ന്യൂഡല്‍ഹി: കര്‍ശന നിയന്ത്രണങ്ങള്‍ക്കിടയിലും തീവ്രത കുറയാത്ത കൊവിഡ് അതിവ്യാപനത്തില്‍ ആടിയുലയുകയാണ് രാജ്യത്തെ ആരോഗ്യ രംഗം. പ്രതിസന്ധി വര്‍ധിപ്പിച്ചു കൊണ്ട് തുടര്‍ച്ചയായ 8ാം ദിവസവും പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിന് മുകളില്‍ത്തന്നെ തുടരുന്നു. 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് പുതിയതായി കൊവിഡ് ബാധിച്ചത് 3,86,452 പേര്‍ക്ക്.
3,498 പേര്‍ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 2,08,330 ആയി. 31,70,228 പേരാണ് നിലവില്‍ രാജ്യത്ത് കൊവിഡ് ബാധിതരായിട്ടുള്ളത്. കൊവിഡ് പ്രതിദിന രോഗികളുടെ എണ്ണം ദിവസങ്ങള്‍ക്കുള്ളില്‍ നാല് ലക്ഷം കടക്കുമെന്നതിന്‍റെ ഉറച്ച സൂചനകളാണ് ഇപ്പോഴത്തെ കണക്കുകള്‍. അങ്ങനെയെങ്കില്‍ ഇപ്പോള്‍തന്നെ നിറഞ്ഞു കവിഞ്ഞ ആശുപത്രികളും ഓടിത്തളര്‍ന്ന ആരോഗ്യപ്രവര്‍ത്തരുമായി രാജ്യം കടക്കുന്നത് സമാനതകളില്ലാത്ത മനുഷ്യ ദുരന്തത്തിലേക്കാവും.
കൊവിഡ് വ്യാപന ഭീതിയില്‍ വാക്സിന്‍ സ്വീകരിക്കാനുള്ള തിരക്കും രാജ്യത്ത് വര്‍ധിക്കുന്നുണ്ട്, ഇത് വരെ 15,22,45,179 വാക്സിന്‍ ഡോസുകള്‍ രാജ്യത്ത് വിതരണം ചെയ്തു കഴിഞ്ഞു. പക്ഷെ രണ്ട് ഡോസുകളും സ്വീകരിച്ച് വാക്സിനേഷന്‍ പൂര്‍ണമാക്കിയവരുടെ എണ്ണം മൂന്ന് കോടിയില്‍ താഴെ മാത്രമാണെന്നത് വാക്സിന്‍ യജ്ഞത്തിന്‍റെ മെല്ലപ്പോക്ക് വ്യക്തമാക്കുന്നു. വാക്സിന്‍ വില നിര്‍ണയത്തില്‍ സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി ഇന്ന് നിര്‍ണായ സിറ്റിംഗ് നടത്തുകയാണ്. വിലനിയന്ത്രണത്തില്‍ മൂകസാക്ഷിയാകാനില്ലെന്ന് പ്രഖ്യാപിച്ച കോടതി നിലപാട് നിര്‍ണായകമാകും. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ കൊവിഡ് അവലോകന യോഗവും ഇന്ന് ചേരുന്നുണ്ട്. ഓക്സിജന്‍ പ്രതിസന്ധി, വാക്സിന്‍ ക്ഷാമം എന്നിവയാണ് മുഖ്യ ചര്‍ച്ചാ വിഷയം. വാക്സിന്‍ വിലയിലടക്കം വിവിധ ഹൈക്കോടതികളില്‍ നിന്നും സുപ്രീം കോടതിയില്‍ നിന്നും വിമര്‍ശനമുയര്‍ന്ന സാഹചര്യത്തില്‍ എന്തെങ്കിലും പുതിയ പ്രഖ്യാപനങ്ങളുണ്ടാകുമോയെന്നും രാജ്യം കാത്തിരിക്കുന്നു.
18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് നാളെ മുതല്‍ തുടങ്ങാനിരുന്ന വാക്സിനേഷന്‍ ഡ്രൈവും പ്രതിസന്ധിയിലാണ്. വാക്സിനേഷന്‍ നാളെത്തുടങ്ങാനാകില്ലെന്ന് മഹാരാഷ്ട്രയും മധ്യപ്രദേശും കേന്ദ്ര സര്‍ക്കാരിനെ അറിയിച്ച് കഴിഞ്ഞു. വാക്സിന്‍ ലഭ്യതയും വിലനിര്‍ണയത്തില്‍ അനിശ്ചിതത്വം തുടരുന്നതും എല്ലാവര്‍ക്കുമുള്ള വാക്സിനേഷന്‍ ഇനിയും വൈകിപ്പിച്ചേക്കാം. അതേസമയം സമ്മര്‍ദങ്ങളുയര്‍ന്നതോടെ വാക്സിന്‍റെ വില കുറയ്ക്കാന്‍ നിര്‍മാണ കമ്പനികള്‍ തയ്യാറായിരുന്നു.
കൊവിഡ് അതിവ്യാപന ഭീഷണി തുടരുന്നതിനാല്‍ മെയ് 31 വരെ കര്‍ശന നിയന്ത്രണങ്ങള്‍ വേണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 10 ശതമാനവും കടന്ന, ഐസിയു കിടക്കകള്‍ 60 ശതമാനവും നിറഞ്ഞ ജില്ലകളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കണമെന്നാണ് കേന്ദ്ര നിര്‍ദേശം. നേരത്തെ ടെസ്റ്റ് പോസിറ്റീവിറ്റി 15 ശതമാനം കടന്ന സ്ഥലങ്ങളില്‍ ലോക്ക്ഡൗണ്‍ വേണമെന്ന കേന്ദ്ര നിര്‍ദേശം തള്ളിയ കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നത് നിര്‍ണായകമാണ്.