ന്യൂഡല്‍ഹി : 24 മണിക്കൂറിനിടെ രാജ്യത്ത് 16,326 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതോടെ സജീവ കേസുകളുടെ എണ്ണം 1,73,728 ആയി. 666 മരണങ്ങളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്.
അതേസമയം രാജ്യത്തെ വലിയ സംസ്ഥാനങ്ങൾ 70 ശതമാനത്തിൽ താഴെ മാത്രമേ വാക്‌സിനേഷൻ നൽകിയിട്ടുള്ളൂവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രധാനമന്ത്രിയുടെ ഓഫിസിനെ അറിയിച്ചു. ബിഹാർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, ഉത്തർ പ്രദേശ്, തമിഴ്‌നാട്, പഞ്ചാബ്, പുതുച്ചേരി, നാഗാലാന്‍ഡ്, മേഘാലയ, മണിപ്പൂർ തുടങ്ങിയ സംസ്ഥാനങ്ങളാണ് 70 ശതമാനത്തിൽ താഴെ കുത്തിവയ്‌പ്പ് നടത്തിയിട്ടുള്ളത്.
ബിഹാറിലേക്ക് 73,167,435 വാക്‌സിൻ ഡോസുകൾ വിതരണം ചെയ്‌തപ്പോൾ 64,380,110 ഡോസുകൾ മാത്രമാണ് വ്യാഴാഴ്‌ച വരെ നൽകിയിട്ടുള്ളൂ. 21,752,490 ഡോസ് വിതരണം ചെയ്‌ത ജാർഖണ്ഡിൽ 18,412,385 ഡോസുകളുമാണ് ഉപയോഗിച്ചത്. പശ്ചിമ ബംഗാളിലും കൊവിഡ് വാക്‌സിനേഷൻ നിരക്ക് വളരെ കുറവാണ്. 67,301,890 ഡോസുകൾ ബംഗാളിന് നൽകിയപ്പോൾ 61, 546,655 ഡോസ് മാത്രമാണ് കുത്തിവച്ചത്.
ഉത്തർ പ്രദേശിൽ 133,184,135 വാക്‌സിൻ ഡോസുകൾ വിതരണം ചെയ്‌തിരുന്നു. എന്നാൽ 120,604,680 ഡോസ് മാത്രമാണ് നല്‍കിയത്. തമിഴ്‌നാട്ടിലും 70 ശതമാനത്തില്‍ താഴെയാണ് കുത്തിവയ്‌പ്പ്. സമാനമായ രീതിയിൽ നാഗാലാന്‍ഡ്, മണിപ്പൂർ, പുതുച്ചേരി, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലും 70 ശതമാനത്തിൽ കുറവ് വാക്‌സിനേഷൻ മാത്രമാണ് നടന്നത്.