ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർധന. ഇന്നലെ 3,095 കൊവിഡ് കേസുകൾ രേഖപ്പെടുത്തി. സജീവ കേസുകളുടെ എണ്ണം 15,208 ആയി വർധിച്ചു.
24 മണിക്കൂറിനുള്ളിൽ അഞ്ച് പേർ കൂടി മരിച്ചതോടെ ആകെ മരണങ്ങൾ 5,30,867 ആയി ഉയർന്നു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.61 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.91 ശതമാനവുമാണ്. ആകെ കൊവിഡ് കേസുകളുടെ എണ്ണം 4.47 (4,47,15,786) കോടിയായി രേഖപ്പെടുത്തി.
മന്ത്രാലയത്തിന്‍റെ വെബ്‌സൈറ്റിൽ പറയുന്നതനുസരിച്ച് സജീവമായ കേസുകൾ ഇപ്പോൾ മൊത്തം അണുബാധകളുടെ 0.03 ശതമാനമാണ്. രോഗം ഭേദമായവരുടെ എണ്ണം 4.41 കോടിയാണ് (4,41,69,711). കേസിലെ മരണ നിരക്ക് 1.19 ശതമാനമാണ്. രാജ്യവ്യാപകമായി ഇതുവരെ 220.65 കോടി കൊവിഡ് വാക്‌സിൻ ഡോസുകൾ നൽകിയിട്ടുണ്ട്.
കേരളത്തിൽ ജാഗ്രത നിർദേശവുമായി ആരോഗ്യമന്ത്രി: സംസ്ഥാനത്ത് കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ നിർദേശവുമായി ആരോഗ്യമന്ത്രി വീണ ജോർജ്. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ മുഴുവൻ ജില്ലകൾക്കും ആരോഗ്യ മന്ത്രി നിർദേശം നൽകി. കൊവിഡിനെ നേരിടുന്നതിനായി എല്ലാ ജില്ലകളും സർജ് പ്ലാനുകൾ തയ്യാറാക്കിയിട്ടുണ്ട്. സർജ് പ്ലാൻ അനുസരിച്ച് ചികിത്സ പ്രതിരോധ പ്രവർത്തനങ്ങൾ സ്വീകരിക്കണം.
രോഗികളുടെ എണ്ണം വർധിക്കുന്നതിനാൽ ചികിത്സയ്‌ക്കും വിശദമായ മാർഗ നിർദേശം നൽകി. ആർസിസി, എംസിസി, ശ്രീചിത്ര, സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിൽ കൊവിഡ് രോഗികൾക്കായി പ്രത്യേക കിടക്കകൾ മാറ്റിവയ്‌ക്കണം. സജ്ജമായ ഐസൊലേഷൻ വാർഡുകളിൽ കൊവിഡ് രോഗികളെ പ്രവേശിപ്പിച്ച് ചികിത്സ നൽകേണ്ടതാണ്. ആശുപത്രികളിൽ കടുത്ത ജാഗ്രത നിർദേശവും നൽകിയിട്ടുണ്ട്.
പൂർത്തിയാക്കാനുള്ള ഐസൊലേഷൻ വാർഡുകൾ എത്രയും വേഗം പ്രവർത്തന സജ്ജമാക്കാനും നിർദേശം. സ്വകാര്യ മേഖലയിലെ ആശുപത്രികൾ മുമ്പത്തെ പോലെ കൃത്യമായി കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യണമെന്നും ആരോഗ്യ മന്ത്രി നിർദേശിച്ചു. ആവശ്യകത മുന്നിൽ കണ്ട് പരിശോധന കിറ്റുകൾ, സുരക്ഷ സാമഗ്രികൾ എന്നിവ സജ്ജമാക്കാൻ കെഎംഎസ്‌സിഎല്ലിന് നിർദേശം നൽകിയിട്ടുണ്ട്. പ്രമേഹം, രക്തസമ്മർദം, തുടങ്ങിയ ജീവിതശൈലി രോഗങ്ങളുള്ളവരും ഗർഭിണികളും പ്രായമായവരും കുട്ടികളും പ്രത്യേകം ശ്രദ്ധിക്കാൻ നിർദേശമുണ്ട്.
പകർച്ച പനി വ്യാപനം: സംസ്ഥാനത്ത് പകർച്ച പനി ബാധിച്ചവരുടെ എണ്ണത്തിലും വലിയ വർധനവാണ്. പതിനായിരത്തോളം പേർ ദിവസവും പനി ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സക്കെത്തുന്നു എന്നാണ് ആരോഗ്യ വകുപ്പിന്‍റെ കണക്ക്. ഡെങ്കിപ്പനി, എലിപ്പനി എന്നിവയും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.
സംസ്ഥാനത്ത് കൊവിഡ് കേസുകളും പകർച്ചപ്പനി കേസുകളും കൂടുമ്പോഴും പരിശോധനകൾ കുറവാണെന്നാണ് ആരോപണം. കൊവിഡ് പരിശോധന വേണ്ട വിതത്തിൽ നടക്കുന്നില്ലെന്നാണ് പരാതി. പകർച്ചപ്പനി വ്യാപകമായതിനാൽ അതിനുള്ള ചികിത്സകളാണ് നൽകുന്നത്. ഇത് കൊവിഡ് വ്യാപനം രൂക്ഷമാക്കുമെന്നാണ് വിമർശനം.
60 വയസിന് മുകളിൽ ഉള്ളവർ പ്രത്യേകം ശ്രദ്ധിക്കണം: ഒരു മാസത്തിനിടെ ഉണ്ടായ 20 കൊവിഡ് മരണങ്ങളിൽ 60 വയസിന് മുകളിൽ പ്രായമുള്ളവരാണ് അധികവും. ഐസിയുവിൽ ചികിത്സയിൽ ഉള്ളവരിലധികവും പ്രായമുള്ളവരാണ്. അവരിൽ കൂടുതൽ പേർക്കും പ്രമേഹം, രക്തസമ്മർദം തുടങ്ങിയ ജീവിതശൈലി രോഗങ്ങളുള്ളവരാണ്.