ന്യൂഡല്‍ഹി: ഇന്ത്യയും യുഎഇയും തമ്മില്‍ ഒപ്പിട്ട സ്വതന്ത്ര വ്യാപാര കരാര്‍ എകദേശം പത്ത് ലക്ഷത്തോളം തൊഴിലവസരങ്ങള്‍ രാജ്യത്ത് സൃഷ്ടിക്കുമെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോല്‍. പരസ്പരമുള്ള വ്യാപരം 60 ബില്യണ്‍ അമേരിക്കന്‍ ഡോളറില്‍ നിന്ന് അഞ്ച് വര്‍ഷം കൊണ്ട് 100 ബില്യണ്‍ അമേരിക്ക ഡോളറിലേക്ക് ഉയര്‍ത്താനാണ് യുഎഇയും ഇന്ത്യയും കരാറിലൂടെ ലക്ഷ്യമിടുന്നത്. ഇങ്ങനെ വ്യാപാരം ഉയര്‍ത്തുമ്പോള്‍ 10 ലക്ഷത്തോളം തൊഴിലുകള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് പിയൂഷ് ഗോയല്‍ പറയുന്നത്.
ഈ മാസം 18നാണ്(18.02.2022) ഇന്ത്യയും യുഎഇയും തമ്മില്‍ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറില്‍(comprehensive economic partnership agreement) ഒപ്പ് വച്ചത്. ഒരു ദശാബ്ദത്തിനിടയില്‍ ഇന്ത്യ ഒപ്പു വയ്ക്കുന്ന ആദ്യത്തെ സ്വതന്ത്ര വ്യാപാര കരാറാണിത്. വരുന്ന മെയില്‍ കരാര്‍ പ്രബല്യത്തിലാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
കൂടുതല്‍ തൊഴിലാളികള്‍ ആവശ്യമുള്ള ടെക്സ്റ്റൈല്‍സ്, ജുവല്വറി, ലതര്‍, ഫര്‍ണിച്ചര്‍ മേഖലകളും എഞ്ചിന്‍ നിര്‍മാണ മേഖലയും സ്വതന്ത്ര വ്യാപാര കരാറിന്‍റെ ഭാഗമായി നേട്ടമുണ്ടാക്കുമെന്നും കേന്ദ്ര വാണിജ്യ മന്ത്രി പറഞ്ഞു. കരാര്‍ പ്രാബല്യത്തിലാകുന്നതോടെ ഇരു രാജ്യങ്ങളിലുമുള്ള പ്രഫഷണല്‍ ബോഡികള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പരസ്പര അംഗീകാരമുണ്ടാകും. ഇത് ഇരു രാജ്യങ്ങളിലുമുള്ള സര്‍വകലാശാലകളും തൊഴില്‍ ദാത്താക്കളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുമെന്ന് പിയൂഷ് ഗോയല്‍ പറഞ്ഞു.
ഐഐടികളുടെ(ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) കേമ്പസുകള്‍ യുഎഇയില്‍ തുടങ്ങുന്നത് സംബന്ധിച്ച് ആ രാജ്യം താത്പര്യം പ്രകടിപ്പിച്ചതായി പിയൂഷ് ഗോയല്‍ പറഞ്ഞു.
വ്യാപാര സാമ്പത്തിക സഹകരണത്തിന്‍റെ സുവര്‍ണ കാലത്തിലേക്കാണ് ഇന്ത്യയും യുഎഇയും സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിലൂടെ (comprehensive economic partnership Agreement) കടക്കാന്‍ പോകുന്നതെന്ന് കരാര്‍ ഒപ്പിട്ടതിന് ശേഷം പിയൂഷ് ഗോയല്‍ ട്വീറ്റ് ചെയ്തിരുന്നു. കരാറിന്‍റെ ഭാഗമായി ആദ്യ ഘട്ടത്തില്‍ ഇന്ത്യയുടെ കയറ്റുമതി ഉല്‍പ്പന്നങ്ങളുടെ 90 ശതമാനത്തിന് അബുദാബി ചുങ്കം ചുമത്തില്ല. യുഎഇയുടെ ഇന്ത്യയിലേക്കുള്ള കയറ്റുമതിയുടെ 80 ശതമാനത്തിന് രാജ്യവും ചുങ്കം ചുമത്തില്ല.