട്രിക്‌റ്റ് കോടതി നേതാക്കൾക്കെല്ലാം സമൻസ് അയച്ചിട്ടുണ്ട്.
നേതാക്കൾ വൻതോതിൽ യുഎസിലേക്ക് പണം കൈമാറ്റം ചെയ്യുന്നതായും രാഷ്‌ട്രീയ എതിരാളികൾക്കെതിരെ പെഗാസസ് സ്‌പൈവെയർ ഉപയോഗിക്കുന്നതായുമാണ് കേസിൽ ലോകേഷ് ഉന്നയിക്കുന്ന ആരോപണങ്ങൾ. എന്നാൽ യാതൊരു ഡോക്യുമെന്‍ററി തെളിവുകളും ഇല്ലാതെയാണ് ഈ ആരോപണങ്ങൾ ലോകേഷ് ഉന്നയിച്ചിട്ടുള്ളത്. മെയ് 24 നാണ് കേസ് ഫയൽ ചെയ്‌തത്.
തുടർന്ന് ജൂലൈ 22 ന് കോടതി സമൻസ് അയച്ചു. ന്യൂയോർക്കിൽ നിന്നുള്ള പ്രമുഖ ഇന്ത്യൻ - അമേരിക്കൻ അറ്റേർണി രവി ബാത്ര ഇതിനെ "ഡെഡ് ഓൺ അറൈവൽ കേസ്" എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. അമേരിക്കൻ സഖ്യകക്ഷിയായ ഇന്ത്യയെ അപകീർത്തിപ്പെടുത്താൻ മാത്രമുള്ള സമയം ഡോ. ലോകേഷ് വുയുരുവിന് ഉണ്ടെന്നും ഈ പേപ്പറിൽ അഭിഭാഷകരാരും ഒപ്പുവെക്കില്ലെന്നും ബാത്ര അദ്ദേഹത്തെ കുറ്റപ്പെടുത്തി.