ഹൂബ്ലി : ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ കൈത്തോക്ക് വികസിപ്പിച്ച് ഹൂബ്ലി ജില്ലക്കാരനായ അങ്കുഷ് കൊരവി. ഈ കൈത്തോക്കിന് അടല്‍(ATAL) എന്നാണ് പേരിട്ടിരിക്കുന്നത്.അങ്കുഷിന്‍റെ നേതൃത്വത്തിലുള്ള ആസ്റ്റര്‍ ഡിഫന്‍സ് പ്രൈവറ്റഡ് ലിമിറ്റഡ് എന്ന സ്റ്റാര്‍ട്ട് അപ്പ് കമ്പനി തോക്കുകള്‍ ഉടന്‍ വ്യാവസായിക അടിസ്ഥാനത്തില്‍ നിര്‍മിക്കും.
ഇന്ത്യന്‍ സൈന്യത്തിനും രാജ്യത്തെ മറ്റ് സായുധ സേനകള്‍ക്കുംവേണ്ടി ഉന്നത നിലവാരമുള്ള കൈത്തോക്കുകള്‍ നിര്‍മിക്കുകയാണ് കമ്പനി ലക്ഷ്യം വയ്ക്കുന്നതെന്ന് അങ്കുഷ് കൊരവി പറഞ്ഞു. രണ്ടാം ലോകമഹായുദ്ധ കാലത്തുള്ള കൈത്തോക്കുകളാണ് ഇന്ത്യന്‍ സൈന്യം ഉപയോഗിക്കുന്നതെന്ന് അങ്കുഷ് വ്യക്തമാക്കി. തദ്ദേശീയമായി വികസിപ്പിച്ച ഉന്നത നിലവാരമുള്ള കൈത്തോക്കുകള്‍ ഇന്ത്യയില്‍ ഇല്ല.
ഈ പ്രശ്‌നം പരിഹരിക്കുകയാണ് തങ്ങളുടെ ലക്ഷ്യം. എന്‍ജിനീയറിങ് പഠനകാലത്ത് തന്നെ ഉന്നത നിലവാരമുള്ള കൈത്തോക്ക് രൂപകല്‍പ്പന ചെയ്യണമെന്നുള്ള ചിന്ത തന്‍റെ മനനസിലുണ്ടായിരുന്നു. അതിലൂടെ ഇന്ത്യന്‍ സൈന്യത്തെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അങ്കുഷ് മാധ്യമങ്ങളോട് പറഞ്ഞു.
അടലിലെ എല്ലാ ഭാഗങ്ങളും തദ്ദേശീയമായി നിര്‍മിച്ചവയാണ്. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് വെടിയുതിര്‍ക്കുന്നത് നിയന്ത്രിക്കാന്‍ അടലിന് കഴിയും. ഏറ്റവും സുരക്ഷിതവും എളുപ്പത്തില്‍ കൊണ്ട് നടക്കാന്‍ കഴിയുന്നതുമാണ് ഈ കൈത്തോക്ക്. ഇന്ത്യയിലെ സാഹചര്യങ്ങള്‍ക്ക് അനുസൃതമായാണ് അടലിന്‍റെ രൂപകല്‍പ്പനയെന്നും അങ്കുഷ് വ്യക്തമാക്കി.
അലോയി സ്റ്റീലും പോളിമര്‍ ഫ്രെയിമുമാണ് തോക്കില്‍ ഉപയോഗിച്ചത്. രണ്ട് കാലിബറിലാണ് അടല്‍ നിര്‍മിച്ചിരിക്കുന്നത്. 9x19എംഎം സായുധ സേനകള്‍ക്കും 0.32 കാലിബര്‍ ലൈസന്‍സ് ലഭിച്ച സാധരണക്കാര്‍ക്ക് വേണ്ടിയും. അടല്‍ തോക്കുകകള്‍ നിര്‍മിക്കാനുള്ള ഉത്പാദന യൂണിറ്റുകള്‍ ഉടന്‍ തുടങ്ങുമെന്ന് ആസ്റ്റര്‍ ഡിഫന്‍സ് പ്രൈവറ്റഡ് ലിമിറ്റഡ് അറിയിച്ചു. തോക്ക് രൂപകല്‍പ്പനയുമായി ബന്ധപ്പെട്ട് മൂന്ന് പേറ്റന്‍റുകള്‍ അങ്കുഷിന് ഇപ്പോള്‍ തന്നെയുണ്ട്.