ജി20 ഉച്ചകോടിക്കിടെ (G20 Summit) പ്രഖ്യാപിക്കപ്പെട്ട ഇന്ത്യ മിഡിൽ ഈസ്‌റ്റ് (India Middle East) സാമ്പത്തിക ഇടനാഴി ഇന്ത്യയ്ക്കും പദ്ധതിയുടെ ഭാഗമാകുന്ന രാജ്യങ്ങൾക്കും ചരിത്ര നേട്ടം തന്നെയാണ്. തെരഞ്ഞെടുപ്പ് വർഷമായ 2024ൽ ഇത് ജോബൈഡനും നരേന്ദ്ര മോദിക്കും (Narendra Modi) വോട്ടായി മാറുമോ? തർക്കങ്ങൾ അടങ്ങിയേക്കാം, ശത്രുക്കൾ മിത്രങ്ങളായേക്കാം, വാണിജ്യതാൽപ്പര്യാർഥം ഒന്നിച്ചവർ ചൈനയുടെ പ്രമാണിത്തം തകർത്തേക്കാം. ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ നായകത്വത്തിലേക്ക് ഇന്ത്യ (India) ഉയർന്നു വരും. ചൈനയ്ക്ക് (China) ബദൽ ആയി പാശ്ചാത്യ രാജ്യങ്ങൾ ഇന്ത്യയെ പരിഗണിക്കും (India Middle East Europe Economic Corridor).
2013ലാണ് തങ്ങളുടെ സാമ്പത്തിക അധീശത്വം ഉറപ്പിക്കാൻ ബോർഡർ റോഡ് ഇനീഷ്യേറ്റീവ് എന്ന മർമ്മ പ്രധാന സാമ്പത്തിക പശ്ചാത്തല വികസന പദ്ധതിയുമായി ചൈന ഒരുമ്പെട്ടിറങ്ങിയത്. പദ്ധതിയുടെ ഭാഗമാകുന്ന അംഗ രാജ്യങ്ങളിലേക്ക് വാണിജ്യത്തിലൂടെ തങ്ങളുടെ സാമ്പത്തിക സ്വാധീനം വ്യാപിപ്പിക്കുക തന്നെയായിരുന്നു ചൈനയുടെ ലക്ഷ്യം. അയൽക്കാരാണെങ്കിലും ഇന്ത്യ പദ്ധതിയിൽ പങ്കാളിയായിരുന്നില്ല.
തങ്ങളുടെ അഭിമാന പദ്ധതിയുടെ പത്താം വാർഷികം ചൈന ആഘോഷിക്കാനിരിക്കുന്നതിനു മുമ്പ് തന്നെ ജി 20 രാഷ്ട്രങ്ങൾ ഇതേ മേഖലയിൽ മറ്റൊരു പശ്ചാത്തല വികസന പദ്ധതി സംബന്ധിച്ച് ധാരണയിലെത്തുകയും ഒട്ടും കാത്തിരിക്കാതെ പ്രഖ്യാപനം നടത്തുകയും ചെയ്തു. ഇന്ത്യയെ പശ്ചിമേഷ്യയുമായും അതു വഴി യൂറോപ്പുമായും കപ്പൽ റെയിൽ മാർഗ്ഗങ്ങളിലൂടെ ബന്ധിപ്പിക്കുന്നതാണ് നിർദ്ദിഷ്ട ഇന്ത്യാ മിഡിൽ ഈസ്റ്റ് യൂറോപ്പ് ഇക്കണോമിക്ക് കോറിഡോർ. ന്യൂഡൽഹിയിൽ നടന്ന കേവലം രണ്ട് ദിവസത്തെ ഉച്ചകോടിക്കിടെ പദ്ധതിയുടെ ഭാഗമായ രാജ്യങ്ങൾ വാണിജ്യ വേഗം കൂട്ടാനും ചരക്ക് നീക്കം സുഗമമാക്കാനും ഉദ്ദേശിച്ചുള്ള പദ്ധതി സംബന്ധിച്ച ധാരണയിലെത്തുകയായിരുന്നു.
ഇന്ത്യയെ സൌദി അറേബ്യ വഴി യൂറോപ്പുമായി ബന്ധിക്കുകയെന്നതാണ് പദ്ധതി വഴി ഉദ്ദേശിക്കുന്നത്. അതായത് ഇന്ത്യയിലേയും സൌദിയിലേയും യൂറോപ്പിലേയും തുറമുഖങ്ങളെ റെയിൽ മാർഗ്ഗം ബന്ധിപ്പിക്കുകയും കപ്പൽ വഴി തുറമുഖങ്ങളിൽ നിന്ന് തുറമുഖങ്ങളിലേക്ക് ചരക്ക് നീക്കം സാധ്യമാക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ് ഇടനാഴി യാഥാർത്ഥ്യമാകുന്നതോടെ സാധ്യമാവുക. ഇതൊക്കെ പദ്ധതിയുടെ സാമ്പത്തിക വശങ്ങളാണെങ്കിൽ രാഷ്ട്രീയമായ മറ്റൊരു വശവും ഈ സാമ്പത്തിക ഇടനാഴിക്കുണ്ട്. ചൈനയുടെ ബോർഡർ റോഡ് ഇനീഷ്യേറ്റീവ് പദ്ധതിയെ ഈ ബ്രഹദ് പദ്ധതി അപ്രസക്തമാക്കും. മാത്രവുമല്ല മേഖലയിൽ പാക്കിസ്ഥാന് അവകാശപ്പെടാനുണ്ടായിരുന്ന തന്ത്ര പരവും രാഷ്ട്രീയവുമായ പ്രാമുഖ്യവും ഇതോടെ ഇല്ലാതാവും.
ഇന്ത്യയെ മധ്യേഷ്യയുമായി ബന്ധിപ്പിക്കാനുള്ള കരമാർഗമുള്ള ചരിത്രപരമായ നൈസർഗിക പാത പാക്കിസ്ഥാൻ വഴിക്കാണ്. എന്നാൽ വിഭജനം തൊട്ടിങ്ങോട്ട് ഇരുരാജ്യങ്ങളും തമ്മിൽ തുടർന്നു വരുന്ന ശത്രുതയും അതിർത്തിയിൽ വർദ്ധിച്ചു വരുന്ന സംഘർഷങ്ങളും കാരണം ഇന്ത്യയിൽ നിന്ന് മധ്യേഷ്യയിലേക്കും അതിനുമപ്പുറത്തേക്കുമുള്ള ഈ സ്വാഭാവിക വാണിജ്യ പാത അനാദായകരവും അനാകർഷകവും അനാവശ്യവുമായി മാറി. ഇപ്പോൾ ഇന്ത്യ മിഡിൽ ഈസ്റ്റ് യൂറോപ്പ് സാമ്പത്തിക ഇടനാഴി യാഥാർത്ഥ്യമാകുമ്പോൾ ഏഷ്യയും യൂറോപ്പും തമ്മിലാണ് സാമ്പത്തികമായി ബന്ധിപ്പിക്കപ്പെടുന്നത്.
അതോടെ കാശ്മീർ പോലുള്ള ചില തർക്ക വിഷയങ്ങളൊഴിച്ചാൽ പാക്കിസ്ഥാൻ ഇന്ത്യയെ സംബന്ധിച്ചും തീർത്തും അപ്രസക്തരാവും. ചൈനക്കാകട്ടെ തുടങ്ങിവെച്ച ബോർഡർ റോഡ് ഇനീഷ്യേറ്റീവ് പോലെ, ചൈനാ –പാക്ക് ഇക്കണോമിക്ക് കോറിഡോർ പോലെയുള്ള പദ്ധതികൾ പൂർത്തിയാക്കിയെടുക്കുന്നതിൽ നേരിടാനിടയുള്ള തടസ്സങ്ങൾ ഇരു രാജ്യങ്ങളുടേയും ബന്ധത്തെത്തന്നെ ബാധിച്ചേക്കാം. ഇപ്പോൾത്തന്നെ ഗിൽഗിത് ബാൾട്ടിസ്ഥാനാണെങ്കിലും ബലൂചിസ്ഥാനാണെങ്കിലും പദ്ധതി കടന്നു പോകുന്ന പ്രവിശ്യകളിൽ നിന്ന് കനത്ത എതിർപ്പാണ് ഉയരുന്നത്. പദധതി നിർവഹണത്തിൽ നേരിടുന്ന തടസ്സങ്ങൾ ഇരുരാജ്യങ്ങളുടേയും സൌഹൃത്തിൽ വിള്ളൽ വീഴ്ത്താൻ വരെ ഇടയാക്കിയേക്കാം.
ഇന്ത്യക്കാവട്ടെ സുഗമമായ വാണിജ്യ ചരക്ക് നീക്കത്തിന് ബദൽ പാത തുറന്നു കിട്ടിയിരിക്കുകയാണ്. പദ്ധതി വൈകിപ്പിക്കാൻ പാക്കിസ്ഥാനും ചൈനയും അവരുടെ കൂട്ടാളികളുമൊക്കെ ശ്രമിച്ചേക്കാം. ഏറെ നാൾ പാക്കിസ്ഥാൻറെ സുഹൃത്തായിരുന്ന സൌദി അറേബ്യ തന്നെയാണ് ഈ സാമ്പത്തിക ഇടനാഴിയുടെ പ്രധാന പ്രയോക്താക്കൾ എന്നതാണ് ഏറ്റവും പ്രധാനം.
ഇന്ത്യാ മിഡിൽ ഈസ്റ്റ് യൂറോപ്പ് വാണിജ്യസാമ്പത്തിക ഇടനാഴിയെന്ന ആശയത്തിൻറെ തന്നെ തുടക്കം റിയാദിൽ നിന്നാണെന്നതാണ് കൌതുകകരം. അമേരിക്ക, ഇന്ത്യ, യുഎഇ, സൌദി രാജ്യങ്ങളുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ റിയാദിൽ കൂടിച്ചേർന്നപ്പോഴാണ് ഈ ആശയം നാമ്പെടുത്തത്.അതു കൊണ്ടു തന്നെ പദ്ധതി അട്ടിമറിക്കാൻ സൌദിയെ സ്വാധീനിക്കാനാകുമെന്ന ചിന്തയ്ക്കു പോലും പ്രസക്തിയില്ല.
പദ്ധതിയിൽ ഇസ്രായോലിൻറെ പങ്കാളിത്തം ഒരു പക്ഷേ സൌദിക്ക് പ്രശ്നമായേക്കുമായിരുന്നു. പക്ഷേ അതും മുൻകൂട്ടിക്കണ്ട് സൌദിയേയും ഇസ്രായേലിനേയും ഉടമ്പടിയുടെ ഭാഗമാക്കാൻ അമേരിക്കക്ക് കഴിഞ്ഞു. ഇന്ത്യയും ഇടനാഴിയുടെ ഭാഗമാകുന്ന മറ്റ് രാജ്യങ്ങളും തമ്മിലുള്ള യാത്രാ സമയം പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ 35 ശതമാനം കുറയ്ക്കാൻ കഴിയും.പദ്ധതിയുടെ വിശദാംശങ്ങൾ ഇനിയും പുറത്തു വന്നിട്ടില്ലെങ്കിലും ഇന്ധന, ഊർജ്ജ വൈദ്യുത രംഗങ്ങളിൽ അംഗരാജ്യങ്ങൾ തമ്മിൽ പരസ്പരം കോർത്തിണക്കം ഉണ്ടാകുമെന്നും ഡിജിറ്റൽ മാർഗത്തിൽ സംയോജനം ഉണ്ടാകുമെന്നുമാണ് കരുതുന്നത്.
ഈ സാമ്പത്തിക ഇടനാഴി കാരണം ഇന്ത്യക്ക് കൈവരുന്നനേട്ടങ്ങൾ ചെറുതല്ല. മധ്യേഷ്യയുമായി ചഹബർ തുറമുഖം വഴി ബന്ധിപ്പിക്കണമെന്നത് ഇന്ത്യയുടെ ദീർഘ നാളത്തെ ആഗ്രഹമായിരുന്നു. ചാഹബർ തുറമുഖവും സാഹേദാനും തമ്മിൽ റെയിൽ വഴി കൂട്ടിയിണക്കണമെന്നും ഇന്ത്യ ആഗ്രഹിച്ചിരുന്നു.പാക്കിസ്ഥാൻ വഴിയല്ലാതെ പശ്ചിമേഷ്യയിലേക്ക് ചരക്ക് പാത തുറക്കാൻ ഇത് വഴി സാധിക്കുമായിരുന്നു. പക്ഷേ പാക്കിസ്ഥാൻറെ ഇംഗിതത്തിന് വഴങ്ങി ചൈന ഇത് തടസ്സപ്പെടുത്തുകയായിരുന്നു. ഇറാനുമായി ഏറ്രുമുട്ടലിൻറെ പാതയിലുള്ള അമേരിക്കക്കും ഇതിൽ വലിയ താൽപ്പര്യമില്ലായിരുന്നു. ഇറാനിലെ സിസ്താൻ ബലോചിസ്താൻ പ്രവിശ്യയിലെ ഇന്ത്യയുടെ തുറമുഖമാണ്ചാഹബർ.
ഇന്ത്യയും സൌദിയും യു എഇയും യൂറോപ്പും ഇസ്രായേലും അടക്കം സാമ്പത്തിക ഇടനാഴിയുടെ ഭാഗമാകുന്ന രാജ്യങ്ങളിലേക്ക് വാണിജ്യ ചരക്ക് നീക്കം മാത്രമല്ല സാധ്യമാവുക. ഗതാഗത പാതയോടൊപ്പം റെയിൽ പാതയ്ക്ക് സമാന്തരമായി ഇലക്ട്രിക്ക്, ഇന്ധന ഊർജ്ജ പൈപ്പ് ലൈനുകളും നിർമ്മിക്കാൻ രാജ്യങ്ങൾ തമ്മിൽ ധാരണയിലെത്തിയിരുന്നു. പദ്ധതിയിൽ സഹകരിക്കുന്ന രാജ്യങ്ങൾക്കുള്ള ഊർജ്ജ സുരക്ഷയും ഇതിലൂടെ സാധ്യമാവും.
ചൈനയുടെ അധീശത്വ അധിനിവേശ രീതികളോട് എതിർപ്പുള്ള രാജ്യങ്ങൾ പുതിയ സാമ്പത്തിക ഇടനാഴിയെ പ്രതീക്ഷയോടെയാണ് കാണുന്നത്. ഇത് ചൈനയുടെ വ്യാപാര വാണിജ്യ കുത്തക തകർക്കും.ചൈനയ്ക്ക് ബദലായി ഏഷ്യൻ ശക്തിയായി ഇന്ത്യ ഉയർന്നു വരണമെന്ന് പാശ്ചാത്യ ലോകം ആഗ്രഹിക്കുന്നു.
സാമ്പത്തിക ഇടനാഴി പ്രഖ്യാപനം വന്നതോടെ ലോക രാഷ്ട്രങ്ങളിൽ പലതിൻറേയും വീക്ഷണങ്ങളിലും മാറ്റം പ്രകടമായിത്തടങ്ങിയിട്ടുണ്ട്. ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയുടെ വാക്കുകൾ ശ്രദ്ധേയമായിരുന്നു. ചൈന നേതൃത്വം നൽകുന്ന ബോർഡർ റോഡ് ഇനീഷ്യേറ്റീവ് പദ്ധതിയിൽ നിന്ന് പിന്മാറാനും സാമ്പത്തിക ഇടനാഴിയുടെ ഭാഗമാകാനും തങ്ങൾഒരുക്കമാണെന്നായിരുന്നു ഇറ്റലി വ്യക്തമാക്കിയത്. ജി 20 ൻറെ ഭാഗമാകുന്ന ആഫ്രിക്കൻ യൂണിയനും ആഗോള തലത്തിൽ ഇന്ത്യയുടെ നേതൃത്വത്തെ അംഗീകരിക്കുന്നു. വികസ്വര രാജ്യങ്ങളോടും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രാജ്യങ്ങളോടുമുള്ളചൈനീസ് നിലപാട് തന്നെയാണ് അവർക്ക് തിരിച്ചടിയാവുന്നത്.
ജി 20 ഉച്ചകോടിയിൽ രാഷ്ട്രീയ സാമ്പത്തിക നയതന്ത്ര പ്രാധാന്യം ഏറെയുള്ള സാമ്പത്തിക ഇടനാഴി പ്രഖ്യാപിക്കാൻ കഴിഞ്ഞത് രാഷ്ട്രത്തലവൻമാരെന്നനിലയിൽ നരേന്ദ്ര മോദിക്കും ജോ ബൈഡനും അഭിമാനത്തിന് വക നൽകുന്നതാണ്. അമേരിക്കയിൽ പ്രസിഡണ്ട് ബൈഡൻറെ നില ഏറെ പരുങ്ങലിൽ നിൽക്കുന്ന വേളയിലായിരുന്നു പ്രഖ്യാപനം വന്നത്. മുൻഗാമി ഡൊണാൾഡ് ട്രംപിൽ നിന്ന് വ്യത്യസ്തനായി ഇസ്രായേൽ വിഷയത്തിൽ ബൈഡന് ഏറെയൊന്നും ചെയ്യാൻ കഴിയാഞ്ഞത് ജൂത ലോബിക്കിടയിൽ അദ്ധേഹത്തെ അനഭിമതനാക്കിയിരുന്നു.
ജെറുസലേമിൽ അമേരിക്കൻ നയതന്ത്ര ദൗത്യം സാധ്യമാക്കിയത് ഡൊണാൾഡ് ട്രംപിന് വിജയമായെങ്കിൽ അക്കാര്യത്തിൽ ബൈഡന് ഏറെയൊന്നും മുന്നേറാൻ കഴിഞ്ഞിരുന്നില്ല. അതിന് പരിഹാരമെന്നോണം ഇസ്രായേലിനേയും സൌദിയേയും കോർത്തിണക്കിക്കൊണ്ട് അമേരിക്കൻ മധ്യസ്ഥതയിൽ സാമ്പത്തിക ഇടനാഴി പ്രഖ്യാപിക്കുമ്പോൾ അത് ബൈഡന് അവകാശപ്പെടാവുന്ന നേട്ടമാണ്. ഇസ്രായേൽ അറബ് ഏറ്റുമുട്ടലിന് വിരാമമിടാനും സൌദി ഇസ്രായേലിനെ അംഗീകരിക്കാനും തയ്യാറാവുന്നതോടെ ബൈഡന് ആശ്വസിക്കാം. അടുത്ത വർഷം നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ ബൈഡനും മോദിക്കും ഈ പെരുമ വോട്ടാക്കാൻ സാധിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്.