ന്യൂഡൽഹി: റഷ്യ വികസിപ്പിച്ചെടുത്ത കൊവിഡ് 19 പ്രതിരോധ വാക്സിനായ സ്‌പുട്നിക് വി അടുത്ത മാസം മുതൽ ഇന്ത്യയിലും. സ്പുട്നിക് വി ഇന്ത്യയുടെ വാക്സിനേഷനിലേക്ക് ഉൾപ്പെടുത്തുമെന്ന് റഷ്യയിലെ ഇന്ത്യൻ അംബാസഡർ ബാല വെങ്കടേഷ് വർമ അറിയിച്ചു. മെയ് ആദ്യം മുതൽ ഇന്ത്യയിൽ റഷ്യയുടെ വാക്സിൻ ഉപയോഗിച്ച് തുടങ്ങുമെന്ന ഇന്ത്യൻ അംബാസഡറുടെ അറിയിപ്പ് സ്പുട്നിക് വി അവരുടെ ഔദ്യോഗിക ട്വിറ്ററിൽ പങ്കുവച്ചു.
രാജ്യത്ത് കൊവിഡ് അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ സ്പുട്നിക് വി എത്തുന്നുവെന്ന വാർത്ത ആശ്വാസം പകരുന്നതാണ്. 24 മണിക്കൂറിനിടെ 3,79,257 പേർക്കാണ് രോഗബാധ കണ്ടെത്തിയത്. കൊവിഡ് ബാധിതരുടെ എണ്ണത്തിൽ ഇന്ത്യയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന കണക്കാണിത്.
Also Read: കൊവിഡ് മരുന്നിന്‍റെ ജിഎസ്‌ടി ഒഴിവാക്കണം ; സുപ്രീം കോടതിയിൽ ഹർജി
ഇന്ത്യയിൽ അനുമതി ലഭിക്കുന്ന മൂന്നാമത്തെ കൊവിഡ് വാക്സിനാണ് സ്പുട്നിക് വി. റഷ്യയുടെ വാക്സിൻ അംഗീകരിക്കുന്ന 60-ാമത്തെ രാജ്യമാണ് ഇന്ത്യ. മൂന്ന് ബില്യൺ ജനസംഖ്യയുള്ള അഥവാ ലോക ജനസംഖ്യയുടെ 40 ശതമാനം ഉൾക്കൊള്ളുന്ന രാജ്യങ്ങളിൽ ഇപ്പോൾ വാക്സിൻ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
രണ്ട് ഡോസുകളായാണ് സ്പുട്നിക് വി വാക്സിനേഷൻ. ലോകത്തിലെ ഏറ്റവും പഴക്കമേറിയതും പ്രചാരമേറിയതുമായ മെഡിക്കൽ പ്രസിദ്ധീകരണങ്ങളിലൊന്നായ ലാൻസെറ്റില ലേഖനമനുസരിച്ച് സ്പുട്നികിന്‍റെ ഫലപ്രാപ്തി 91.6 ശതമാനമാണ്.