ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് സാഹചര്യം മെച്ചപ്പെടുന്നുവെന്ന സൂചന നല്‍കി പുതിയ കണക്കുകള്‍. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 10,853 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒരു മാസമായി 20,000 ത്തില്‍ താഴെയാണ് പ്രതിദിന കൊവിഡ് നിരക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്.
രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 1,44,845 ആണ്. കഴിഞ്ഞ 260 ദിവസത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. നിലവിലെ രോഗമുക്തി നിരക്ക് 98.24 ശതമാനമാണ്. കഴിഞ്ഞ ദിവസം 2,105 പേരാണ് രോഗമുക്തി നേടിയത്. പ്രതിദിന പോസിറ്റിവിറ്റി നിരക്കിലും കുറവുണ്ട്. 1.18 ശതമാനമാണ് നിലവിലെ നിരക്ക്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.28 ശതമാനമാണ്.
അതേസമയം, 526 പേര്‍ കൂടി കൊവിഡിന് കീഴടങ്ങിയതോടെ രാജ്യത്തെ മരണ നിരക്ക് 4,60,791 ആയി ഉയര്‍ന്നു. മഹാരാഷ്‌ട്രയിലാണ് ഏറ്റവുമധികം കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്. കര്‍ണാടക, തമിഴ്‌നാട്, കേരളം, ഡല്‍ഹി, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളാണ് അടുത്ത 6 സ്ഥാനങ്ങളില്‍. നിലവിലെ രാജ്യത്തെ മരണനിരക്ക് 1.34 ശതമാനമാണ്.
രാജ്യത്തെ വാക്‌സിനേഷന്‍ ഡ്രൈവ് 108.21 കോടി കടന്നു. കഴിഞ്ഞ ദിവസം 25,54,917 വാക്‌സിന്‍ ഡോസുകളാണ് രാജ്യത്താകമാനം വിതരണം ചെയ്‌തത്.
Also read: ഡല്‍ഹിയിലെ വായു മലിനീകരണം കൊവിഡ് മൂന്നാം തംരഗത്തിന് ഇടയാക്കുമോ? മുന്നറിയിപ്പുമായി എയിംസ് മേധാവി