ഗാന്ധിനഗർ: പരമ്പരാഗത വൈദ്യ വ്യവസായത്തെ പ്രോത്‌സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി ആയുഷ് ഉത്പന്നങ്ങൾക്ക് ഗുണനിലവാരം ഉറപ്പാക്കുന്ന 'ആയുഷ് മാർക്ക്' ഉടൻ അവതരിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാരമ്പര്യ ചികിത്സകൾക്കായി ഇന്ത്യയിലെത്തുന്ന വിദേശികൾക്ക് പ്രത്യേക ആയുഷ് വിസ അനുവദിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ഗുജറാത്തിലെ ഗാന്ധിനഗറിൽ ആഗോള ആയുഷ് നിക്ഷേപ സംഗമം ഉദ്ഘാടനം ചെയ്‌തുകൊണ്ട് ചെയ്യുകയായിരുന്നു അദ്ദേഹം.
അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് പരിശോധിച്ച ഉത്പന്നങ്ങൾക്കാണ് ആയുഷ് മാർക്ക് നൽകുക. ഗുണനിലവാരമുള്ള ആയുഷ് ഉത്പന്നങ്ങൾ വാങ്ങുന്നുവെന്ന് ഇത് ജനങ്ങൾക്ക് ആത്മവിശ്വാസം നൽകും. പാരമ്പര്യ ചികിത്സയുടെ ഭാഗമായി ഇന്ത്യയിലെത്തുന്ന വിദേശികൾക്ക് രാജ്യത്തിന്‍റെ ഏത് ഭാഗത്തേക്കുമുള്ള യാത്രയും എളുപ്പമാക്കാൻ ആയുഷ് വിസ സഹായകമായിരിക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞു.
പരമ്പരാഗത വൈദ്യശാസ്ത്രം കേരളത്തിലെ ടൂറിസം വർധിപ്പിക്കാൻ സഹായിച്ചു. ആയുർവേദം, യുനാനി, സിദ്ധ മുതലായവയെ അടിസ്ഥാനമാക്കിയുള്ള വെൽനസ് സെന്‍ററുകൾക്ക് ജനപ്രീതി ഏറെയാണ്. ആയുഷ് ഉൽപന്നങ്ങൾ നിർമിക്കുന്ന കമ്പനികളുമായി കർഷകരെ ബന്ധിപ്പിക്കുന്നതിന് ആയുഷ് ഇ-മാർക്കറ്റ് പോർട്ടലിന്‍റെ നവീകരണത്തിനും വിപുലീകരണത്തിനും സർക്കാർ ശ്രമിക്കുന്നുവെന്നും മോദി അറിയിച്ചു.
മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്‌നാഥ്, ഡബ്ല്യുഎച്ച്ഒ ഡയറക്‌ടർ ജനറൽ ഡോ ടെഡ്രോസ് ഗെബ്രിയേസസ് എന്നിവർ പങ്കെടുത്ത ചടങ്ങിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.