ന്യൂഡല്‍ഹി: കിഴക്കൻ ലഡാക്കിലെ ഗോഗ്ര-ഹോട്‌സ്പ്രിംഗ്‌സ് ഏരിയയിൽ സൈന്യത്തെ പിന്‍വലിച്ച് ഇന്ത്യയും ചൈനയും. രണ്ടു വര്‍ഷത്തിലേറെയായി പട്രോളിങ് പോയിന്‍റ് 15 ലുണ്ടായിരുന്ന സൈന്യത്തെയാണ് ഇരു രാജ്യങ്ങളും പിന്‍വലിച്ചത്. ജൂലൈയിൽ നടന്ന ഉന്നതതല സൈനിക ചർച്ചകളുടെ 16-ാം റൗണ്ടിലാണ് തീരുമാനം.
കുറച്ചു ദിവസങ്ങൾ എടുത്താകും പൂർണ സൈനിക പിൻമാറ്റം സാധ്യമാവുക. ഇരു രാജ്യങ്ങളും സംയുക്ത പ്രസ്‌താവനയിലൂടെയാണ് സേന പിന്മാറ്റം സ്ഥിരീകരിച്ചത്. അതിർത്തി പ്രദേശങ്ങളിലെ സമാധാനത്തിന് പിന്മാറ്റം സഹായകമാകുമെന്നും പ്രസ്‌താവനയില്‍ പറയുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങും പങ്കെടുക്കുന്ന ഉസ്ബെക്കിസ്ഥാനിൽ നടക്കുന്ന ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷന്‍റെ (എസ്‌സിഒ) വാർഷിക ഉച്ചകോടിക്ക് ഒരാഴ്‌ച മുമ്പാണ് പിരിച്ചുവിടൽ പ്രഖ്യാപിച്ചത്. ഇരു നേതാക്കളും തമ്മിൽ ഉഭയകക്ഷി ചർച്ച നടന്നേക്കുമെന്നും സൂചനയുണ്ട്.