ടൊറന്‍റോ : 41 നയതന്ത്രജ്ഞരെ ഇന്ത്യയില്‍ നിന്ന് തിരിച്ചുവിളിച്ച് കാനഡ. സിഖ് വിഘടനവാദി ഹര്‍ദീപ് സിങ് നിജ്ജാറിന്‍റെ (Hardeep Singh Nijjar) കൊലപാതകത്തോടെ ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം വഷളായ സാഹചര്യത്തിലാണിത് (India Canada bilateral relationship). കാനഡയുടെ നയതന്ത്ര ഉദ്യോഗസ്ഥര്‍ സ്ഥാനം ഒഴിയണമെന്ന് ഇന്ത്യ നിര്‍ദേശിച്ചിരുന്നു. അല്ലെങ്കില്‍ പ്രസ്‌തുത ഉദ്യോഗസ്ഥരുടെ ഔദ്യോഗിക പദവി ഏകപക്ഷീയമായി റദ്ദാക്കുമെന്ന് ഇന്ത്യ കാനഡയ്‌ക്ക് മുന്നറിയിപ്പും നല്‍കിയിരുന്നു(Canada removes diplomates from India). വെള്ളിയാഴ്‌ച (ഒക്‌ടോബര്‍ 20) വരെ സമയവും നല്‍കി.
ഇന്ത്യ നല്‍കിയ സമയം അവസാനിക്കാനിരിക്കെയാണ് കാനഡയുടെ നടപടി. ഇന്ത്യയിലെ തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചതായി കനേഡിയന്‍ വിദേശകാര്യ മന്ത്രി മെലാനി ജോളിയാണ് വ്യക്തമാക്കിയത്. ഇന്ത്യയില്‍ കാനഡയുടെ 62 നയതന്ത്ര ഉദ്യോഗസ്ഥരാണ് ഉള്ളത് (India Canada Diplomatic Row).
ഇവരില്‍ 41 പേരെയാണ് കാനഡ തിരിച്ചുവിളിച്ചത്. ഇന്ത്യയില്‍ തുടരുന്ന 21 കനേഡിയന്‍ നയതന്ത്രജ്ഞര്‍ക്ക് ഇളവ് നല്‍കിയതായും മെലാനി ജോളി പറഞ്ഞു. 41 നയതന്ത്രജ്ഞരുടെ പദവി ഏകപക്ഷീയമായി റദ്ദാക്കുമെന്ന് അറിയിച്ചതോടെ ഈ ഉദ്യോഗസ്ഥരുടെയും അവരുടെ കുടുംബത്തിന്‍റെയും സ്വകാര്യ സുരക്ഷ അപകടത്തിലാകുന്ന സാഹചര്യമായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, നയതന്ത്രപരമായ പ്രത്യേക അവകാശങ്ങള്‍ ഏകപക്ഷീയമായി റദ്ദാക്കുന്നത് അന്താരാഷ്‌ട്ര നിയമങ്ങള്‍ക്ക് വിരുദ്ധവും നയതന്ത്ര ബന്ധങ്ങളെ കുറിച്ചുള്ള ജനീവ കണ്‍വെന്‍ഷന്‍റെ ലംഘനവും ആണെന്ന് മെലാനി ജോളി തുറന്നടിച്ചിട്ടുമുണ്ട്. ഇന്ത്യയുടെ ഈ നീക്കം ഇരു രാജ്യങ്ങളിലെയും പൗരന്മാര്‍ക്കായുള്ള സേവനങ്ങളുടെ നിലവാരത്തെ ബാധിക്കുമെന്നും കനേഡിയന്‍ വിദേശകാര്യ മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. അവിടുത്തെ ഇന്ത്യന്‍ ഉദ്യോഗസ്ഥരേക്കാള്‍ കൂടുതലാണ് ഇവിടുത്തെ കനേഡിയന്‍ ഉദ്യോഗസ്ഥരെന്നും അതിനാല്‍ എണ്ണം കുറയ്‌ക്കണമെന്നും നേരത്തേ വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്‌ചി ആവശ്യപ്പെട്ടിരുന്നു. അതേസമയം ഇന്ത്യ സ്വീകരിച്ച നടപടിയ്ക്ക് പ്രതികാരം ചെയ്യാന്‍ കാനഡ ആലോചിക്കുന്നില്ലെന്ന് മെലാനി ജോളി വ്യക്തമാക്കി.
ഇക്കഴിഞ്ഞ ജൂണില്‍ കാനഡയില്‍ വാന്‍കൂവറിന് സമീപം സിഖ് നേതാവ് ഹര്‍ദീപ് സിങ് നിജ്ജാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ (Justin Trudeau) ആരോപിച്ചതോടെയാണ് ഇന്ത്യ-കാനഡ വാക്‌പോര് ആരംഭിക്കുന്നത്. ഒരു പ്രധാന സഖ്യകക്ഷി നല്‍കിയ രഹസ്യാന്വേഷണ വിവരത്തിന്‍റെയും കാനഡയിലെ ഇന്ത്യന്‍ നയതന്ത്രജ്ഞരെ നിരീക്ഷിച്ചതിന്‍റെയും അടിസ്ഥാനത്തില്‍ നിജ്ജാര്‍ വധത്തിലെ ഇന്ത്യയുടെ പങ്ക് തങ്ങള്‍ കണ്ടെത്തി എന്നായിരുന്നു കാനഡയുടെ ആരോപണം. എന്നാല്‍ ഇന്ത്യ കാനഡയുടെ ആരോപണം അപ്പാടെ തള്ളി. മാത്രവുമല്ല, ഇരു രാജ്യങ്ങളിലെയും നയതന്ത്രജ്ഞരെ പരസ്‌പരം പുറത്താക്കുന്നതിലേക്കും കനേഡിയന്‍ പൗരന്മാര്‍ക്കുള്ള വിസ ഇന്ത്യ റദ്ദാക്കുന്നതിലേക്കും വരെ പ്രശ്‌നം നീങ്ങി.
മുഖം മൂടി ധരിച്ച് തോക്കുമായി എത്തിയ സംഘമാണ് നിജ്ജാറിനെ കൊലപ്പെടുത്തിയത്. ഇന്ത്യയില്‍ ജനിച്ച് കനേഡിയന്‍ പൗരത്വമെടുത്തയാളാണ് നിജ്ജാര്‍. ഇയാള്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് വര്‍ഷങ്ങളായി ഇന്ത്യ പറയുന്നുണ്ടായിരുന്നു.
എന്നാല്‍ തനിക്കെതിരെ വന്ന ആരോപണങ്ങളെല്ലാം നിരസിക്കുകയാണ് നിജ്ജാര്‍ ചെയ്‌തത്. സ്വതന്ത്ര സിഖ് മാതൃഭൂമി ആവശ്യപ്പെടുന്ന ഖലിസ്ഥാന്‍ പ്രസ്ഥാനത്തിന്‍റെ പ്രധാന നേതാവ് കൂടിയായിരുന്നു ഇയാള്‍.