ന്യൂഡൽഹി: ഇന്ത്യയിൽ ആദ്യമായി ഒരു സ്വകാര്യ കമ്പനി നിർമിച്ച റോക്കറ്റ് വിക്ഷേപണത്തിനൊരുങ്ങുന്നു. 'വിക്രം എസ്' എന്ന പേരിൽ നിർമിച്ച റോക്കറ്റ് നവംബർ 12 നും 16 നും ഇടയിൽ വിക്ഷേപിക്കുമെന്ന് ഹൈദരാബാദ് ആസ്ഥാനമായുള്ള ബഹിരാകാശ സ്റ്റാർട്ടപ്പ് കമ്പനി സ്‌കൈറൂട്ട് എയ്‌റോസ്‌പേസ് പ്രഖ്യാപിച്ചു. 'പ്രാരംഭ്' എന്ന് പേരിട്ടിരിക്കുന്ന സ്‌കൈറൂട്ട് എയ്‌റോസ്‌പേസിന്‍റെ കന്നി ദൗത്യം ശ്രീഹരിക്കോട്ടയിലെ ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷന്‍റെ ലോഞ്ച്‌പാഡിൽ നിന്നാണ് വിക്ഷേപിക്കുന്നത്.
കാലാവസ്ഥ സാഹചര്യങ്ങളെ അടിസ്ഥാനമാക്കി വിക്ഷേപണത്തിന്‍റെ അന്തിമ തീയതി പിന്നീട് നിശ്ചയിക്കുമെന്നും സ്‌കൈറൂട്ട് എയ്‌റോസ്‌പേസ് സിഇഒയും സഹസ്ഥാപകനുമായ പവൻ കുമാർ ചന്ദന അറിയിച്ചു. ഈ ദൗത്യത്തിലൂടെ ബഹിരാകാശത്തേക്ക് റോക്കറ്റ് വിക്ഷേപിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ബഹിരാകാശ കമ്പനിയായി സ്‌കൈറൂട്ട് എയ്‌റോസ്‌പേസ് മാറും. വിക്രം എസ് റോക്കറ്റ് ഒരു സിംഗിൾ സ്റ്റേജ് സബ് ഓർബിറ്റൽ ലോഞ്ച് വെഹിക്കിൾ ആണ്.
വിക്രം സീരിസിലെ ബഹിരാകാശ വിക്ഷേപണ വാഹനങ്ങളിലെ ഭൂരിഭാഗം സാങ്കേതികവിദ്യകളും പരീക്ഷിക്കാൻ ഈ ദൗത്യം സഹായകമാകുമെന്ന് കമ്പനി അറിയിച്ചു. ഐഎസ്‌ആർഒയുടെയും ഇൻ സ്‌പേസിന്‍റെയും പിന്തുണയോടെയാണ് വിക്രം എസ് പൂർത്തിയാക്കിയത്. ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ സ്ഥാപകനും ശാസ്‌ത്രജ്‌ഞനുമായ വിക്രം സാരാഭായിയോടുള്ള ആദരസൂചകമായാണ് സ്‌കൈറൂട്ടിന്‍റെ വിക്ഷേപണ വാഹനങ്ങൾക്ക് ‘വിക്രം’ എന്ന് പേരിട്ടിരിക്കുന്നത്.