ന്യൂഡല്‍ഹി: ഭാവിയില്‍ ചെലവ് കുറഞ്ഞതും നൂതനവുമായ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതില്‍ ഇന്ത്യ പ്രധാന പങ്കുവഹിക്കുമെന്ന് കേന്ദ്ര മന്ത്രി പീയുഷ് ഗോയല്‍. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) സംഘടിപ്പിച്ച ഏഷ്യ ഹെല്‍ത്ത് 2020 ഉച്ചകോടിയെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി. സിഐഐയുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച വാണിജ്യമന്ത്രി ഇത്തരം പരിപാടികള്‍ രാജ്യത്തിന്‍റെ പല പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരത്തിനായുള്ള നിര്‍ദേശങ്ങള്‍ക്കും, പുതിയ ആശയങ്ങളുടെ പിറവിക്കും സഹായകമാണെന്ന് വ്യക്തമാക്കി.
കൊവിഡ് സാഹചര്യത്തില്‍ 1.3 ബില്ല്യണ്‍ ഇന്ത്യക്കാര്‍ക്ക് ആരോഗ്യ പരിരക്ഷ ലഭിക്കുന്നതിനായി പൊതു സ്വകാര്യ പങ്കാളിത്തത്തില്‍ പ്രവര്‍ത്തിക്കുമെന്നും വാണിജ്യ മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇതിനായി എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. കൊവിഡ് വാക്‌സിന്‍ മിതമായ നിരക്കില്‍ എല്ലാവരിലും എത്തേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ചും പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ വികസിപ്പിക്കുന്ന കൊവിഡ് വാക്‌സിന്‍ പരീക്ഷണ ഘട്ടങ്ങള്‍ പൂര്‍ത്തിയായി വരികയാണെന്നും പ്രധാനമന്ത്രി പറഞ്ഞതു പോലെ വാക്‌സിന്‍ എത്തുന്നത് വരെ പോരാട്ടം അവസാനിച്ചിട്ടില്ലെന്നും പീയുഷ് ഗോയല്‍ വ്യക്തമാക്കി. ചരിത്രം ഇന്ത്യയുടെ കൊവിഡ് പോരാട്ടത്തെ ഓര്‍മ്മിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ കൊവിഡിനെ ഫലപ്രദമായി നേരിടാന്‍ ഇന്ത്യയെ തയ്യാറാക്കിയെന്നും മറ്റ് വികസ്വര രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ മികച്ച രീതിയില്‍ കൊവിഡിനെ നേരിട്ടതെന്ന് ഡബ്ല്യൂഎച്ച്ഒ വ്യക്തമാക്കിയതായും വാണിജ്യമന്ത്രി പറഞ്ഞു.