ന്യൂഡൽഹി : ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ട് സൂചികയിൽ ( Hanley Passport Index) നില മെച്ചപ്പെടുത്തി ഇന്ത്യ. 2022 നെ അപേക്ഷിച്ച് അഞ്ച് സ്ഥാനങ്ങൾ ഉയർന്ന് ഇന്ത്യ മുന്നോട്ട് കുതിച്ചു. നിലവിൽ ലോക രാജ്യങ്ങളിൽ 80-ാം സ്ഥാനത്താണ് ഇന്ത്യൻ പാസ്‌പോർട്ടിന്‍റെ റാങ്ക്.
ഇൻഡോനേഷ്യ, തായ്‌ലൻഡ് ഉൾപ്പടെ 57 രാജ്യങ്ങളിൽ ഇന്ത്യക്കാർക്ക് വിസയില്ലാതെ യാത്ര ചെയ്യാം. ടോഗോ, സെനഗൽ എന്നീ രാജ്യങ്ങൾക്കൊപ്പമാണ് ഇന്ത്യ 80-ാം സ്ഥാനം പങ്കിടുന്നത്. എന്നാൽ, റഷ്യ, ജപ്പാൻ, ചൈന തുടങ്ങി മറ്റ് 177 രാജ്യങ്ങളിലേയ്‌ക്ക് പ്രവേശിക്കാൻ ഇന്ത്യക്കാർക്ക് വിസ ആവശ്യമാണ്.
ഭൂട്ടാൻ, നേപ്പാൾ, സെനഗൽ, സുരിനാം, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളിലുള്ളവർക്ക് ഇന്ത്യയിലേയ്‌ക്ക് പ്രവേശിക്കാൻ വിസ ആവശ്യമില്ല. കംബോഡിയ, ഇന്തോനേഷ്യ, ലാവോസ്, മ്യാൻമർ, കെനിയ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിൽ ഇന്ത്യൻ പാസ്‌പോർട്ട് ഉള്ളവർക്ക് വിസ ഓൺ അറൈവൽ (visa-on-arrival) സൗകര്യമുണ്ട്.
ജപ്പാനെ പിന്തള്ളി സിംഗപ്പൂർ : ചൊവ്വാഴ്‌ച പുറത്ത് വിട്ട ഹെൻലി പാസ്‌പോർട്ട് ഇൻഡക്‌സ് പ്രകാരം ആദ്യമായി ജപ്പാൻ സൂചികയിൽ ഒന്നാം സ്ഥാനത്ത് നിന്ന് പിന്തള്ളപ്പെട്ടു. പകരം സിംഗപ്പൂർ ഏറ്റവും ശക്തമായ പാസ്‌പോർട്ട് എന്ന അംഗീകാരം നേടി. 192 രാജ്യങ്ങളിലേയ്‌ക്ക് വിസ ഇല്ലാതെ സഞ്ചരിക്കാൻ സിംഗപ്പൂർ പാസ്‌പോർട്ട് ഉപയോഗിച്ച് സാധിക്കും.
കഴിഞ്ഞ അഞ്ച് വർഷമായി ഒന്നാം സ്ഥാനത്തായിരുന്ന ജപ്പാൻ ഇത്തവണ മൂന്നാം സ്ഥാനത്തേയ്‌ക്കാണ് പിന്തള്ളപ്പെട്ടത്. 189 രാജ്യങ്ങളിലേയ്‌ക്കാണ് ജപ്പാൻ പാസ്‌പോർട്ട് ഉപയോഗിച്ച് വിസ ഇല്ലാതെ യാത്ര ചെയ്യാനാകുക. ഒരു പതിറ്റാണ്ട് മുമ്പ് ഒന്നാം സ്ഥാനത്തായിരുന്ന അമേരിക്ക ഇത്തവണ എട്ടാം സ്ഥാനത്തേയ്‌ക്ക് പിന്തള്ളപ്പെട്ടു. 190 രാജ്യങ്ങളിലേയ്‌ക്ക് വിസയില്ലാതെ സഞ്ചരിക്കാവുന്ന പാസ്‌പോർട്ടുമായി ജർമനി, ഇറ്റലി, സ്‌പെയിൻ എന്നീ രാജ്യങ്ങളാണ് രണ്ടാം സ്ഥാനത്തുള്ളത്.
also read : വിദേശ യാത്രക്കൊരുങ്ങുമ്പോള്‍ ട്രാവല്‍ ഇന്‍ഷുറന്‍സ് ആവശ്യമോ? അറിയാം ട്രാവല്‍ ഇന്‍ഷുറന്‍സ് പരിരക്ഷകള്‍
അതേസമയം രണ്ട് സ്ഥാനങ്ങൾ ഉയർത്തി യുകെ നാലാം സ്ഥാനത്തേയ്‌ക്ക് ഉയർന്ന് നില മെച്ചപ്പെടുത്തിയിരിക്കുകയാണ്. 27 രാജ്യങ്ങളിലേയ്‌ക്ക് മാത്രം വിസ ഇല്ലാതെ പ്രവേശിക്കാവുന്ന അഫ്‌ഗാനിസ്ഥാൻ പാസ്‌പോർട്ടാണ് സൂചികയിൽ ഏറ്റവും താഴെയുള്ളത്. 103 മത് റാങ്കാണ് അഫ്‌ഗാനിസ്ഥാനുള്ളത്.
സൂചികയിൽ ഏറ്റവും പുറകിൽ : ഇറാഖ് (102), സിറിയ (101), പാകിസ്ഥാൻ (100), യെമൻ (99) എന്നീ രാജ്യങ്ങളാണ് അവസാനത്തെ അഞ്ച് സ്ഥാനങ്ങളിലുള്ള മറ്റ് രാജ്യങ്ങൾ. സൂചികയിൽ അവസാനമെത്തിയ രാജ്യങ്ങളെല്ലാം തീവ്രവാദികൾ, ഇസ്ലാമിസ്‌റ്റ് ഗ്രൂപ്പുകളായ ഐഎസ്‌ഐഎസ്, അൽ-ഖ്വയ്‌ദ തുടങ്ങിയ പലരിൽ നിന്നും കലാപം നേരിട്ടവരാണ്.
സൂചികയിലെ ആദ്യ 10 റാങ്കിലുള്ള രാജ്യങ്ങൾ :
- സിംഗപ്പൂർ
- ജർമ്മനി, ഇറ്റലി, സ്‌പെയിൻ
- ഓസ്‌ട്രിയ, ഫിൻലാൻഡ്, ഫ്രാൻസ്, ജപ്പാൻ, ലക്‌സംബർഗ്, ദക്ഷിണ കൊറിയ, സ്വീഡൻ
- ഡെൻമാർക്ക്, അയർലൻഡ്, നെതർലാൻഡ്‌സ്, യുകെ
- ബെൽജിയം, ചെക്ക് റിപ്പബ്ലിക്, മാൾട്ട, ന്യൂസിലാൻഡ്, നോർവേ, പോർച്ചുഗൽ, സ്വിറ്റ്‌സർലൻഡ്
- ഓസ്‌ട്രേലിയ, ഹംഗറി, പോളണ്ട്
- കാനഡ, ഗ്രീസ്
- ലിത്വാനിയ, അമേരിക്ക
- ലാത്വിയ, സ്ലൊവാക്യ, സ്ലോവേനിയ
- എസ്റ്റോണിയ, ഐസ്‌ലൻഡ്