ന്യൂഡൽഹി: ദേശീയ സുരക്ഷ ഉപദേഷ്‌ടാക്കളുടെയും (എൻഎസ്‌എ) ഉന്നതരുടെയും യോഗത്തിന് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങി ഇന്ത്യ. ഷാങ്ഹായ് കോ ഓപറേഷൻ ഓർഗനൈസേഷന്‍റെ (എസ്‌സിഒ) നിലവിലെ അധ്യക്ഷൻ എന്ന നിലയിലാണ് ഇന്ത്യ ആതിഥേയത്വം വഹിക്കുക. ഇന്ന് ന്യൂഡൽഹിയിലാണ് യോഗം ചേരുക.
പാകിസ്ഥാനും ചൈനയും എസ്‌സിഒ-എൻഎസ്‌എ മീറ്റിങ്ങിൽ ഓൺലൈനായി പങ്കെടുക്കാൻ സാധ്യതയുണ്ട്. ദേശീയ സുരക്ഷ ഉപദേഷ്‌ടാവ് അജിത് ഡോവൽ യോഗത്തിൽ പ്രാരംഭ പരാമർശങ്ങൾ നടത്തും.
ഷാങ്ഹായ് കോ ഓപറേഷൻ ഓർഗനൈസേഷൻ (എസ്‌സിഒ) 2001-ൽ സ്ഥാപിതമായ ഒരു ഇന്‍റർ ഗവൺമെന്‍റൽ ഓർഗനൈസേഷനാണ്. ഇന്ത്യ, ചൈന, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, പാകിസ്ഥാൻ, റഷ്യ, തജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നിങ്ങനെ എട്ട് അംഗരാജ്യങ്ങളാണ് സംഘടനയിലുള്ളത്. റഷ്യൻ ഫെഡറേഷന്‍റെ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി നിക്കോളായ് പത്രുഷേവ് ബുധനാഴ്‌ച ന്യൂഡൽഹിയിൽ നടക്കുന്ന എസ്‌സിഒ അംഗരാജ്യങ്ങളിലെ സുരക്ഷ കൗൺസിലുകളുടെ സെക്രട്ടറിമാരുടെ വാർഷിക യോഗത്തിൽ പങ്കെടുക്കുമെന്ന് റഷ്യൻ സുരക്ഷ കൗൺസിലിന്‍റെ പ്രസ്‌താവനയെ മുൻനിർത്തി റഷ്യൻ എംബസി ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചിരുന്നു.
എന്താണ് ഷാങ്ഹായ് കോ-ഓപറേഷൻ ഓർഗനൈസേഷൻ: ഷാങ്ഹായ് കോ-ഓപറേഷൻ ഓർഗനൈസേഷൻ (എസ്‌സിഒ) രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പ് അതിന്‍റെ അംഗരാജ്യങ്ങൾക്കിടയിൽ സാമ്പത്തിക, രാഷ്ട്രീയ, സൈനിക സഹകരണം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ ഒരു പ്രധാന സംഘടനയാണ്. എസ്‌സിഒയിലെ എട്ട് അംഗ രാജ്യങ്ങൾ ലോകത്തെ മൊത്തം ജനസംഖ്യയുടെ 42 ശതമാനത്തെയും ആഗോള ജിഡിപിയുടെ 25 ശതമാനത്തെയും പ്രതിനിധീകരിക്കുന്നു.
ഇന്ത്യ 2017 ജൂൺ ഒമ്പതിനാണ് എസ്‌സിഒയിൽ പൂർണ അംഗമായത്. അഫ്‌ഗാനിസ്ഥാൻ, ബെലാറസ്, ഇറാൻ, മംഗോളിയ എന്നിങ്ങനെ നാല് നിരീക്ഷക രാജ്യങ്ങളും അർമേനിയ, അസർബൈജാൻ, കംബോഡിയ, നേപ്പാൾ, ശ്രീലങ്ക, തുർക്കി എന്നിങ്ങനെ ആറ് ഡയലോഗ് പാർട്‌ണേഴ്‌സും ഷാങ്ഹായ് കോ-ഓപറേഷൻ ഓർഗനൈസേഷനിൽ ഉണ്ട്.
ഈ മാസം ആദ്യം കാശിയിൽ നടന്ന ഷാങ്ഹായ് കോ-ഓപറേഷൻ ഓർഗനൈസേഷന്‍റെ (എസ്‌സിഒ) ടൂറിസം അഡ്‌മിനിസ്ട്രേഷനുകളുടെ തലവന്മാരുടെ യോഗത്തിൽ പാകിസ്ഥാൻ പങ്കെടുത്തിരുന്നു. കസാക്കിസ്ഥാന്‍റെ സാംസ്‌കാരിക കായിക ഉപമന്ത്രി യെർസാൻ യെർകിൻബയേവ്, ചൈനയുടെ സാംസ്‌കാരിക ടൂറിസം ഡെപ്യൂട്ടി മന്ത്രി ലു യിങ് ചുവാൻ, കിർഗിസ്ഥാന്‍റെ സാംസ്‌കാരിക, ഇൻഫർമേഷൻ, കായികം, യുവജന നയം ഡെപ്യൂട്ടി മന്ത്രി സമത് ബെക്തുറോവിച്ച് ഷത്മാനോവ്, ഉസ്ബെക്കിസ്ഥാൻ സാംസ്‌കാരിക ഉപ മന്ത്രി അസമോവ് ഉലുഗ്‌ബെക് അക്‌സ്‌മാറ്റോവിച്ച് എന്നിവർ കാശിയിൽ നടന്ന എസ്‌സിഒ ടൂറിസം അഡ്‌മിനിസ്‌ട്രേഷൻ മേധാവികളുടെ യോഗത്തിൽ നേരിട്ട് പങ്കെടുത്തിരുന്നു.
തജിക്കിസ്ഥാനും പാകിസ്ഥാനിലെ വിനോദസഞ്ചാര കായിക മേഖലകളിലെ പ്രധാനമന്ത്രിയുടെ ഉപദേഷ്‌ടാവ് ഔൺ ചൗധരിയും എസ്‌സിഒ മീറ്റിൽ ഓൺലൈൻ ആയി പങ്കെടുത്തു. ഏപ്രിൽ 27 മുതൽ 29 വരെ ഡൽഹിയിൽ നടക്കുന്ന പ്രതിരോധ മന്ത്രിമാരുടെ യോഗമായിരിക്കും അടുത്ത സുപ്രധാന എസ്‌സിഒ യോഗം. എസ്‌സിഒ ഉച്ചകോടി ഈ വേനൽക്കാലത്ത് ഗോവയിലുമായിരിക്കും നടക്കുക.
Also Read: മിഷൻ അരിക്കൊമ്പൻ: പൊതുതാത്‌പര്യ ഹർജിയും സമാനമായ അപേക്ഷയും ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും