ന്യൂഡല്‍ഹി: കഴിഞ്ഞ വെള്ളിയാഴ്‌ച അരുണാചൽ പ്രദേശ് തവാങ് സെക്‌ടറിലെ ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോളില്‍ (എല്‍എസി) വച്ച് ഇന്ത്യന്‍ സൈന്യവും ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയും തമ്മില്‍ ഏറ്റുമുട്ടിയതായി അറിയിച്ച് ബന്ധപ്പെട്ട വൃത്തങ്ങള്‍. രണ്ട് സേനകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഇരുവശത്തും ഏതാനും പേര്‍ക്ക് നിസാര പരുക്കുകളുമുണ്ടായി. എന്നാല്‍ ഇതിന് ശേഷം ഇരുവിഭാഗവും പ്രദേശത്ത് നിന്ന് പിരിഞ്ഞുപോയതായി വൃത്തങ്ങള്‍ വ്യക്തമാക്കി.
സംഭവത്തിന്‍റെ പിന്നാലെ പ്രദേശത്ത് ശാന്തിയും സമാധാനവും പുനഃസ്ഥാപിക്കാന്‍ ഘടനാപരമായ സംവിധാനങ്ങൾക്കനുസൃതമായി പ്രശ്നം ചർച്ച ചെയ്യുന്നതിനായി ഇന്ത്യന്‍ കമാൻഡർ സഹപ്രവര്‍ത്തകരുമായി ഫ്ലാഗ് മീറ്റിങ് നടത്തിയിരുന്നു. ഏറ്റുമുട്ടലില്‍ പരുക്കേറ്റ ആറ് സൈനികരെ ചികിത്സക്കായി ഗുവഹാത്തിയിലേക്ക് കൊണ്ടുപോയതായും പിടിഐ റിപ്പോര്‍ട്ട് ചെയ്‌തു. അതേസമയം ഗാല്‍വാനിലുണ്ടായ ഏറ്റുമുട്ടലിന് ശേഷം ഇരു സേനയും തമ്മിലുള്ള ആദ്യ ഏറ്റുമുട്ടലാണ് വെള്ളിയാഴ്‌ചയുണ്ടായത്.
അഞ്ച് പതിറ്റാണ്ടുകള്‍ക്കിപ്പുറം 2020 ജൂണ്‍ 15നാണ് ഇന്ത്യ ചൈന സൈനികര്‍ തമ്മില്‍ ഗാല്‍വാനില്‍ മാരകമായ ഏറ്റമുട്ടലുണ്ടായത്. ഈ ആക്രമണത്തിന്‍റെ ഭാഗമായി 16 ബിഹാര്‍ റെജിമെന്റ് കമാൻഡിങ് ഓഫീസർ കേണൽ ബി.സന്തോഷ് ബാബു ഉൾപ്പെടെ 20 ഇന്ത്യൻ സൈനികർക്ക് പരിക്കേറ്റിരുന്നു. എന്നാല്‍ അരുണാചൽ പ്രദേശിലെ തവാങ് സെക്‌ടറിലെ എൽഎസിക്ക് സമീപമുള്ള ചില പ്രദേശങ്ങളിൽ ഇരു രാജ്യങ്ങളും തമ്മില്‍ വ്യത്യസ്‌ത ധാരണകളുള്ള മേഖലകളുണ്ട്. ഇവിടെ ഇരുപക്ഷവും അവരവരുടെ സ്ഥലങ്ങളില്‍ പട്രോളിങും നടത്തുന്നുണ്ട്. അതുകൊണ്ടു തന്നെ ഇവയെല്ലാം ഏറ്റുമുട്ടലിന് കാരണമാകാറുണ്ടെന്നും വൃത്തങ്ങള്‍ അറിയിക്കുന്നു.