ന്യൂഡല്‍ഹി: മലിനീകരണം കുറക്കുന്നതിന്‍റെ ഭാഗമായി ഇന്ത്യയില്‍ തദ്ദേശീയമായി നിര്‍മിച്ച ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ പുതുവര്‍ഷത്തില്‍ രാജ്യത്തിന് സമര്‍പ്പിക്കും. മലിനീകരണം ഉണ്ടാക്കുന്ന ഡീസല്‍ എന്‍ജിനുകള്‍ക്ക് പകരമായാണ് ഹൈഡ്രജന്‍ ട്രെയിനുകള്‍ അവതരിപ്പിക്കുന്നത്. ഇത്തരം ട്രെയിനുകള്‍ പരമ്പരാഗത ട്രെയിനുകളെ അപേക്ഷിച്ച് ചെറുതായിരിക്കുമെന്നും 6 മുതല്‍ 8 കോച്ചുകള്‍ വരെ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ എന്നും റെയില്‍വേ മന്ത്രി വ്യക്തമാക്കി.
പാരിസ് ഉടമ്പടി പ്രകാരമുള്ള കാലാവസ്ഥ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ഒരുപരിധി വരെ ഹൈഡ്രജന്‍ ട്രെയിനുകള്‍ ഇന്ത്യയെ സഹായിക്കുമെന്നാണ് നിരീക്ഷകര്‍ പറയുന്നത്. അനുദിനം വർധിച്ചുവരുന്ന കാലാവസ്ഥ പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള നെട്ടോട്ടത്തിലാണ് ലോക രാജ്യങ്ങള്‍. ഇതിന്‍റെ ഭാഗമായി ഗതാഗത മേഖലയിൽ ഹൈഡ്രജൻ പോലുള്ള ഹരിത ഇന്ധനങ്ങൾ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന വാഹനങ്ങള്‍ അവതരിപ്പിക്കുന്നതിലാണ് രാജ്യങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നിലവിൽ ഗതാഗത മേഖല പ്രധാനമായും ഫോസിൽ ഇന്ധനങ്ങളെയാണ് ആശ്രയിക്കുന്നത്.
റോഡ് ഗതാഗതവുമായി താരതമ്യപ്പെടുത്തുമ്പോൾ റെയിൽവേ യാത്ര കൂടുതൽ പരിസ്ഥിതി സൗഹൃദമാണ്. എന്നിരുന്നാലും, അന്താരാഷ്‌ട്ര ഹരിതഗൃഹ പ്രവാഹത്തില്‍ റെയിൽവേയുടെ പങ്ക് 1 ശതമാനമാണ്. ഡീസൽ എഞ്ചിനാണ് ഹരിതഗൃഹ പ്രവാഹത്തില്‍ പ്രധാന പങ്കുവഹിക്കുന്നത്.
ലോകത്തിലെ ആദ്യ ഹൈഡ്രജൻ ട്രെയിൻ 2022 ഓഗസ്റ്റിലാണ് അവതരിപ്പിച്ചത്. 'കൊറാഡിയ ഐലന്‍ഡ്' (Coradia Island) എന്നാണ് അൽസ്റ്റോം രൂപകല്‍പന ചെയ്‌ത ആദ്യ ഹൈഡ്രജന്‍ ട്രെയിനിന്‍റെ പേര്. ജർമനിയിലെ ലോവർ സാക്‌സണി മേഖലയിൽ 62 മൈൽ ദൂരമുള്ള പാതയില്‍ 14-ലധികം ഹൈഡ്രജൻ ട്രെയിനുകൾ നിലവില്‍ ഓടുന്നുണ്ട്.
എന്തുകൊണ്ട് ഹൈഡ്രജന്‍ ട്രെയിന്‍: കാര്‍ബണ്‍ ഒട്ടും പുറംന്തള്ളുന്നില്ല എന്നതിനാല്‍ ഹൈഡ്രജന്‍ ട്രെയിനുകള്‍ വളരെയധികം പരിസ്ഥിതി സൗഹൃദമാണ്. ഇതു തന്നെയാണ് ഹൈഡ്രജന്‍ ട്രെയിനുകളുടെ പ്രധാന സവിശേഷതയും. ഒരു കിലോ ഹൈഡ്രജൻ 4.5 കിലോ ഡീസലിന് തുല്യമായ ഊർജം നല്‍കും. വൈദ്യുതീകരണം പ്രായോഗികമല്ലാത്ത ഗ്രാമങ്ങളില്‍ യാത്ര സൗകര്യം ഏര്‍പ്പെടുത്തുന്നതിന് ഹൈഡ്രജന്‍ ട്രെയിനുകള്‍ ഏറെ പ്രയോജനപ്പെടും. ഭൂമിയില്‍ ഹൈഡ്രജന്‍ ധാരാളം ഉള്ളതിനാലും കടല്‍ ജലത്തില്‍ നിന്ന് പോലും ഹൈഡ്രജന്‍ വേര്‍തിരിച്ച് എടുക്കാമെന്നതിനാലും ആവശ്യമായ ഇന്ധനം എപ്പോഴും ലഭ്യമാകും.
20 മിനിറ്റിനുള്ളിൽ ട്രെയിനുകളില്‍ ഇന്ധനം നിറയ്ക്കാം. ഹൈഡ്രജൻ ഫ്യൂവൽ സെൽ സാങ്കേതികവിദ്യയിലാണ് കൊറാഡിയ ഐലൻഡ് ട്രെയിനുകൾ ഓടുന്നത്. പ്രതിവർഷം 16 ലക്ഷം ലിറ്റർ ഡീസൽ ലാഭിക്കാന്‍ ഹൈഡ്രജന്‍ ട്രെയിനുകള്‍ സഹായിക്കും. തത്‌ഫലമായി പ്രതിവര്‍ഷം 4,000 ടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളുന്നത് തടയും. കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പോലെുള്ള മറ്റ് ദോഷകരമായ ഘടകങ്ങളും ഹൈഡ്രജന്‍ ട്രെയിനുകള്‍ പുറന്തള്ളുന്നില്ല. ഒരിക്കൽ ഇന്ധനം നിറച്ചാൽ ഈ ട്രെയിനുകൾ ആയിരം കിലോമീറ്റർ സഞ്ചരിക്കും. ഹൈഡ്രജന്‍ ട്രെയിനുകള്‍ ശബ്‌ദ രഹിതമായതിനാല്‍ ശബ്‌ദമലിനീകരണവും തടയാനാകും.
ഹൈഡ്രജൻ ട്രെയിനുകൾക്ക് മണിക്കൂറിൽ പരമാവധി 140 കിലോമീറ്റർ വേഗതയില്‍ സഞ്ചരിക്കാനാകും. പരിവർത്തനം ചെയ്‌ത ജ്വലന എഞ്ചിനുകള്‍ ഉപയോഗിക്കുമെങ്കിലും കൂടുതലും ഹൈഡ്രജൻ ഇന്ധന സെല്ലുകളാണ് ഉപയോഗിക്കുന്നത്. ഒരു ഇലക്‌ട്രോകെമിക്കൽ പ്രക്രിയയാണ് അതിൽ നടക്കുന്നത്. ഹൈഡ്രജൻ ഇന്ധനം ഓക്‌സിജനുമായി പ്രതിപ്രവർത്തിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. ഈ കറന്‍റ് മോട്ടോറിലേക്ക് നൽകുന്നു. അങ്ങനെ ട്രെയിൻ ഓടുന്നു. ഈ പ്രക്രിയയക്ക് ശേഷം പുറന്തള്ളപ്പെടുന്നത് വെള്ളവും നീരാവിയുമാണ്.
ഒരുവര്‍ഷം ഉപയോഗിച്ചത് 237 കോടി ലിറ്റര്‍ ഡീസല്‍: ഇന്ത്യയിലെ 37 ശതമാനം ട്രെയിനുകളും നിലവില്‍ ഡീസൽ എഞ്ചിനിലാണ് ഓടുന്നത്. രാജ്യത്തെ ഹരിതഗൃഹ പ്രവാഹത്തിന്‍റെ 12 ശതമാനം ഗതാഗത മേഖലയില്‍ നിന്നാണെങ്കില്‍ അതിന്‍റെ 4 ശതമാനം റെയിൽവേ മേഖലയില്‍ നിന്നുള്ളതാണ്. ഡീസല്‍ എന്‍ജിനുകളാണ് ഇതിന് പ്രധാന കാരണം. 2019-20 വര്‍ഷങ്ങളില്‍ 237 കോടി ലിറ്റര്‍ ഡീസലാണ് റെയില്‍വേ വകുപ്പ് ഉപയോഗിച്ചത്. 2030 ഓടെ കാര്‍ബണ്‍ പുറന്തള്ളപ്പെടുന്നതിന്‍റെ തോത് പൂജ്യമാക്കാന്‍ ലക്ഷ്യമിടുന്ന റെയില്‍വേയ്‌ക്ക് ഹൈഡ്രജന്‍ ട്രെയിനുകള്‍ വലിയ സഹായമാകും.