തിരുപ്പതി: കൊവിഡ് കാലത്ത് മറ്റുള്ള രാജ്യങ്ങളെ സഹായിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴില്‍ ഇന്ത്യ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് റെയില്‍വേ വകുപ്പ് മന്ത്രി പീയുഷ് ഗോയല്‍. തിരുപ്പതി ക്ഷേത്രത്തിലെ സന്ദര്‍ശനത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊവിഡിനെ പ്രതിരോധിക്കുന്നതില്‍ 130 കോടി ജനങ്ങളുള്ള രാജ്യം മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നതായും അദ്ദേഹം പറഞ്ഞു. മഹാമാരിയുടെ സമയത്ത് ഇന്ത്യ മറ്റൊരു രാജ്യത്തേയും ആശ്രയിച്ചിരുന്നില്ലെന്നും മറ്റ് രാജ്യങ്ങള്‍ക്ക് സഹായം നല്‍കുകയാണുണ്ടായതെന്നും ഗോയൽ അവകാശപ്പെട്ടു.
150ല്‍ കൂടുതല്‍ രാജ്യങ്ങള്‍ക്ക് മരുന്നും മറ്റ് സാഗ്രമികളും എത്തിച്ചതായും 75ല്‍ പരം രാജ്യങ്ങള്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കിയതായും അദ്ദേഹം പറഞ്ഞു. മാസ്ക് ധരിച്ചും മറ്റു കൊവിഡ് നിബന്ധനകള്‍ പാലിച്ചും ജനങ്ങള്‍ സ്വയരക്ഷ തീര്‍ക്കണമെന്നും എല്ലാവര്‍ക്കും വാക്സിന്‍ ലഭിക്കുന്നത് വരേയും, മറ്റ് ചികിത്സ കണ്ടെത്തും വരെയും കാത്തിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.