ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 578 ആയി. കേന്ദ്ര ആരോഗ്യമന്ത്രാലയം ഇന്ന് പുറത്തുവിട്ട കണക്ക് പ്രകാരം കഴിഞ്ഞ 24 മണിക്കൂറില്‍ 156 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇതുവരെയുള്ളതില്‍ വച്ച് ഒമിക്രോണ്‍ കേസുകളുടെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്.
ഇതുവരെ രാജ്യത്ത് സ്ഥിരീകരിച്ച 578 ഒമിക്രോണ്‍ കേസുകളില്‍ 151 പേര്‍ക്ക് രോഗം ഭേദമാകുകയോ അല്ലെങ്കില്‍ രാജ്യം വിട്ടുപോകുകയോ ചെയ്തെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയിലെ പത്തൊമ്പത് സംസ്ഥാന- കേന്ദ്ര ഭരണ പ്രദേശങ്ങളിലാണ് ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ഡല്‍ഹിയിലാണ്. 142 ഒമിക്രോണ്‍ കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്ര 141, കേരളം 57,ഗുജറാത്ത് 49, രാജസ്ഥാന്‍ 43, തെലങ്കാന 41 ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 6,531 പേര്‍ക്ക് കൂടി കൊവിഡ് റിപ്പോര്‍ട്ട്ചെയ്തു. ഇതോടുകൂടി ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,47,93,333 ആയി. ഇന്ന് രാവിലെ എട്ട് മണിക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം ഇന്ത്യയില്‍ നിലവില്‍ 75,841 പേരാണ് കൊവിഡ് ചികിത്സയിലുള്ളത്.
ALSO READ:കൊവിഡ് വൈറസിന്‍റെ അവസാന വകഭേദമായിരിക്കില്ല ഒമിക്രോണ്‍ ; എത്രയെണ്ണം ഉണ്ടാകാം ?
315 കോവിഡ് മരണങ്ങള്‍ കൂടി രാജ്യത്ത് റിപ്പോര്‍ട്ട്ചെയ്തു. ആകെ കൊവിഡ് മരണം 4,79,997 ആയി. രാജ്യത്ത് ദിനംപ്രതി കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം കഴിഞ്ഞ 60 ദിവസമായി 15,000ത്തില്‍ താഴെയാണ്.
ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണത്തിന്‍റെ 0.22 ശതമാനമാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം. ഇത് 2020 മാര്‍ച്ച് മുതലുള്ള ഏറ്റവും കുറഞ്ഞ നിരക്കാണ്. രാജ്യത്ത് ഇപ്പോള്‍ കോവിഡ് മുക്തി നിരക്ക് 98.40 ശതമാനമാണ്.
കഴിഞ്ഞ 24 മണിക്കൂറില്‍ നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ 925ന്‍റെ കുറവ് രേഖപ്പെടുത്തി. രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ട് കോടി കവിഞ്ഞത് ഈ വര്‍ഷം മെയ് നാലിനും മൂന്ന് കോടി കവിഞ്ഞത് ജൂണ്‍ 23നുമായിരുന്നു.