ന്യൂഡൽഹി: രാജ്യത്ത് മൂന്നാം തരംഗത്തിൽ കൊവിഡ് കേസുകളിൽ കുറവ് വരുന്നു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2.09 ലക്ഷം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഞായറാഴ്‌ചയെ അപേക്ഷിച്ച് പുതിയ കേസുകളിൽ നേരിയ കുറവാണ് രേഖപ്പെടുത്തിയത്. കേസുകൾ കുറയുന്നുണ്ടെങ്കിലും കൊവിഡ് മരണങ്ങളിൽ വർധനവുണ്ടാകുന്നുണ്ട്.
24 മണിക്കൂറിനിടെ 959 മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്‌തത്. കഴിഞ്ഞ ആഴ്‌ചയേക്കാൾ 41% വർധനവാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന കൊവിഡ് മരണങ്ങളിൽ ഉണ്ടായിരിക്കുന്നത്. നിലവിൽ 18,31,268 സജീവ കൊവിഡ് കേസുകളാണ് രാജ്യത്തുള്ളത്.
94.37 ശതമാനമാണ് രോഗമുക്തി നിരക്ക്. 15.75 ആണ് പോസിറ്റിവിറ്റി നിരക്ക്. 16.4 ശതമാനമായിരുന്നു ഞായറാഴ്‌ച റിപ്പോർട്ട് ചെയ്‌ത പോസിറ്റിവിറ്റി നിരക്ക്.
1,64,59,69,525 കോടി ഡോസ് കൊവിഡ് വാക്‌സിൻ രാജ്യത്ത് വിതരണം ചെയ്‌തതായി കേന്ദ്രം
കൊവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി റാലികളുടെയും റോഡ്‌ഷോകളുടെയും നിരോധനം സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ ഇന്ന് അവലോകന യോഗം നടത്തും. രാഷ്‌ട്രീയ പാർട്ടികൾക്കും സ്ഥാനാർഥികൾക്കും പുതിയ ഇളവുകൾ നൽകുന്ന കാര്യത്തിലും തെരഞ്ഞെടുപ്പ് കമ്മിഷൻ യോഗത്തിൽ തീരുമാനമെടുത്തേക്കാം.
നേരത്തെ പൊതുറാലികൾക്കും റോഡ് ഷോകൾക്കും ഏർപ്പെടുത്തിയ നിരോധനം ജനുവരി 31 വരെ നീട്ടാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിച്ചിരുന്നു.
Also Read: പാർലമെന്‍റ് സമ്മേളനത്തിന് ഇന്ന് തുടക്കം; ബജറ്റ് നാളെ