ന്യൂഡല്‍ഹി: രാജ്യം ഇന്ന് 73-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കും. പരമോന്നത ഭരണഘടന നിലവിൽ വന്നതിന്‍റെ ഓര്‍മയ്‌ക്കായാണ് ജനുവരി 26ന് റിപ്പബ്ലിക് ദിനമായി ആഘോഷിക്കുന്നത്. 1947 ഓഗസ്റ്റ് 15-ന് രാജ്യം സ്വാതന്ത്ര്യം നേടിയ ശേഷം ഡോ. ബാബാ സാഹേബ് അംബേദ്‌കര്‍ ചെയര്‍മാനായ ഡ്രാഫ്റ്റിങ് കമ്മിറ്റി ഭരണ ഘടന തയ്യാറാക്കുകയുണ്ടായി.
ബ്രീട്ടീഷ് ഭരണകൂടത്തിന്‍റെ ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യ ആക്‌ട് പിൻവലിച്ച് 1950 ജനുവരി 26 ന് ഇന്ത്യയുടെ ഭരണഘടന നിലവില്‍ വന്നു. ഈ ദിവസത്തിന്‍റെ പ്രാധാന്യം വിളിച്ചോതുന്നതാണ് എല്ലാ വര്‍ഷവും രാജ്യം നടത്തുന്ന ആഘോഷം. മൂന്നാം ഘട്ട കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങളോടെയാണ് ചടങ്ങുകള്‍ നടക്കുക.
പ്രൗഡി കുറയ്‌ക്കാതെ ആഘോഷം
പ്രൗഡിയ്‌ക്ക് ഒട്ടും കുറവില്ലാതെ സൈനികരുടെ അഭ്യാസ പ്രകടനങ്ങള്‍, കലാസാംസ്‌കാരിക പരിപാടികള്‍, നിശ്ചല ദൃശ്യങ്ങള്‍ എന്നിവ പതിവുപോലെ പരേഡിന്‍റെ ഭാഗമാവും. ഡൽഹിയിൽ കനത്ത മൂടൽമഞ്ഞുള്ളതിനാൽ രാവിലെ 10.30 നാണ് പരേഡ് തുടങ്ങുന്നത്. ജീവൻ ബലിയർപ്പിച്ച അയ്യായിരത്തിടുത്ത് സൈനികരുടെ ബന്ധുക്കൾക്ക് കൃതജ്ഞതാപത്രം സമർപ്പിക്കും.
സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികമായതിനാല്‍ 75 വിമാനവും ഹെലികോപ്‌റ്ററുകളും അണിനിരത്തി വ്യോമസേന ആകാശത്ത് ഫ്ലൈപാസ്റ്റ് ഒരുക്കും. 12 സംസ്ഥാനങ്ങളുടെയും മന്ത്രാലയങ്ങള്‍, വകുപ്പുകള്‍ എന്നിവയുടെ ഒന്‍പതും നിശ്ചല ദൃശ്യങ്ങളാണ് പരേഡില്‍ അണിനിരക്കുക. കേരളത്തിന്‍റെ നിശ്ചലദൃശ്യം ഒഴിവാക്കിയത് സംസ്ഥാനത്ത് വന്‍ വിവാദമായിരുന്നു.
ALSO READ: കൊവിഡിനെതിരെ രാജ്യം ശക്തമായി ചെറുത്ത് നിന്നുവെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ്
സൈനിക പരേഡിന്‍റെ ദൂരപരിധി കുറച്ച് 3.3 കിലോ മീറ്ററാക്കിയിട്ടുണ്ട്. നേരത്തേ 8.2 കിലോ മീറ്ററായിരുന്നു. 14,000 പേര്‍ക്കാണ് പരോഡ് കാണാന്‍ അവസരം. അതില്‍ 4000 പേര്‍ മാത്രമാണ് പൊതുജനങ്ങള്‍. പഞ്ചാബില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കുണ്ടായ സുരക്ഷാവീഴ്‌ചയുടെ പശ്ചാത്തലത്തില്‍ വന്‍ സുരക്ഷ നടപടികളോടെയാണ് ചടങ്ങ് സംഘടിപ്പിക്കുക.