ന്യൂഡൽഹി: രാജ്യത്ത് ബ്രിട്ടനിൽ നിന്നുള്ള വിമാന സർവീസുകളുടെ വിലക്ക് ഡിസംബർ 31 വരെ നീട്ടാൻ സാധ്യതയെന്ന് വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി. കൊവിഡിന്‍റെ പുതിയ വകഭേദം ബ്രിട്ടനിൽ കണ്ടെത്തിയതിനെ തുടർന്ന് ഡിസംബർ 21 മുതലാണ് വിമാന സർവീസുകൾ താൽകാലികമായി നിർത്തലാക്കിയത്. ബ്രിട്ടനിൽ നിന്ന് ഇന്ത്യയിലെത്തിയ ആറ് പേർക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു.
ബെംഗളുരു നിംഹാന്‍സിന്‍ നടത്തിയ പരിശോധനയില്‍ മൂന്ന് പേര്‍ക്കും ഹൈദരാബാദിലെ സെന്‍റർ ഫോർ സെല്ലുലാർ ആന്‍റ് മോളിക്യുലാർ ബയോളജിയില്‍ നടത്തിയ പരിശോധനയില്‍ രണ്ട് പേര്‍ക്കും പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയില്‍ ഒരാള്‍ക്കുമാണ് വകഭേദം വന്ന വൈറസ് ബാധ സ്ഥിരീകരിച്ചത്. എയർ ഇന്ത്യ, വിസ്‌താര, ബ്രിട്ടീഷ് എയർവേസ്, വെർജിൻ അറ്റ്ലാന്‍റിക് ഉൾപ്പെടെ ആഴ്‌ചയിൽ ഇന്ത്യ-യുകെ സർവീസ് നടത്തുന്നത് 67 വിമാനങ്ങളാണ്. രണ്ടായിരത്തോളം യാത്രക്കാരാണ് ദിവസവും ലണ്ടനിലേക്ക് യാത്ര ചെയ്യുന്നത്.