ന്യൂഡൽഹി: ഇന്ത്യ-ന്യൂസിലാന്‍റ് ഉഭയകക്ഷി ചർച്ച നടത്തി. വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കറും ന്യൂസിലാന്‍റ് വിദേശകാര്യമന്ത്രി നാനയ മഹുഡയും തിങ്കളാഴ്‌ച ഫോണിലൂടെയാണ് ചർച്ച നടത്തിയത്. ഇന്തോ-പസഫിക് മേഖലയിലെ സഹകരണം, കൊവിഡ് അതിജീവനം തുടങ്ങിയ വിഷയങ്ങൾ ചർച്ചയായി. ന്യൂസിലന്‍റ് വിദേശകാര്യ മന്ത്രി മഹുഡയുമായുള്ള ഇന്ത്യയുടെ ആദ്യ ചർച്ചയാണിത്. ന്യൂസിലന്‍റിന്‍റെ വിദേശകാര്യ മന്ത്രിയായി നിയമിതയായ ആദ്യ വനിതയാണ് നാനയ മഹുഡ.
ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഇന്തോ-പസഫിക് മേഖലയിൽ സമാധാനം, പുരോഗതി, സ്ഥിരത എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും ഇരു മന്ത്രിമാരും ധാരണയിലെത്തിയെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. 2020 സെപ്റ്റംബറിലെ കണക്ക് പ്രകാരം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 1.65 ബില്യൺ യുഎസ് ഡോളറായിരുന്നു. ന്യൂസിലാന്‍റിന്‍റെ പതിനൊന്നാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ.