മുംബൈ: കൊവിഡ് രാജ്യത്തെ ആരോഗ്യ മേഖലയിൽ വരുത്തിവച്ച നഷ്ടങ്ങളിൽ നിന്ന് ഇന്ത്യ പഠിക്കുകയും ആരോഗ്യ മേഖല മെച്ചപ്പെടുത്തുകയും ചെയ്യണമെന്ന് പ്രശസ്ത എഴുത്തുകാരൻ ചേതൻ ഭഗത്. ഗൾഫ് മഹാരാഷ്ട്ര ബിസിനസ് ഫോറം ശനിയാഴ്ച സംഘടിപ്പിച്ച സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2020ൽ മറ്റ് രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി വാക്സിനേഷനെ ഗൗരവമായി എടുക്കാത്ത സാഹചര്യമാണ് രാജ്യത്ത് ഉണ്ടായതെന്നും കൊവിഡ് പ്രതിസന്ധിയിൽ നിന്ന് രാജ്യത്തിനുണ്ടായ ഏക നല്ല കാര്യം പാഠം പഠിക്കാനായി എന്നത് മാത്രമാണെന്നും ചേതൻ ഭഗത് പറഞ്ഞു.
ബു അബ്ദുല്ല ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ഡോ. ബു അബ്ദുല്ല സമ്മേളനത്തില്‍ വിശിഷ്ടാതിഥിയായി. മഹാരാഷ്ട്രയിലെ 20000ഓളം പേർക്ക് മഹാമാരി സമയത്ത് സംഘടന പിന്തുണയും സഹായവും നൽകിയിട്ടുണ്ടെന്ന് ഗൾഫ് മഹാരാഷ്ട്ര ബിസിനസ് ഫോറം പ്രസിഡന്‍റ് ഡോ. സുനിൽ മഞ്ജ്‌രേകർ പറഞ്ഞു.
Also Read: സംസ്ഥാനത്ത് 28,514 പേര്‍ക്ക് കൂടി കൊവിഡ്, 176 മരണം
അതേസമയം, കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം രാജ്യത്തെ മൊത്തം കൊവിഡ് കേസുകൾ 2,62,89,290 ആയി. ആകെ മരണസംഖ്യ 2,95,525ഉം ആണ്. നിലവിൽ 29,23,400 പേർ രോഗം ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലുണ്ട്. 2,30,70,365 പേർ ഇതുവരെ രോഗമുക്തി നേടി.